പാട്ടിന് പോയി ഗവർണർ; എൽഡിഎഫ്- യുഡിഎഫ് തമ്മിലടി ബാക്കി

കളിക്കളത്തില്‍ കളിക്കാന്‍ ഇറങ്ങിയ എല്ലാവര്‍ക്കും അവരവര്‍ ജയിച്ചു എന്നും മറ്റുള്ളവര്‍ തോറ്റും എന്നും തോന്നുന്ന അസാധാരണമായ സംഭവബഹുലമായ ഒരു ദിവസമാണിന്ന്. ഇതിനു വഴിയൊരുക്കിയ കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാനും  മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അഭിവാദ്യമര്‍പ്പിച്ച് ആരംഭിക്കട്ടെ. 

കേരളം കാതോര്‍ക്കുകയായിരുന്നു. ഒപ്പം കേന്ദ്രത്തിലിരുന്ന് മോദിജിയും ഷാജിയും. ഗവര്‍ണര്‍ ഖാന്‍ എന്തുപറയുമെന്നാണ് കരുതിയത്. പൗരത്വനിയമഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ച് കമാന്ന് മിണ്ടില്ല എന്നായിരുന്നു ഇന്നലെ അര്‍ധരാത്രി വരെയുള്ള തീരുമാനം. മുഖ്യമന് കത്തെഴുതി. മുഖ്യന്‍ തിരിച്ചും കത്തെഴുതി. അതുവരെ എല്ലാവര്‍ക്കും അറിയാം. പക്ഷേ അതിനു ശേഷം എന്തുനടന്നെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. അത് പിണറായിക്കും ഗവര്‍ണര്‍ക്കും മാത്രമറിയാവുന്ന രഹസ്യം. അപ്പോള്‍ നമ്മള്‍ ആ നാടകം ഒന്ന് റിവൈന്‍ഡ് ചെയ്യുകയാണ്. ശേഷം താത്വിക അവലോകനത്തിലേക്ക് കടക്കാം.

ഗവര്‍ണര്‍ക്ക് ആകെ സഭയിലുള്ള പിടിവള്ളി രാജേട്ടനായിരുന്നു. ഒ. രാജഗോപാല്‍ . അദ്ദേഹം പക്ഷേ തികഞ്ഞ സാത്വികനായിതന്നെ സഭയിലിരുന്നു. ഈ സഭയില്‍ ഒറ്റയ്ക്ക് എങ്ങനെ ജീവിച്ചുപോവുന്നു എന്ന് അദ്ദേഹത്തിനാണല്ലോ നല്ലവണ്ണം അറിയുന്നത്. പ്രതിപക്ഷത്തിന്‍റെ തടയല്‍ ഒരു ട്വിസ്റ്റ് തന്നെയായിരുന്നു. സാധാരണ പുറത്താരോടും പറയാതെ ഒരു രഹസ്യനീക്കവും നടത്താന്‍ അറിയാത്ത ആളുകളായിരുന്നു ഈ കോണ്‍ഗ്രസുകാര്‍. ഇത് പക്ഷേ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് ഈ തടയല്‍ ആ സമയത്ത് തീരുമാനിച്ച് നടപ്പാക്കിയതാണെന്ന് കരുതുന്നതാണ് ശരി. അല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് വരെ ഇതേക്കുറിച്ച് നേരത്തെ സൂചന കിട്ടേണ്ടതായിരുന്നു. ഇതിപ്പോ മാധ്യമങ്ങള്‍ക്കും പുതിയ ഒരു അനുഭവമായി. അപ്പോ നാടകത്തിലെ ആദ്യ സ്കോറിങ് പ്രതിപക്ഷം നേടിയിരിക്കുന്നു. 100 പോയിന്‍റിന് അവര്‍ ഇപ്പോ മുന്നിലാണ്.  ഒന്നാമത് ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിന്‍റെ കടലാസുമായിട്ടാണ് രമേശ് ചെന്നിത്തല സഭയിലെത്തിയതുതന്നെ. അതെങ്ങാനും അനുവദിച്ചിരുന്നേല്‍ ചെന്നിത്തലയും കൂട്ടരും ഷൈന്‍ ചെയ്തേനെ. പക്ഷേ അനുവദിക്കാതിരുന്ന് ഗവര്‍ണര്‍ വന്ന് 18ാം ഖണ്ഡിക വായിക്കാതെ തിരിച്ചുപോയാല്‍ സര്‍ക്കാരും പെട്ടേനെ. വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കഥ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 

