മുഖ്യമന്ത്രി എഴുന്നേറ്റില്ല; സഭയ്ക്ക് പുറത്ത് സഭ കൂടി സതീശന്‍ ആന്‍ഡ് ടീം..!

നിമയമഭയില്‍ എന്തെങ്കിലുമൊക്കെ ചോദിക്കുന്നത് സത്യസന്ധമായ ഉത്തരം പ്രതീക്ഷിച്ചാണ്. അവിടെനിന്നു കിട്ടുന്നതൊക്കെ സത്യമാണെന്നാണ് ഒരു പൊതു വിശ്വാസവും. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന് പ്രതിപക്ഷത്തുനിന്ന് മാത്യു കുഴല്‍ നാടന്‍ ചോദിച്ചു. ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. മന്ത്രി ഇങ്ങനെ പറഞ്ഞത് പലരുടെയും ശ്രദ്ധയില്‍ പെട്ടു എന്ന് തിരിട്ടറിഞ്ഞോടെ ശ്രദ്ധയില്‍പ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അശ്രദ്ധ പറ്റിയതാണ് എന്ന് മന്ത്രി തിരുത്തി. എല്ലാം എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. അപ്പോള്‍ തുടങ്ങുകയാണ് ഇന്നത്തെ ഷോ. ശെ. ഇന്നത്തെ ഷോ എന്ന് പറയഞ്ഞാല്‍ ശരിയാകില്ല. കാരണം ഇന്നത്തെ ഷോ പ്രതിപക്ഷത്തിന്‍റെ വകയായിരുന്നല്ലോ.  

അപ്പോ പ്രേക്ഷകരുടെ ശ്രദ്ധ ആദ്യം നിയമസഭയിലേക്ക് ക്ഷണിക്കുകയാണ്. ആരും പേടിക്കണ്ട അവിടിരുത്തി ബോറഡിപ്പിക്കില്ല. ഒരല്‍പ്പ സമയം ഇരുന്നിട്ട് പിന്നീട് പുറത്ത് വരാം. അതാണ് ഇന്നത്തെ ദിവസത്തിന‍്റെ പ്രത്യേകത തന്നെ. മാലിക് സിനിമയില്‍ പലതും കടത്തുന്നത് കാണിക്കുന്നുണ്ട്. എന്നാല്‍ ആവര്‍ത്തിച്ച് ചിത്രം കണ്ടവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്താണ് അവര്‍ കടത്തിയത്. സമാന ചോദ്യം കേരളത്തില്‍ മറ്റൊരാളുമായി ബന്ധപ്പെട്ടും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി കള്ളക്കടത്ത് നടത്തിയന്ന് പ്രതിപക്ഷം പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായി. എന്താണ് കടത്തിയതെന്നു ചോദിച്ചാല്‍ ഉത്തരം ക്ലയറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന് ഉത്തരം കിട്ടി. മുഖ്യമന്ത്രി ഡോളറാണ് കടത്തിയത്. സംഗതി ഡോളറാണെങ്കിലും ഈ വിഷയം അമേരിക്കന്‍ പാര്‍ലമെന്‍റില്‍ കൊണ്ട് ചര്‍ച്ച ചെയ്യാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് പതിവ് ശീലത്തില്‍ ഇവിടെ നമ്മുടെ നിയമസഭയില്‍ പ്രതിപക്ഷം ഡോളറിന്‍റെ ചാക്കഴിച്ചു. അടിയന്തിര പ്രമേയം. പക്ഷേ വിദേശ കറന്‍സി വിനിമയം ഇവിടെ ചര്‍ച്ച ചെയ്യണ്ട വിഷയമല്ലല്ലോ എന്ന ലൈനില്‍ സര്‍ക്കാര്‍. പതിവനുസരിച്ച് ഇനി മുഖ്യമന്ത്രി എഴുന്നേല്‍ക്കും. മറുപടി പറയും. പ്രതിപക്ഷം തിരിച്ചു പറയും. ബഹളമാകും. നിക്കണോ പോണോ എന്ന് ചോദിക്കും. പുറത്തേക്ക് പോകുന്നു എന്നു പറഞ്ഞ് കാന്‍റീനില്‍ പോകും. കഴിക്കും. കറങ്ങി സൊറ പറഞ്ഞ് നടക്കും എപ്പോളേലും തിരിച്ചു കയറും. പക്ഷേ ഇത്തവണ ആകെ ഒരു പുതുമ. മുഖ്യന്‍ എഴുന്നേറ്റില്ല. പകരം നിയമമന്ത്രി മൈക്കെടുത്തു. ഡോളര്‍ കടത്തുന്നതിനേക്കാള്‍ വലിയ കുറ്റമാണ് അത് സഭയില്‍ ചോദിക്കുന്നത് എന്ന ലൈനില്‍ നിയമവശം പറഞ്ഞു. വിഡിയോ കാണാം.