കോട്ടയത്ത് പൊടുന്നനെ ഒരു പദയാത്ര; ചെന്നിത്തല കാണുന്നുണ്ടോ..?

ചില പാര്‍ട്ടികള്‍ അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം നടപ്പാക്കുന്നതിന് അടവ് നയമെന്ന് പേരിടും. അങ്ങനെ അതിന് ഇല്ലാത്തൊരു അര്‍ഥം കൊടുക്കും. ആളുകള്‍ക്ക് എന്തോ വലിയ താത്വികമായ ഒരേര്‍പ്പാടാണെന്ന് തോന്നും. വേറെ ചില പാര്‍ട്ടികളുണ്ട്. അവര്‍ ചെയ്യുന്നത് മൊത്തം അടവുകളാണ്. പക്ഷേ അവര്‍ക്കിടയിലെ ഗ്രൂപ്പുകള്‍ തമ്മിലാവുന്നു എന്നേയുള്ളു. അങ്ങനെ ചില വ്യത്യാസങ്ങളിലൂടെ കടന്നുപോകുന്ന സൂത്രങ്ങളുടെ എപ്പിസോഡാണ് ഇന്നത്തേത്. 

2021 വെറുമൊരു പുതിയ വര്‍ഷമല്ല. 2020ല്‍ കാണാത്ത പലരേയും പലവിധ വേഷങ്ങളില്‍ ഇനിയങ്ങോട്ട് ഈ പുതുവര്‍ഷപുലരിയില്‍ കാണാന്‍ സാധിക്കും എന്ന് ആദ്യമേ മനസിലാക്കണം. പെട്ടൊന്നൊരു നേരത്ത് ഇന്ന് കോട്ടയത്ത് ഒരു പദയാത്ര സംഘടിപ്പിക്കപ്പെട്ടു. സംഗതി കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍ എന്നൊക്കെയാണ് പറയുന്നത്. പക്ഷേ മുഴങ്ങിയ മുദ്രാവാക്യം കേട്ടാല്‍ സംഭവത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടും. കര്‍ഷകരോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെ പുറത്ത് ഇന്ന് പുതുപ്പള്ളിയില്‍ എന്നുവച്ചാല്‍ മുന്‍മുഖ്യനും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍ ഒരു പദയാത്രപൊട്ടിവീണു. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദയാത്ര എന്നാണ് ബാനറെങ്കിലും ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയായിരുന്നു കൂടെയുള്ളവര്‍ നടന്നത്. അതായത് തിരഞ്ഞെടുപ്പ് അടുക്കുന്നു. കുഞ്ഞൂഞ്ഞ് നേതൃനിരയിലേക്ക് വരുന്നു എന്ന് നാടുനീളെ നടന്നൊരു പ്രഖ്യാപനം. ചെന്നിത്തലയുടെ മുഖ്യമന്ത്രിക്കുപ്പായത്തിന് തല്‍ക്കാലം ബട്ടണുകള്‍ തയ്പ്പിക്കാനായിട്ടില്ല എന്നൊരു പ്രത്യേക അറിയിപ്പ് ഇതോടൊപ്പമുണ്ട്. വിഡിയോ കാണാം.