ശത്രുക്കള്‍ക്കുപോലും ഗവർണറുടെ ഈ ഗതിവരുത്തരുതേ...!

ശത്രുക്കള്‍ക്കുപോലും ഈ ഗതിവരുത്തരുതേ എന്നു മാത്രമാണ് ഗവര്‍ണറുടെ കാര്യമോര്‍ക്കുമ്പോള്‍ പറയാന്‍ തോന്നുന്നത്. അല്ലെങ്കിലും പണ്ടുമുതലേ ഗവര്‍ണര്‍ എന്നത് ഒരു മരപ്പാവ കളിയാണ്. സര്‍ക്കാരിന്‍റെ മകുടിക്കനുസരിച്ചു കളിക്കുന്ന ഒരു ഇടപാട്. അതങ്ങനെയല്ല എന്ന  തോന്നലൊക്കെ മലയാളിക്കുണ്ടായത് ആരിഫ് മുഹമ്മദ് ഖാന്‍ വന്നപ്പോളാണ്. അമീര്‍ഖാന്‍ സല്‍മാന്‍ ഖാന്‍  ഷാറുഖ് ഖാന്‍ തുടങ്ങിയ ഖാന്‍മാര്‍ക്ക് കട്ട ഫാന്‍സുള്ള നാടാണ് നമ്മുടേത്. അഭിനയത്തിന് പുറത്തുള്ള ചില മറ്റ് കാരണങ്ങളാല്‍ ആ ഖാന്‍മാരോട് ആരാധന തോന്നാത്തവരായ മോദി ഫാന്‍സിന് കാത്തിരുന്നു കിട്ടിയ ആരാധനാ പാത്രമാണ് ആരിഫ് മുഹമ്മദ് ഖാന്‍. പക്ഷേ ആ ഫാന്‍സിന്‍റെ മുമ്പില്‍ സങ്കടത്തോടെ സമര്‍പ്പിക്കുകയാണ് ഇന്നത്തെ എപ്പിസോഡ്. സ്വാഗതം. 

അങ്ങനെ യുദ്ധസമാനമായ പരിസരത്തുനിന്ന് അതായത് കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും തമ്മിലുള്ള ആ പരിപാടി തന്നെ, അത്തരം പരിസരത്തുനിന്നുകൊണ്ടാണ് ഇന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താന്‍ സഭയിലെത്തിയത്. ഒന്നാമത് കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമത്തിനെതിരെ കേരളസഭ പ്രമേയം അവതരിപ്പിച്ച് രാജേട്ടന്‍റെ വരെ പിന്തുണയോടെ പാസാക്കിയത്. ഇതിന് കട്ട ഒടക്കുമായി നിന്ന ആളായിരുന്നു ഗവര്‍ണര്‍. പലവട്ടം സമീപിച്ചിട്ടാണ് സഭ തന്നെ ചേരാന്‍ സമ്മതിച്ചത്. ആ നിലയ്ക്ക് ഇന്ന് നയപ്രഖ്യാപനത്തില്‍ ചിലതൊക്കെ പ്രതീക്ഷിച്ചു. തുടക്കം തൊട്ടേ വ്യത്യസ്തത ഫീല്‍ ചെയ്തിരുന്നു. പ്രത്യേകിച്ചും ഗവര്‍ണറുടെ വേഷഭൂഷാദികളില്‍. മാറ്റത്തിന്‍റെ തുടക്കം അവിടെവച്ചാണ്. വേഷം കെട്ടാന്‍ നില്‍ക്കുന്ന ആളല്ല ഈ ഗവര്‍ണര്‍ എന്നു കരുതിയിരുന്ന ഖാന്‍ ആരാധകരുടെ അവസ്ഥ ഓര്‍ക്കാന്‍ മേല

