ആരും നിഷേധിക്കാത്ത വകുപ്പ് വിഭജന കഥകൾ..!ചിരിക്കാനും വക..!

മന്ത്രിമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ വകുപ്പുകള്‍ സംബന്ധിച്ച കിംവദന്തികള്‍ തലസ്ഥാനത്തുനിന്ന് പെയ്തിറങ്ങിയ ദിനമാണ്. ചിരിക്കാനുള്ള ചില വകുപ്പുകളും മാധ്യമങ്ങള്‍ പ്രഖ്യാപിച്ച മന്ത്രിസ്ഥാനങ്ങളിലുണ്ട്. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ഒരു കളിയാകുമ്പോള്‍ ഒരു ടീം മാത്രം പോരല്ലോ. എതിര്‍ടീമും വേണമല്ലോ. അവര്‍ക്കും ഒരു ക്യാപ്ടന്‍ വേണമെല്ലോ. ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനായുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. നാളെയും തുടരും. 

മന്ത്രിമാരുടെ പ്രഖ്യാപനത്തിലൂടെ അണികളെ തന്നെ ഞെട്ടിച്ച പിണറായി വിജയന്‍ തന്‍റെ ടീമംഗങ്ങള്‍ക്കുള്ള പൊസിഷനുകള്‍ നിര്‍ണയിക്കുന്നത് രഹസ്യമായി തുടരുകയാണ്. വണ്ടിയുന്താന്‍ ഞാന്‍ മാത്രം മതിയെന്ന നിലപാടിലാണ് രണ്ടാം പിണറായിയെങ്കിലും ഭരണഘടന അതിനനുവദിക്കുന്നില്ല. രണ്ടാം പിണറായി തരംഗത്തില്‍  പഴയ ആരോഗ്യമന്ത്രിക്ക് ഗുരുതര പരിക്ക് എന്നൊക്കെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതിലൊന്നും പതറാതെ മുന്നോട്ടു പോവുകയാണ് പിണറായി വിജയന്‍. മുഖ്യനും പാര്‍ട്ടിയും രഹസ്യമാക്കി വച്ചിരിക്കുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ ചോര്‍ത്താന്‍ ആരോഗ്യപരമായ ഒരു മല്‍സരം തന്നെ ഇന്ന് എകെജി സെന്‍ററിന് മുന്നില്‍ നടന്നു. ആരും തലകുലുക്കി സമ്മതിച്ചിട്ടില്ലാത്ത, എന്നാല്‍ നിഷേധിച്ചിട്ടില്ലാത്ത വകുപ്പു വിഭജന കഥകളാണ് ആദ്യം പറയാന്‍ പോകുന്നത്. ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെ മുങ്ങിയ എ വിജയരാഘവന്‍ സഖാവ് എകെജി സെന്‍റര്‍ പരിസരത്തുണ്ടെന്നറിഞ്ഞ് വലയുമായി പായുകയാണ് നമ്മള്‍. കുടുങ്ങുവോ എനേതോ

മുഖ്യന്‍ പിണറായിയാണ് എന്നതില്‍ മാത്രമാണ് സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും ആകെ ഉറപ്പുള്ളത്. മന്ത്രിസഭയില്‍ സ്വന്തം ആരോഗ്യം കാക്കാന്‍ കഴിയാതിരുന്ന ആരോഗ്യമന്ത്രിയുടെ നാട്ടില്‍ മന്ത്രിപദവി കിട്ടിയ ഒരു എംഎല്‍എയും നാളെ സത്യപ്രതിജ്ഞ ചെയ്യും വരെ സുരക്ഷിതരല്ല. നിലവിലെ കണക്കെടുപ്പു പ്രകാരം കേരളത്തിന്‍റെ വരും കാല കണക്കുകള്‍ നോക്കുക കെ എന്‍ ബാലഗോപാലാണ്. തോമസ് ഐസക്കിന്‍റെ പിന്‍ഗാമിയാകാന്‍ മാനസികമായി ബാലഹോപാല്‍ തയ്യാറെടുത്തു കഴിഞ്ഞു. പക്ഷേ പുറത്തു കാട്ടാനാകില്ല. കാട്ടിയാല്‍ ചിലപ്പോള്‍ കണക്കുകൂട്ടലുകള്‍ പിഴക്കും