സംഭവത്തെ കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും നോക്കിക്കാണുന്ന രീതി രണ്ടു തരത്തിലാണ്. അതൊന്ന് വിലയിരുത്തിയ ശേഷം മറ്റ് കാര്യങ്ങളിലേക്ക് വരാം. അതായത് സിപിഎം പ്രവര്‍ത്തകര്‍ കരുതുന്നത് കരുത്തനായ പിണറായി വിജയന്‍ ഗവര്‍ണറെ ഒന്ന് നോക്കി പേടിപ്പിച്ചു അതുകൊണ്ട് ഗവര്‍ണര്‍ വന്ന് നയപ്രഖ്യാപനത്തിലെ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് പറയുന്നത് ഗവര്‍ണര്‍ക്ക് വായിക്കേണ്ടി വന്നു എന്നാണ്.  അവര്‍ക്ക് അങ്ങനെ വിചാരിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. 

സഭവിട്ട് ഇറങ്ങിപ്പോവുകയും ചെയ്തു ഗവര്‍ണര്‍ ആണെങ്കില്‍ 18ാം ഖണ്ഡിക വായിക്കുകയും ചെയ്തു. വല്ലാത്തൊരു പരീക്ഷണം ചെന്നിത്തലയുടെ തലയിലൂടെ മിന്നിമാഞ്ഞതാണ്. പക്ഷേ ചെന്നിത്തലയ്ക്കും ഗോളടിക്കാനുള്ള പാസ് ഗവര്‍ണര്‍ കരുതിവച്ചതുകൊണ്ട് രക്ഷപ്പെട്ടു. ഒരു വിയോജനത്തിനൊക്കെ ഇത്രയും വിലയുണ്ടെന്ന് യുഡിഎഫുകാര്‍ക്ക് മനസിലായത് ഇന്നാണ്.

പ്രതിപക്ഷത്തിന് മാനസികാസ്വാസ്ഥ്യം ആണെന്ന് ജയരാജന് പറയാം. ഒന്നാമത് ഇത്തരത്തിലൊരു സമരമൊക്കെ സിപിഎമ്മിന് പറഞ്ഞിട്ടുള്ളതാണല്ലോ. അവരായിരിക്കണമായിരുന്നു പ്രതിപക്ഷം. ഗവര്‍ണറെ മുണ്ടും പറിച്ച് തലയില്‍ കെട്ടി വീട്ടിലേക്ക് ഓടിപ്പിക്കുന്ന രീതിയില്‍ പ്ലാന്‍ ചെയ്തേനെ. ഗവര്‍ണറുടെ കസേര ഇളക്കി മറിച്ചിടുന്ന നമ്പറുകളും ജയരാജന്‍ സഖാവും കൂട്ടരും നടപ്പാക്കി കാണിച്ചേനെ. അത് കണ്ട് കോണ്‍ഗ്രസും കൂട്ടരും അനുകരിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ അത് മാനസികാസ്വാസ്ഥ്യം മാത്രമാവും.

അതെ. ഇതൊന്നും കോണ്‍ഗ്രസ് ശൈലിയല്ല. ഇതൊക്കെ നമ്മുടെ വിപ്ലവപാര്‍ട്ടിയുടെ സമീപനമാണ്.  അതുകൊണ്ട് കോണ്‍ഗ്രസ് ചെയ്താല്‍ ഭ്രാന്ത്. നമ്മള്‍ ചെയ്യുമ്പോ വിപ്ലവം. അത്രേ ഉള്ളു.  പക്ഷേ രമേശ് ചെന്നിത്തലയ്ക്ക് നല്ല വിഷമം ഉണ്ട്. ആറ്റുനോറ്റ് ഒരു ചാന്‍സ് കിട്ടിയതാണ്. സര്‍ക്കാരിനും പിണറായിക്കും ചെക്ക് വച്ച് ഒരു പ്രമേയത്തിന് നോട്ടീസും കൊടുത്തു. പിണറായിയെക്കൊണ്ട് ആ പ്രമേയം വായിപ്പിക്കുന്നത് സ്വപ്നം കണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നിത്തല ഉറങ്ങിയത് തന്നെ. 