ഇതിനുമുമ്പ് സിഎഎ സമരം ശക്തികൊണ്ട സമയത്തായിരുന്നു മറ്റൊരു നയപ്രഖ്യാപനം വന്നത്. അന്നാ വിഷയത്തിലും നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കിയതാണ് കേന്ദ്രസര്‍ക്കാരിനെതിരെയും നിയമത്തിനെതിരേയും. ശേഷം വന്ന നയപ്രഖ്യാപനത്തില്‍ സിഎഎ നിയമത്തെ തള്ളിപ്പറയുന്ന ഭാഗം തന്‍റെ സപ്പോര്‍ട്ട് ഇല്ലെന്ന് പ്രത്യേകം എടുത്തുപറഞ്ഞാണ് ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചത്. പക്ഷേ ഇന്ന് അങ്ങനെയൊന്നും ഉണ്ടായില്ല. ആദ്യവരി തൊട്ട് അവസാനവരി വരെ ഒറ്റവായനയായിരുന്നു. പക്ഷേ ഈ നയപ്രഖ്യാപന സമ്മേളനത്തിന്‍റെ എതിരാളികള്‍ പ്രതിപക്ഷമായിരുന്നു. അവര്‍ നടുത്തളത്തിലിറങ്ങി. ബഹിഷ്കരിച്ചു.

സ്വര്‍ണക്കടത്ത് കേസും ഡോളര്‍ കേസുമൊക്കെയായി കൊടുമ്പിരി കൊണ്ടനേരമാണ്. സ്പീക്കര്‍ വരെ കേസില്‍ പെട്ടെന്നും കേള്‍ക്കുന്നു. അപ്പോ പ്രതിപക്ഷ ബഹളം സ്വാഭാവികം. ഇതിനൊക്കെ പുറമേ ഗവര്‍ണര്‍ വായിച്ചത് മുഴുവന്‍ പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നത് പോട്ടെ, കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതും കൂടിയായി. അപ്പോഴാണ് യുഡിഎഫ് വരെ ബഹിഷ്കരിച്ച സഭയില്‍ ബിജെപിയുടെ ഏകാംഗപോരാളി ഒ. രാജഗോപാലേട്ടനെ തിരഞ്ഞത്. അല്ല, രാജേട്ടന്‍ എന്തുചെയ്യാണെന്ന് അറിയണമല്ലോ. കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കിയപ്പോള്‍ പിന്തുണയ്ക്കുകയും പിന്നീട് വാര്‍ത്തകുറിപ്പിറക്കി തിരുത്തുകയും ചെയ്ത ആള്‍ക്ക് വീണ്ടുമൊരു അവസരം വന്നിരിക്കുകയാണ്. സഭയെ എതിര്‍ക്കാനും സര്‍ക്കാരിനെ തള്ളിപ്പറയാനും. അതുകൊണ്ട് രാജ്യം ആവശ്യപ്പെടുന്നുണ്ട്. അറിയാനാഗ്രഹിക്കുന്നുണ്ട്. രാജേട്ടന്‍ എവിടെയാണ്?

വിയോജനമൊന്നും അറിയിക്കാതെ നല്ല അച്ചടക്കത്തോടെ നല്ല കുട്ടിയായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം കടുകമണിപോലും വ്യത്യാസമില്ലാതെ വായിക്കാന്‍ എങ്ങനെയാണ് ആരിഫ് മുഹമ്മദ് ഖാനെ കൊണ്ട് സാധിച്ചതെന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ പിണറായി ഫാന്‍സിനെ സംബന്ധിച്ച് ഇതിലൊന്നും രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമേയില്ല. വളരെ സിംപിളാണ്. 

പക്ഷേ സങ്കല്‍പം ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിപക്ഷ ബഹളത്തിനിടയ്ക്ക് ഗവര്‍ണര്‍ ഇടക്കിടെ ഒരു കാര്യം പറയുന്നുണ്ടായിരുന്നു. ഭരണഘടന അനുസരിച്ചുള്ള ഒരു പരിപാടിയാണ്. അത് ചെയ്യാന്‍ അനുവദിക്കണമെന്ന്. 

പ്രതിപക്ഷം ഇതിനെ വ്യാഖ്യാനിച്ചത് കൊള്ളാം. സിപിഎം ന്യായീകരണ പ്രവര്‍ത്തകരെ കണ്ടുപഠിച്ചതിന്‍റെ അല്‍പം ഗുണമൊക്കെ രമേശ് ചെന്നിത്തല കാണിക്കുന്നുണ്ട്. 

