പിണറായി ജപ്പാനിൽ പോയതില്‍ എന്താണ് തെറ്റ്?

മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നൊക്കെ പറന്നിട്ടുണ്ടോ അന്നൊക്കെ വിവാദവും ചിറക് വിടര്‍ത്തിയിട്ടുണ്ട്. ഇക്കുറി മുഖ്യന്‍ ജപ്പാനും കൊറിയയും കറങ്ങുമ്പോള്‍ ഇങ്ങ് നാട്ടില്‍ ഇടത് സര്‍ക്കാരിനുമേല്‍ വട്ടമിട്ട് പറക്കുകയാണ് ചില തലവേദനകള്‍. ആ തലവേദനക്കുള്ള ജപ്പാന്‍ മെഡിസിന്‍കൂടി വാങ്ങിവരുന്നത് എന്തുകൊണ്ടും നന്നായിരിക്കുമെന്ന് മുഖ്യനോട് പറഞ്ഞുകൊള്ളുന്നു...

***************************

സമ്പത്തുകാലത്ത് തൈപത്തുവച്ചാല്‍ ആപത്ത് കാലത്ത് കാപത്ത് തിന്നാം എന്ന് തിരിച്ചറിയാന്‍ സിഡിഎസില്‍ പഠിച്ച ധനമന്ത്രി കൂടെ വേണം എന്നില്ല. ഇങ്ങനെ കാപത്തു തിന്നുന്നതിന്‍റെ ഭാഗമായാകണം കിഫ്ബി എന്ന വിത്ത് പിണറായിയും തോമസ് ഐസക്കും ചേര്‍ന്ന് നട്ടത്. പക്ഷേ പിഴിയുന്നതിനും ഒരു പരിധിയോക്കെയില്ലേ. മുണ്ടുമുറുക്കിയുടുക്കണം എന്ന് പ്രജകളോട് പറഞ്ഞിട്ട് കൊട്ടാരത്തില്‍ സുഭിക്ഷമായി വാണിരുന്ന പഴയ രാജാക്കന്മാരുടെ കഥകള്‍ ധാരാളം നമ്മള്‍ കേട്ടിട്ടുണ്ട്. ആ കഥകളൊക്കെ പഴങ്കഥകളല്ലെന്നാണ് സമകാലീന യാത്രാവിവരണങ്ങള്‍ കാട്ടിത്തരുന്നത്. അമേരിക്കകഴിഞ്ഞാല്‍ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് ജപ്പാന്‍. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ പിണറായി വിജയന്‍ തുടര്‍ന്ന് ജപ്പാന് പോയതില്‍ അപ്പോള്‍ എന്താണ് തെറ്റ്. ഈ പറയുന്ന ജപ്പാന്‍ അടുത്താണ് നമ്മുടെ പോളണ്ടിന്‍റെ കിടപ്പ്. ഏത് നമ്മുടെ പോളണ്ടേ. വേണ്ട അതിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. നമ്മുടെ വിഷയം അതല്ല. പട്ടിണിക്കാലത്ത് മുഖ്യന്‍ പരിവാരങ്ങളുമായി കടല്‍ കടന്നതിനെപ്പറ്റിയാണ്. ഇത് വിനോദയാത്രയാണെന്നു പറഞ്ഞ് രമേശ് ചെന്നിത്തല കളത്തിലുണ്ട്. യാത്ര ചെയ്താല്‍ ഛര്‍ദിക്കും എന്നതിനാല്‍ ചെന്നിത്തലക്ക് സഞ്ചാരങ്ങള്‍ ഇഷ്ടമല്ല. സഞ്ചാരികളെയും

