വടക്ക് ഐഎന്‍എല്ലിന്റെ കൂട്ടത്തല്ല്; പിന്നെ ഹരിതയെ പൂട്ടാന്‍ ‘ഓണത്തല്ലും’..!

ഓണമാണ്. കോവിഡ് മാനദണ്ഡമുള്ളതുകൊണ്ട് ഇക്കുറി തൃശൂരില്‍ പുലികളിയൊക്കെ ഓണ്‍ലൈനാണ്. 

എങ്കിലും ഓണത്തല്ല് ഓണ്‍ലൈനായി നടത്തണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഘടകകക്ഷിയായ ഐഎന്‍എല്ലിനെയാണ് ഓണത്തല്ലിന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. അവര്‍ അത് വൃത്തിക്ക് കാസര്‍കോട്ടുനിന്ന് തുടങ്ങിയിട്ടുണ്ട്. വടക്കുനിന്ന് തുടങ്ങുന്നതാണല്ലോ അതിന്‍റെയൊരു പതിവ്. അത് തെറ്റിക്കണ്ട എന്ന് ഐഎന്‍എല്ലും കരുതി അത്രേയുള്ളൂ. 

വരും ദിവസങ്ങളിലും  ഓണത്തല്ല് ഇതിലും മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് കാസിം ഇരിക്കൂര്‍ പക്ഷവും വഹാബ് പക്ഷവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത്രയും ഭംഗിയില്ലെങ്കിലും വലതുപക്ഷക്കാരുടെ വക ഓണത്തല്ലും സീസണില്‍ തുടങ്ങിയിട്ടുണ്ട്. മുസ്ലീം ലീഗിനാണ് ഇതിന്‍റെ ചുമതല. മൊത്തത്തില്‍ വടക്കന്‍ കേരളത്തില്‍ ഇത്തരത്തില്‍ തമ്മിലടിയുടെ വലിയ സീരീസ് നടക്കുകയാണെന്നു തോന്നുന്നു.

മുസ്ലീം ലീഗിന്‍റെ വിദ്യാര്‍ഥിനി സംഘടനയായ ഹരിതയാണ് ഓണത്തിന് വളരെ മുന്നേ ഈ കലാപ പരിപാടിക്ക് തുടക്കമിട്ടത്. ലീഗിന്‍റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എംഎസ്എഫ് നേതൃത്വം സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് നിലവിലെ വിഷയം. മുസ്ലിം ലീഗിന്‍റെ ഉള്‍പ്പാര്‍ട്ടി വിഷയത്തില്‍  വനിതകളുടെ സ്വരം ഉയരുന്നു എന്നത് താലിബാന്‍ വിഷയമൊക്കെ ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് വലിയ സംഭവം തന്നെയാണ്. ഇത്തരം സ്വരങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്തതിനാല്‍ ലീഗ് ആദ്യം ഒന്ന് പതറി. പിന്നെ നേരെയായി.ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. വിഡിയോ കാണാം.