പണി കാത്തിരിക്കുന്നവർക്ക് എട്ടിന്റെ 'പണി' കൊടുത്ത് 'പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍'

പരസ്പരം പണികൊടുക്കുന്ന തിരക്കുകള്‍ക്കിടയില്‍  നാട്ടുകാര്‍ക്ക് പണികൊടുത്തതിന്‍റെ കണക്ക് പ്രതിപക്ഷവും ഭരണപക്ഷവും പറയുന്ന ഈ സാഹചര്യത്തില്‍ നമ്മളും പണി തുടങ്ങുകയാണ്. സ്വാഗതം തിരുവാ എതിര്‍വാ

സര്‍ക്കാരുകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. അവരുടെ അവസാനകാലമെന്നത് നിയമനങ്ങളുടെ ശീഘ്രകാലമാണ്. അപ്പോള്‍ ജോലിക്കായി പരീക്ഷയുമെഴുതി കാത്തിരിക്കുന്നവരോര്‍ക്കും ഇപ്പോള്‍ പണി കിട്ടും എന്ന്. ശരിയാണ്. നിങ്ങള്‍ക്കൊക്കെ പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ജോലി ലഭിക്കണമെങ്കില്‍ പരീക്ഷയുടെ റാങ്ക് മികവ് പോരാ. സെക്രട്ടറിയേറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമൊക്കെയായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ധാരാളമാണ്. അതോടെ അവിടേക്കുള്ള മുന്‍വാതിലുകള്‍ അടച്ചു. ഇപ്പോള്‍ പിന്‍വാതിലാണ് തുറന്നിട്ടിരിക്കുന്നത്. ഈ പിന്‍വാതിലിന് ഒരു പ്രശ്നമുണ്ട്. അടുപ്പക്കാര്‍ക്കുമാത്രമേ അതിലേ പ്രവേശനമുള്ളൂ. അതാണല്ലോ നാട്ടുനടപ്പ്. പിണറായി സര്‍ക്കാരും ആ നാട്ടുനടപ്പ് പാലിക്കുന്നു. അത്രേയുള്ളൂ

അതെ കടുംവെട്ട്. മൂടോടെ വെട്ടാന്‍ നിര്‍ത്തിയിരിക്കുന്ന റബര്‍ മരത്തില്‍ നിന്ന് നാലും അ‍്ചും പട്ടയിട്ട് ഉള്ള കറ ഊറ്റിയെടുക്കുന്ന ഏര്‍പ്പാട്. ഉടമസ്ഥന്‍റെ ചാകരക്കാലം. മുന്നും പിന്നും നോക്കാതെ പണിയറിയാത്തവര്‍ക്കുവരെ പ്രയോഗങ്ങള്‍ നടത്താന്‍ പറ്റിയ സമയം. അമ്മാതിരി വെട്ടിന്‍റെ തിരക്കിലാണ് സര്‍ക്കാരെന്നാണ് പ്രതിപക്ഷം പറയുന്നത്. മുന്‍പ് വെട്ടി പരിചയമുള്ളതുകൊണ്ട് അവര്‍ പറയുന്നതിന് ചെവി കൊടുക്കണം. അനുഭവത്തില്‍ നിന്നുകൂടിയുള്ള തിരിച്ചറിവായിരിക്കുമല്ലോ

പണ്ടൊക്കെ പി എസ് സി ആണ് തൊഴില്‍ നല്‍കുന്നത്. ഇന്നും അത് PSC തന്നെ. പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍. ഈ കണ്ടെത്തലുമായാണ് ഷാഫി പറമ്പില്‍ സഭയിലെത്തിയത്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന ഇടതന്മാരൊക്കെ പലവഴിക്ക് തൊഴില്‍ കീശയിലാക്കുന്നത് കണ്ടിട്ടാണ് ഷാഫി അടിയന്തര പ്രമേയവുമൊയെത്തിയത്. ഇതിന് അടിയന്തിര പ്രാധാന്യമില്ല എന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. അല്ലെങ്കിലും പണി വേണ്ടവന് മാത്രമാണല്ലോ ഇതൊക്കെ അടിയന്തിരം.