***************************

പിണറായി മുഖ്യന്‍ പല രാജ്യങ്ങിലും പോകാറുണ്ട്. പോകുമ്പോള്‍ പലതും ഊതി വീര്‍പ്പിച്ച് പറയാറുണ്ടെങ്കിലും വന്നുകഴിയുമ്പോള്‍ അതൊന്നും കാണാറില്ല എന്നുമാത്രം. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ പിണറായി മണിമുഴക്കുന്നതോടെ കേരളം വേറെ ലെവലാകുമെന്നൊക്കെയാണ് തോമസ് ഐസക് പ്രതിപക്ഷത്തെ മണിയടിച്ചുകൊണ്ടു പവണ്ട് പറഞ്ഞത്. മണിയടിച്ചപ്പോള്‍ ശബ്ദം കേട്ടു എന്നല്ലാതെ മറ്റൊന്നും നടന്നതായി രേഖകളിലില്ല. ഇക്കുറിയും ഇത്തരത്തില്‍ പല മീറ്റിങ്ങുകളും കലാപരിപാടികളും നടക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ അവിടുത്തെ തുക്കടാക്കാരുമായുള്ള സംവാദങ്ങളാണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. അതായത് ബ്രിട്ടാസോ എംവി ജയരാജനോ വല്ലോ കോട്ടിട്ടുപോയാലും ഈ പറഞ്ഞതൊക്കെ നടക്കുമായിരുന്നുവത്രേ.

***************************

ഈ പറഞ്ഞതൊക്കെ വിമാനം കയറി പോയതിനെക്കുറിച്ചാണ്. ഇനി പറയാന്‍ പോകുന്നത് കേരളത്തിന് ചിറകു മുളക്കാന്‍ പോകുന്നതിനെക്കുറിച്ചും. മാസം ഒന്നേമുക്കാല്‍ കോടി രൂപ വാടക നല്‍കി കിടിലമൊരു ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തെറ്റിദ്ധരിക്കരുത് ജപ്പാന്‍ സര്‍ക്കാരല്ല, കേരള സര്‍ക്കാര്‍. ഇനിയിപ്പോ കേരളത്തിലെ കാഴ്ചകള്‍ മുഖ്യന് ആകാശത്തിരുന്നു കാണാന്‍ കഴിയും. അതോടെ കൂടുതല്‍ പേരുടെ കണ്ണീരൊപ്പാനുള്ള നടപടികള്‍ ഇടതു സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. റോഡില്‍ ഇരുചക്രവാഹനത്തില്‍ പോകുന്ന പൊതുജനങ്ങള്‍ ഹൈല്‍മറ്റ് മറക്കരുത്. മറന്നാല്‍ ഇനി പൊലീസ് ആകാശത്തുനിന്നായിരിക്കും ലാത്തിയെറിയുക. ചിലവുചുരുക്കലിന്‍റെ ഭാഗമാണ് ഈ ഹെലികോപ്ടര്‍ എന്ന് എത്ര പേര്‍ക്കറിയാം. പിണറായി വിജയന്‍ യാത്ര ഹെലികോപ്റ്ററിലേക്ക് മാറ്റി എന്നു വയ്ക്കുക. എസ്കോര്‍ട്ട് വേണ്ട, വാഹനവ്യൂഹം വേണ്ട. അങ്ങനെ എന്തൊക്കെ ചിലവുകളാണ് വെട്ടി ചുരുക്കപ്പെടുക.

ഹെലികോപ്റ്റര്‍ എത്തുന്നതോടെ സ്വന്തം നാടായ കണ്ണൂരിലേക്ക് തലസ്ഥാനത്തുനിന്ന് പറന്നെത്താന്‍ മുഖ്യന് ചില്ലറ സമയം മതി. വടക്ക് ഒരു സെക്രട്ടറിയേറ്റ് അനക്സ് വേണം എന്നൊക്കെ പണ്ട് ആവശ്യം ഉയര്‍ന്നിരുന്നു. ഇനി അതിന്‍റെ ആവശ്യമില്ല. സെക്രട്ടറിയേറ്റുതന്നെ തുടങ്ങാവുന്നതാണ്. രാവിലെ മുഖ്യന്‍ തെക്കന്‍ ഓഫീസില്‍ ഉച്ചകഴിഞ്ഞ് വടക്കും.

