എട്ടാം നാൾ എട്ടുനിലയിൽ പൊട്ടി കെഎസ്‍യു സമരം; കാക്കിധാരികൾ ജാഗ്രതൈ

നല്ല പഞ്ചില്‍ തുടങ്ങിയ ഒരു സിനിമ ഒരു അന്തവും കുന്തവുമില്ലാതെ പ്രത്യേകിച്ച് ഒരു ക്ലൈമാക്സ് പോലുമില്ലാതെ അവസാനിച്ചാല്‍ എങ്ങനുണ്ടാകും. ആലോചിച്ച് കാടുകയറണ്ട. നമ്മള്‍ തന്നെ പറയാം. അത് ഇന്നവസാനിച്ച കെഎസ്‍യുവിന്‍റെ സമരം പോലെ ഉണ്ടാകും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച എന്നിവയില്‍ ആദ്യം അന്വേഷണവും പിന്നെ ജുഡീഷ്യല്‍ അന്വേഷണവും ഒടുവില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടാണ് നീലപതാക വാഹകര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരസമരം തുടങ്ങിയത്. എട്ടുദിവസം സംഗതി കിടിലമായി മുന്നോട്ടു പോയി. നാട്ടുകാര്‍ മുഴുവന്‍ കെഎസ്‍യു സമര വീര്യത്തെ വാഴ്ത്തി. എന്നാല്‍ എട്ടാം നാള്‍ കഴിഞ്ഞപ്പോള്‍ നിരാഹാര സമരം എട്ടുനിലയില്‍ പൊട്ടുന്നതാണ് കണ്ടത്. പ്രത്യേകിച്ച് ഒരുറപ്പും പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കിയതായി അറിവില്ല. എന്നിട്ടും കെഎസ്‍യു സമരം നിര്‍ത്തി. പിന്നെ ആകെ പറയാവുന്ന ഒരു നേട്ടം യൂണിവേഴിസിറ്റി കോളജില്‍ യൂണിറ്റ് തുടങ്ങാനായി എന്നതാണ്. 

 ചന്ദ്രനിലേക്ക് പേടകം കുതിച്ചതിനേക്കാള്‍ വേഗത്തിലാണ് കെഎസ്‍യുക്കാരെത്തി യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റ് തുടങ്ങിയത്. ഒരിക്കലും നടക്കില്ല എന്ന് മനുഷ്യന്മാര്‍ കരുതിയിരുന്നതിനെ സാധ്യമാക്കിയതില്‍ കെഎസ്‍യു വിജയിച്ച ദിനം എന്നാകും ഇതിനെ കെപിസിസിയിലെ തങ്ക ലിപികളില്‍ കുറിക്കുക.  ചന്ദ്രയാന്‍ 2നേക്കാളേറെ പ്രാധാന്യത്തോടെ വീക്ഷണം ഇത് ചിത്രം സഹിതം പ്രസിദ്ധീകരിക്കുകയുംം ചെയ്യും

.കുഞ്ഞനിയന്മാര്‍ പട്ടിണി കിടക്കുന്നത് സഹിക്കവയ്യാതെ ചേട്ടന്മാരായ ഖദറുകള്‍ ഇന്ന് തലസ്ഥാനത്ത് റോഡിലിറങ്ങി. സമാധാനപരമായി സമരം നടത്തുന്ന കെഎസ്‍യുക്കാര്‍ എന്നൊക്കെ രമേശ് ചെന്നിത്തല മൊഴിഞ്ഞങ്ങ് മാറിയതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ശരിക്കൊന്നുറഞ്ഞു. പൊലീസുമായി സാമാന്യം നല്ലൊരു കാട്ടാഗുസ്തി. കെഎസ്‍യു സമരത്തിന്‍റെ ക്ലൈമാക്സ് കൂടിയായിരുന്നു ആ യൂത്ത് പ്രകടനം. അടിയുടെ ഒടുവില്‍ നിരാഹാര പന്തല്‍ യൂത്ത് കോണ്‍ഗ്രസ് കൈവശപ്പെടുത്തി.

