അരി വാങ്ങാനും വാക്സീന്‍‌; ലോക്ഡൗണ്‍ പരിഷ്കാരം എന്ന ആന മണ്ടത്തരം..!

ഇതാണവസ്ഥ. എല്ലാവരോടും കടയ്ക്ക് പുറത്തുപോവാന്‍ പറഞ്ഞിരിക്കുന്നു നമ്മുടെ ഇടതുപക്ഷ സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ ജനപ്രിയ പരിപാടികളുടെ കൂട്ടത്തിലേക്ക് മറ്റൊരു പൊന്‍തൂവല്‍‌ കൂടി. നമ്മള്‍ കേരളക്കാരുടെ ഒരു ഭാഗ്യം നോക്കണേ... ലോകത്ത് കോവിഡ് വാക്സിനൊക്കെ സമ്പൂര്‍ണമായി വിതരണം ചെയ്യപ്പെട്ട രാജ്യങ്ങളെപ്പോലെയാണ് ഇവിടുത്തെ പുതിയ കോവിഡ് പ്രോട്ടോകോള്‍. സഭയില്‍ ആദ്യം ആരോഗ്യമന്ത്രിയാണ് പുതുപുത്തന്‍ ഇളവുകള്‍ വരാന്‍ പോകുന്നത് ആദ്യം മാലോകരെ അറിയിച്ചത്.  

അതായത് ഈ പറഞ്ഞപോലെ കടയിലൊക്കെ പോകണമെങ്കില്‍ വാക്സിന്‍ എടുത്തവരും കോവിഡ് പോസിറ്റീവ് ആയിട്ട് ഒരു മാസം കഴിഞ്ഞവരും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫക്കറ്റും ഒക്കെ ഉണ്ടെങ്കില്‍ നല്ലത്. അത്രയേയുള്ളു. അല്ലാതെ നിര്‍ബന്ധമില്ല. പക്ഷേ മന്ത്രിയുടെ സഭയിലെ റീഡിങ് കഴിഞ്ഞ തികച്ച് പത്തുമണിക്കൂര്‍ ആയില്ല, ചീഫ് സെക്രട്ടറിക്ക് തോന്നി ഇതൊക്കെ നിര്‍ബന്ധമാക്കിയാലോ എന്ന്. സംഗതി പെട്ടു. 

വെറും അബദ്ധമല്ല, ആന മണ്ടത്തരം. ഒന്നുകില്‍ ഇവരൊക്കെ വേറെ എന്തോ ആലോചിച്ച് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ആവണം. ഇനിയിപ്പോ അങ്ങനെ തയ്യാറാക്കിയാലും ഈ സര്‍ക്കാരിലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒക്കെ അത് വായിച്ചാ മനസിലാകുന്ന വകതിരിവ് ഒക്കെ ഉണ്ടെന്നാണല്ലോ നമ്മുടെ പ്രതീക്ഷ. എല്ലാം പോയി.

പിണറായ സര്‍ക്കാര്‍ 2.0 വേര്‍ഷന് ചെറിയ ചില കുഴപ്പങ്ങളുണ്ട്. ആരാണ് ഭരിക്കുന്നത് എന്ന കാര്യത്തില്‍ ഒരുവ്യക്തതയില്ല എന്നൊരു സിംപിള്‍ കുഴപ്പം. ഇതിപ്പോ കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരം വകുപ്പ് എങ്ങനെയായിരുന്നോ അതുപോലെ ആയിട്ടുണ്ട് മൊത്തത്തില്‍ ഉള്ള ഭരണം. ഇപ്പോഴാണ് ശരിക്കും ആ ക്യാപ്റ്റന്‍ എന്നുള്ള വിളി അന്വര്‍ഥമായത്. വിഡിയോ കാണാം.