***************************

അപ്പോള്‍ പറന്ന് ചിറക് കുഴഞ്ഞതിനാല്‍ ഒരു ഇടവേള. മടങ്ങിവരുമ്പോള്‍  ഒരു സുന്ദരിയും കൂടെ ഉണ്ടാകും. കാണാന്‍ ഒരുങ്ങിയിരിക്കുക

***************************

പറഞ്ഞല്ലോ ഒറ്റക്കല്ല വരവ്. കൂടെ ആ സുന്ദരിയുമുണ്ട്. വടക്കുകിഴക്കന്‍ സ്നിഗ്ധ സൗന്ദര്യം. മിസോറാമിലെത്തിയ കുമ്മനം രാജശേഖരന്‍ കണ്ട കാഴ്ചകളല്ല ശ്രീധരന്‍ പിള്ള സാര്‍ കണ്ടത്. പണ്ട് കുമ്മനത്തിന് പിന്നാലെ ബിജെപി അധ്യക്ഷനായി നിയമിതനായപ്പോളും ശ്രീധരന്‍പിള്ള അദ്ദേഹത്തിന്‍റെ കണ്ണ് സുവര്‍ണ അവസരങ്ങളിലൊക്കെയായിരുന്നല്ലോ. അതുപോലൊരു സുവര്‍ണ അവസരമാണ് ഇപ്പോളും കൈവന്നിരിക്കുന്നത്. പുസ്തകമെഴുത്തില്‍ സെഞ്ച്വറി തികച്ച മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള ഇപ്പോള്‍ ട്രാക്ക് അല്‍പ്പം മാറ്റി. കവിതയെഴുത്തിലാണ് കമ്പം. അലങ്കാരവും വ‍ത്തവുമൊക്കെയാണ് കവിതയില്‍ നോക്കേണ്ടതെങ്കില്‍ ഇതിവൃത്തം മാത്രമാണ് ശ്രീധരന്‍ പിള്ള  നോക്കാറ്. അന്നും ഇന്നും

***************************

കേരള ബാങ്ക് സംസ്ഥാനത്ത് യാഥാര്‍ഥ്യമായെന്ന് സര്‍ക്കാരും ഇല്ലെന്ന് പ്രതിപക്ഷവും വാദിക്കുന്നതിനിടെ പണമില്ലാത്തതല്ലേ നമ്മുടെ പ്രശ്നമെന്നുപറഞ്ഞ് മലയാളി കീശ പരതുകയാണ്. ഇതൊന്നും ബാധിക്കുന്ന വിഷയമല്ലെന്നു പറഞ്ഞ് ബാങ്കിങ് ഇടപാടുകളില്‍ ശ്രദ്ധിക്കുകയാണ് സര്‍ക്കാര്‍. ബാങ്ക് എന്നുപറയുമ്പോള്‍ തോമസ് ഐസക്കിന്‍റെ മുഖമാണ് നാം പ്രതീക്ഷിക്കുക. പക്ഷേ ഈ പണമിടപാടു സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരന്‍ മറ്റൊരു താടിക്കാരനാണ്. സഹകരണ മന്ത്രി കടകംപള്ളി. പേരില്‍തന്നെ ഒരു കടം കിടക്കുന്നതുകൊണ്ട് മൊത്തത്തില്‍ ഒരു പ്രതീക്ഷയുണ്ട്.

***************************

സംസ്ഥാന സ്കൂള്‍ കലോല്‍സവം കൊടിയിറങ്ങി. മന്ത്രിമാരുടെ പാട്ടുപറച്ചിലായിരുന്നു ഉദ്ഘാടനത്തിലെ വെറൈറ്റി എങ്കില്‍ നടനും സംവിധായകനുമൊക്കെയായ ബഹുമുഖ പ്രതിഭ രമേശ് പിഷാരടിയുടെ പദംപറച്ചിലോടെയായിരുന്നു സമാപനം.