സതീശനും കൂട്ടരും രണ്ടും കൽപ്പിച്ച്; ശിവൻ കുട്ടിയെ കാണാനുമില്ല

രണ്ടുമൂന്നുദിവസമായി നിയമസഭയിലാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട നേതാക്കളൊക്കെ ഭരണപ്രതിപക്ഷം ഒന്നടങ്കം ഹാജരാവുന്ന സ്ഥലമായതുകൊണ്ട് എന്നും നമുക്കുള്ള വിഭവങ്ങള്‍ സുഭിക്ഷമായി ലഭ്യമാകുന്നുണ്ട്. ഇന്നും നേരെ അങ്ങോട്ടാണ്. നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ആവശ്യത്തിന് വാങ്ങിക്കൂട്ടിയ സ്ഥിതിക്ക് വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ രാജിവയ്പ്പിച്ചേ അടങ്ങൂ എന്ന വാശിയൊക്കെ പ്രതിപക്ഷം കാണിക്കുന്നുണ്ട്.

വാശി കാണിച്ച സ്ഥിതിക്ക് അപ്പുറത്ത് പിണറായി വിജയന്‍ ആയതുകൊണ്ട് ഇക്കാര്യത്തില്‍ രാജി ഉണ്ടാവില്ലെന്ന് കരുതാം. കാരണം വാശി പിടിപ്പിച്ചാല്‍ അതിനെതിരെ സുപ്രീം കോടതിവരെ പോകുന്ന ആളാണ് സഖാവ്. ഇന്ന് പക്ഷേ സഭ ചേരേണ്ട താമസം ചോദ്യോത്തരവേളയെന്നൊന്നും നോക്കീല. സതീശേട്ടനും കൂട്ടരും രണ്ടും കല്‍പിച്ചായിരുന്നു.

സഭയില്‍ മാത്രമല്ല, പുറത്തും രാജി ആവശ്യപ്പെട്ട് സമരം എന്നാണ് പ്രഖ്യാപനം. എത്രയും വേഗം ലോക്ഡൗണ്‍ പ്രഖ്യാപിക്കലാവും ഇനിയുള്ള വഴി. വല്ല കുട്ടി വേവ് എന്നൊക്കെ പറഞ്ഞാമതി. ഒരു കാരണവശാലും സമരം നടക്കാന്‍ പാടില്ല. ശിവന്‍കുട്ടിയണ്ണന്‍ ഇപ്പോഴും സഭയില്‍ മിസ്സിങ്ങാണ്.

ഇതൊന്നും നേരിട്ടു കേള്‍ക്കേണ്ട ഗതികേടുണ്ടായില്ല എന്നുകരുതി ആശ്വസിക്കാം. പക്ഷേ ആരോഗ്യസ്ഥിതി അത്രപോരെന്നും പറഞ്ഞ് റെസ്റ്റിലാണ് അണ്ണന്‍. അണ്ണന്‍ ഇതൊന്നും കേട്ട് പേടിക്കേണ്ട കെട്ടോ. 

അല്ലെങ്കിലും ഈ സതീശന്‍ ചേട്ടനൊക്കെ എന്തൊരു സാഡിസ്റ്റാണ്. ശിവന്‍കുട്ടി അണ്ണനെയൊക്കെ അന്നത്തെ സംഭവം ഒക്കെ പറഞ്ഞ് വീണ്ടും വീണ്ടും അപമാനിക്കുവാന്നോ? ഒന്നാമത് എന്തെങ്കിലും എടുത്ത് ചാടി ചെയ്തതിനു ശേഷം മാത്രം അതേക്കുറിച്ച് ആലോചിക്കുന്ന ആളാണ് നമ്മുടെ അണ്ണന്‍. നിഷ്കളങ്ക മനസാണ്. അതുകൊണ്ടല്ലേ കുട്ടികളുടെ വിദ്യാഭ്യാസം നോക്കാന്‍ ഏല്‍പ്പിച്ചതുതന്നെ. പേരിലും കുട്ടിയുണ്ട്.

കാണാം തിരുവാ എതിർവാ...