ഇടതിന് ഇന്ന് 'ചരിത്രദിനം'; ചിരിയടക്കാന്‍ പാടുപെട്ട് മലയാളി

ചരിത്ര ദിവസമാണെന്ന് ഇടതുമുന്നണി തിരിച്ചറിഞ്ഞ ഈ ദിനത്തില്‍ പല ചരിത്രങ്ങളുമോര്‍ത്ത് ചിരിയടക്കാന്‍ പാടുപെടുകയാണ് മലയാളി. മദ്യത്തിന് ഒരു കുഴപ്പമുണ്ട് കെട്ടിറങ്ങിക്കഴിഞ്ഞാല്‍ സംഭവിച്ചത് ഒന്നും ഓര്‍മകാണില്ല. മദ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും അതേ കുഴപ്പമുണ്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ച ഇടതുമുന്നണിക്ക്  ലാ‍ല്‍സലാം പറഞ്ഞുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ഒരുപാട് പ്രത്യേകതയുള്ള ദിവസമാണ് കടന്നുപോയത് എന്നതില്‍ തെല്ലും സംശയമില്ല. നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങള്‍ കുറെയധികം നടന്ന ദിനം. സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ വരെ തട്ടിപ്പ് കേസില്‍പെട്ട ദിനം. സമരമുഖത്തൊക്കെയിറങ്ങി നിയമലംഘനവും കേസും പൊലീസ് നടപടികളുമൊക്കെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കുമ്മനം തട്ടിപ്പു കേസില്‍ പെടുന്നത്. രാഷ്ട്രീയ ശത്രുക്കള്‍പ്പോലും ഇത് വിശ്വസിക്കാന്‍ പാടുപെട്ടു.  മിസോറാമില്‍ നിന്നു വന്ന ശേഷം പാര്‍ട്ടി അങ്ങനെ പ്രത്യേകിച്ച് പണിയൊന്നും കൊടുത്തിരുന്നില്ല. അതുകൊണ്ട് ഒരു പണിയിരിക്കട്ടേ എന്ന് പൊലീസ് വിചാരിച്ചതാണോ എന്നുമറിയില്ല. ആറന്മുളക്കാരനായ ഹരികൃഷ്ണനാണ് പരാതിക്കാരന്‍. പ്ലാസ്റ്റിക് രഹിത ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് കുമ്മനത്തിന്‍റെ സന്തത സഹചാരി പ്രവീണാണ് പണം വാങ്ങിയത്. ഫലമില്ലാതെ വന്നപ്പോള്‍ ഒരു കിടിലന്‍ ബാനര്‍ പരാതിക്കാരന്‍ അങ്ങ് തീര്‍ത്തു.