അതായത് യുഡിഎഫ് പ്രമേയത്തില്‍ എല്‍ഡിഎഫ് കൊത്തുന്നതും ഗവര്‍ണര്‍ക്കെതിരെ ഒരുമിച്ച് പോരാടുന്നതും പൊലിഞ്ഞു. ഗവര്‍ണരെ തിരിച്ച് ആര് കൂടുതല്‍ ചീത്ത വിളിക്കുന്നോ അതു നോക്കിയാണ് സിഎഎ വിരുദ്ധ സമരത്തിലെ സത്യസന്ധത സംബന്ധിച്ച് മാര്‍ക്കിടുന്നത്. കെ . മുരളീധരന്‍ ആയിരുന്നു സ്ട്രൈക്കര്‍ പ്ലെയര്‍. പിണറായിയൊക്കെ മധ്യനിരയില്‍ പ്രതിരോധത്തിലാണ് കളിച്ചത്. പെട്ടെന്നാണ് ചെന്നിത്തല പ്രമേയവുമായി മുന്‍നിരയിലേക്ക് അറ്റാക്ക് ചെയ്തെത്തിയത്. പക്ഷേ പാസ് സ്വീകരിക്കാതിരുന്ന പിണറായി വിജയനും കൂട്ടരും വേറെ കളിയ്ക്കാണ് തുനിഞ്ഞത്. പാസ് എടുക്കാനും പാടില്ല. ഗോളടിക്കുകയും വേണം. പക്ഷേ ഗോളിയായ ഗവര്‍ണര്‍ക്ക് ഗോള്‍ വീണതുപോലെ തോന്നാനും പാടില്ല. അതെ, ഇതൊരു പ്രത്യേകതരം പന്തുകളിയായിരുന്നു.

സത്യത്തില്‍ ഇന്നത്തോടെ ഗവര്‍ണര്‍ വിഷയത്തില്‍ കേരളത്തില്‍ സംഭവിച്ചത് ഇതാണ്. ഗവര്‍ണര്‍ അങ്ങേരുടെ പാട്ടിന് പോയി. ഗവര്‍ണര്‍ക്കെതിരെ വന്ന എല്‍ഡിഎഫും യുഡിഎഫും ഒടുവില്‍ തമ്മിലടിച്ചു. എല്ലാവര്‍ക്കും ഗോളടിക്കാനും ആഘോഷിക്കാനും അവസരം കിട്ടിയതാണ് മിച്ചം. യുഡിഎഫിനെ സംബന്ധിച്ച് നോക്കിയാല്‍ അവരുടെ തടയല്‍ പ്രതിഷേധം കാരണം ഗവര്‍ണര്‍ക്ക് 18ാം ഖണ്ഡിക വായിക്കേണ്ടി വന്നു. സിപിഎമ്മിനെ സംബന്ധിച്ച് പിണറായി വിജയന്‍ കണ്ണുരുട്ടിയതോടെ ഗവര്‍ണരെകൊണ്ട് വായിപ്പിക്കാനും പറ്റി. ഗവര്‍ണര്‍ക്കാണെങ്കില്‍ തന്‍റെ വിയോജിപ്പ് സഭയിലും  വന്ന് പരസ്യമായി വിളിച്ചുപറയാനും സാധിച്ചു. എല്ലാവരും ഹാപ്പി. 

ഇതേ നേരത്ത് ബിജെപിക്കാര്‍ എന്തെങ്കിലും ചെയ്യണമല്ലോ. രാജേട്ടന്‍ സഭയില്‍ മിണ്ടാന്‍ പോവില്ലാന്നറിയാം. അപ്പോ പിന്നെ ഗവര്‍ണര്‍ക്ക് ഒരു മാനസിക പിന്തുണ കൊടുക്കുകയും വേണം. എങ്കില്‍ പിന്നെ സ്വന്തം പാളയത്തിലെ ഒരു മുന്‍ ഗവര്‍ണറെക്കൊണ്ട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന് വച്ചു. അതെ ഒരു ഗവര്‍ണറുടെ ദുഖം മറ്റൊരു ഗവര്‍ണറായിരുന്ന ആള്‍ക്കേ മനസിലാവൂ. പക്ഷേ ജനങ്ങള്‍ ഇതിന്‍റെയൊക്കെ ഒത്ത നടുക്കാണ്. യുഡിഎഫ് പറയുന്നത് പിണറായി ഗവര്‍ണര്‍ മോദി ഒത്തുകളി. ബിജെപി പറയുന്നത് ഇത് സിപിഎം കോണ്‍ഗ്രസ് ഒത്തുകളി.  സത്യത്തില്‍ എന്താണെന്ന് ജനം തീരുമാനിച്ചോളും.