കെഎസ്‍യുവിന് ഇത്രയും മൈലേജ് കിട്ടിയ പ്രകടനങ്ങള്‍ അടുത്തിടക്കൊന്നും ചരിത്രത്തിലില്ല. സെക്രട്ടറിയേറ്റിന് മുന്നിലൂടെ കടന്നു പോയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് അവിടെ കാണാന്‍ കഴിഞ്ഞത് മല്‍സ്യ തൊഴിലാളികളെയാണത്രേ. തന്‍റെ തോന്നല്‍ മൈക്കിന് മുന്നില്‍ നിന്ന് വിളിച്ചു പറയാനും വിജയരാഘവന്‍ സമയം കണ്ടെത്തി. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ മുന്നണിയില്‍ ഇപ്പോള്‍ അധികാരമുള്ളത് തനിക്കാണ് എന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന പ്രകടനം. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മല്‍സരിക്കാനിറങ്ങിയ രമ്യ ഹരിദാസിനെപ്പറ്റി പറഞ്ഞതിന്‍റെ ക്ഷീണം മാറുന്നതിന് മുമ്പാണ് അടുത്ത വിക്ഷേപണം. കേട്ടപാതി കണ്ണൂരിലിരുന്ന കെ സുധാകരന്‍ വരെ തലസ്ഥാനത്തെത്തി തിരിച്ചടിച്ചു. സ്ത്രീ വിരുദ്ധതക്കെതിരെ സംസാരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണല്ലോ ഓന്‍. ആര് കെ സുധാകരനേ!

എന്തായാലും കെ‍എസ്‍യുക്കാര്‍ക്ക് ഭാഗ്യമുണ്ട്. സമരം അവസാനിപ്പിച്ചു പോകുന്നതിന് മുമ്പ് സുധാകരന്‍റെ പ്രസംഗം കേട്ട് കോരിത്തരിക്കാന്‍ ഭാഗ്യമുണ്ടായി. യൂണിവേഴ്സിറ്റി കോളജ് തന്നില്‍ ഉണര്‍ത്തുന്ന ഗൃഹാതുരത വിവരിക്കവേ പ്രസംഗത്തില്‍ ഒരു കല്ലുകടി. അല്ല ചില്ലുകടി. കുപ്പി പൊട്ടി തകർന്ന് തരിപ്പണമാകുന്നത് നാം കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. കുപ്പിച്ചില്ല് തകരുന്നതാണ് സുധാകരന്‍റെ സ്വപ്നം.

പൊലീസിനെതിരെ പത്തുപറയാന്‍ കിട്ടുന്ന ഒരു അവസരവും കെ സുധാകരന്‍ നഷ്ടമാക്കില്ല. ഷാജി കൈലാസൊക്കെ തന്‍റെ നായകന്മാരെ കൊണ്ട് പൊലീസിനെതിരെ പറയിക്കാനുള്ള ഡയലോഗ് സുധാകരനോട് ചോദിച്ചായിരുന്നുവത്രേ എഴുതിയിരുന്നത്. കേരളത്തിലെ കാക്കിധാരികള്‍ക്ക് സുധാകരന്‍റെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ റെഡ് അലര്‍ട്ട് ആണെന്ന് അറിയിച്ചു കൊള്ളുന്നു.

ഇരുപത്തിയഞ്ചുകാരിയായ വക്കീല്‍ എങ്ങനെ കെഎസ്‍യുക്കാരി ആകും എന്നതാണ് കഴിഞ്ഞ ദിവസത്തെ സെക്രട്ടറിയേറ്റ് സമരത്തെ വിമര്‍ശിച്ച് ഇടതു നേതാക്കളും സിപിഎം സൈബര്‍ പോരാളികളും ഉയര്‍ത്തിയ ചോദ്യം. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തതോടെ ആ ചോദ്യത്തിന്‍റെ മുന ഒടിഞ്ഞു. അറുപതു വയസൊക്കെയാണല്ലോ ഈ യൂത്ത് കോണ്‍ഗ്രസിന്റെ  ഒരു കാലയളവ്. അപ്പോള്‍ ഇനി അങ്ങനെയൊരു ചോദ്യത്തിന് കേരളത്തില്‍ സ്ഥാനമില്ല.