ഗവര്‍ണറുടെ നയപ്രഖ്യാപന സമ്മേളനം കേരളത്തിലെ മറ്റൊരു രാഷ്ട്രീയ മാറ്റത്തിന്‍റെ കൂടി വേദിയായി എന്നു വേണം പറയാന്‍. കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന ആ രാഷ്ട്രീയ മാറ്റം ഇക്കുറിയും ഉണ്ടാവും. അതായത് പി.സി. ജോര്‍ജ് വീണ്ടും യുഡിഎഫിനോട് അടുപ്പം കാട്ടിത്തുടങ്ങുകയും പിണറായി സര്‍ക്കാരിനെ പൂര്‍ണമായും തള്ളിപ്പറയാനും തുടങ്ങിയിട്ടുണ്ട്. അങ്ങനെ തന്‍റെ രാഷ്ട്രീയ മാറ്റപരിപാടികള്‍ക്ക് ഇക്കുറിയും ഒരു മാറ്റവും സംഭവിക്കില്ലെന്ന് അച്ചായന്‍ ഉറപ്പ് തന്നിട്ടുണ്ട്. 

സാധാരണ ഒ. രാജഗോപാലിന്‍റെ സംസാരിക്കാനുള്ള സമയമൊക്കെ രാജേട്ടന്‍ പി.സി. ജോര്‍ജിന് കൊടുക്കുകയാണ് പതിവ്. ഇക്കുറി രാജേട്ടന്‍ സഭയിലിരുന്നിട്ടും പി.സി. സ്കൂട്ടായി. കഴി‍ഞ്ഞ ലോകസഭാതിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎക്കൊപ്പമായിരുന്നു. ഇനി വരുന്നത് നിയമസഭാ തിരഞ്ഞെടുപ്പാണ് അപ്പോ യുഡിഎഫിനൊപ്പം നിക്കേണ്ടിവരും. അത്രേയുള്ളു. അതുകൊണ്ട് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇറങ്ങിപ്പോയി ഒരു പത്തുമിനിട്ട് കഴിഞ്ഞ് പി.സി.യും ഇറങ്ങി. യുഡിഎഫിലേക്ക് നടന്നുകയറാന്‍.

പി.സി. ജോര്‍ജ് ആള് വെളവനാണ്. ഇപ്പോ ജോസ് കെ മാണിയും കൂട്ടരും യുഡിഎഫില്‍ ഇല്ലാത്ത സ്ഥിതിക്ക് രണ്ടുമൂന്നു സീറ്റ് തരപ്പെടുത്താന്‍ സാധിച്ചേക്കും. അങ്ങനെ വന്നാല്‍ സ്വന്തം മണ്ഡലമായി പൂഞ്ഞാറില്‍ മകന്‍ ഷോണിനെ നിര്‍ത്തണം. പി.സി. വേറൊരു മണ്ഡലത്തിലും നില്‍ക്കും. അങ്ങനെ അച്ഛനും മോനും ഒരുമിച്ച് സഭയിലെത്തുന്നതാണ് ആ അച്ചായന്‍ ബുദ്ധിയില്‍ തെളിയുന്നത്. 

സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് പ്രതിപക്ഷത്തിന്‍റെ പുതിയ പ്രശ്നം. സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ഒക്കെ ഇന്ന് കസ്റ്റംസ് ‍ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അടുത്ത സ്പീക്കറെന്നാണ് പ്രതിപക്ഷത്തിന്‍റെ ബോധ്യം. മുഖ്യമന്ത്രിയും സ്പീക്കറും രണ്ടാളും ഇരിക്കുന്ന ഒരു സഭയില്‍ ഇരിക്കാന്‍ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും പറ്റുന്നേയില്ല. ഇതിപ്പോ പിണറായി സഖാവും ശ്രീരാമകൃഷ്ണന്‍ സഖാവും അങ്ങോട്ടും ഇങ്ങോട്ടും നോക്കിനിന്ന് നെടുവീര്‍പ്പിട്ടുകളിക്കേണ്ട ഒരു കളിയാണ്. 

ഇതിപ്പോ മരണാസന്നനായ രാവണന്‍റെ അവസ്ഥയൊക്കെ പറയുമ്പോ അതില്‍ ആസ്വാദനം പറഞ്ഞാലും ഒരു പരാജയം ഉണ്ട്. ലോകത്തെ സകലമാന ജീവിതാവസ്ഥകളേയും പുരാണത്തില്‍ നിന്ന് കടമെടുത്ത് വിശദീകരിക്കാന്‍ അവസരമുണ്ട് എന്നതുതന്നെ ഒരു ഭാഗ്യമാണ്. ഏതായാലും നമ്മള്‍ അങ്ങ് നിര്‍ത്തുന്നു. വീണ്ടും കാണാം.