കട്ടപ്പുറത്തെ കെഎസ്ആർടിസി; രക്ഷിക്കാൻ 'ആക്ഷൻ ഹീറോ ബിജു'; പണിയാകുമോ..?

കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസിയെ ഗട്ടറില്‍ വീഴാതെ സ്പീഡില്‍ ഓടിക്കുന്ന പരുവത്തിലാക്കുമെന്ന് എംഡി ബിജു പ്രഭാകര്‍ പ്രഖ്യാപിച്ചു. അതിനുള്ള പണിയും തുടങ്ങി. പക്ഷേ ആ വണ്ടിക്ക് വട്ടംവയ്ക്കാന്‍ കോര്‍പ്പറേഷനില്‍ത്തന്നെ ധാരാളം പേരുണ്ട്. അതുകൊണ്ട് കാലങ്ങളായി റിവേഴ്സില്‍ ഓടുന്ന ഈ വണ്ടിയുടെ ഭാവിയോര്‍ത്ത് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

ആനവണ്ടിയെന്നാണ് കെഎസ്ആര്‍ടിസിയെ എല്ലാവരും പൊതുവെ വിളിക്കുന്നത്. ഈ ആനയെ നിയന്ത്രിക്കുന്ന ചങ്ങലകളാണ് തൊഴിലാളികള്‍. അവരെ നിയന്ത്രിക്കുന്ന ചങ്ങലകളാണ് തൊഴിലാളി സംഘടനകള്‍. ആനക്ക് മദമിളകിയാല്‍ ചങ്ങലക്കിടാം. പക്ഷേ ഈ ചങ്ങലകളില്‍ ചിലതിന് മദമിളകിയാലോ. കാലങ്ങളായി ഈ ഗതാഗത സംവിധാനത്തിന്‍റെ സ്റ്റിയറിങ്ങ് ചില വേന്ദ്രന്മാരുടെ കൈയ്യിലാണ്. അവരുടെ മികച്ച ഡ്രൈവിങ്ങിന്‍റെ ഫലമായി കെഎസ്ആര്‍ടിസി കൊക്കയില്‍ വീണ അവസ്ഥയിലും. എന്നാല്‍ എംഡി ബിജു പ്രഭാകര്‍ ചില്ലറക്കാരനല്ല. ഇതിലും വലുത് കണ്ടവനാണ്. അതുകൊണ്ട് കെഎസ്ആര്‍ടിസിയെ നേര്‍ വഴിയേ നയിക്കാനാണ് തീരുമാനം

ആക്ഷന്‍ ഹീറോ ബിജുവിന്‍റെ പ്രകടനമാണ് ഇനി. സാധാരണ ബജറ്റ് സമയത്ത് വിലകുറയുന്നവ വില കൂടുന്നവ എന്നിവക്കൊപ്പം നമ്മള്‍ തിരയുന്ന കാര്യമാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ എത്ര നല്‍കി, അവരുടെ എത്രകടം എഴുതിത്തള്ളി എന്നത്. എന്നാല്‍ ഇക്കുറി ധനമന്ത്രി ആ വണ്ടിക്ക് കയറിയില്ല. പകരം ഐസക് ബിജു പ്രഭാകറിനോട് വണ്ടിയുടെ നിയന്ത്രണമേല്‍ക്കാന്‍ പറഞ്ഞു. സാധാരണ പണിയൊന്നുമില്ലാതെ നടക്കുന്ന ഒരാള്‍ ഏറ്റവുംഎളുപ്പത്തില്‍ വരുമാനത്തിനായി ചെന്നുന്നതാണ് ഈ വണ്ടിക്കളി. ലക്ഷക്കണക്കിനാളുകള്‍ ഇതിലൂടെ രക്ഷപെട്ടിട്ടുമുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി മാത്രം ഇന്നും അന്നന്നത്തെ ജീവിതത്തിനായി കൈനീട്ടുകയാണ്. കഷ്ടപ്പാടിന്‍റെ ടണ്‍കണക്കിന് കഥയാണ് വണ്ടിക്ക് ലഗേജായുള്ളത്. 

കെഎസ്ആര്‍ടിസി എന്ന ആനയുടെ പാപ്പാന്മാര്‍ വഴിതെറ്റിനടക്കുന്നതിനാല്‍ അതിന് സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഹാരമാണ് സിഫ്റ്റ്.  കെഎസ്ആര്‍ടിസിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറുകമ്പനിയാണ് ഈ ഐറ്റം. ദീര്‍ഘൂര ബസുകളുടെ നടത്തിപ്പ് ഇവരായിരിക്കും. സര്‍ക്കാര്‍ ജോലിയുടെ സുഖം അങ്ങ് പോകും. പണിയെടുത്തില്ലെങ്കില്‍ പണികിട്ടും

അതാണ്. ലോട്ടറിയുടെ നടത്തിപ്പ് മന്ത്രി തോമസ് ഐസക് ഏല്‍പ്പിച്ചത് ബിജു പ്രഭാകറിനെയായിരുന്നു. അത് വെടിപ്പായി ചെയ്തപ്പോള്‍ അടുത്ത പണി ഏല്‍പ്പിച്ചു. ബിജുവിന്‍റെ വഴിയില്‍ ചില പിന്തിരിപ്പന്‍ തൊഴിലാളികളും അവരെ സഹായിക്കുന്ന ചില സംഘടനകളുമുണ്ട്. വഴീന്ന് മാറിയാല്‍ വണ്ടി തട്ടാതെയിരിക്കും. അല്ലെങ്കില്‍ പണി പാളും. ഈ ലൈനിലാണ് എംഡിയുടെ പോക്ക്. അതുകൊണ്ട് മുന്നില്‍ ചാടാതിരിക്കുന്നതാണ് നല്ലത്. പിന്നെ ബിജുവിന്‍റെ ചില ഡയലോഗുകള്‍ കേട്ട കേന്ദ്ര സര്‍ക്കാര്‍ ഇവിടെ നിന്ന് കൊത്തിക്കോണ്ടുപേകേണ്ടവരുടെ ലിസ്റ്റില്‍ പ്രഥമ പട്ടികയില്‍ ഈ പേര് ഉള്‍പ്പെടുത്തിക്കാണും