ബജറ്റ് ശക്തിപ്പെടുത്തുകയാണോ ശരിപ്പെടുത്തുകയാണോ? നിര്‍മലയുടെ കന്നി ബജറ്റ്

ഇന്ത്യയിലെ സാധാരണക്കാരെ നോട്ടു നിരോധനത്തിലൂടെ ശക്തിപ്പെടുത്തിയ എന്‍ഡിഎ സര്‍ക്കാര്‍ മധ്യവര്‍ഗ ജീവിത്തെ ശരിപ്പെടുത്തുന്നതിന്‍റെ  ഭാഗമായി  പുതിയ ബജറ്റവതരിപ്പിച്ചു. ഇന്ധനവില ഉള്‍പ്പെടെ ഉയരും. ഇനിയങ്ങോട്ട് പോക്കറ്റിന്‍റെ കനം കുറയുമെന്നതാണ് സാധാരണക്കാരന്‍റെ ആശ്വാസം. ചിരിനികുതിക്ക് പരിധിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

നിര്‍മലയാണ്  താനെന്ന് തെളിയിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ തന്‍റെ കന്നി ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ മധ്യവര്‍ഗ ജീവിതം പുതിയ ബജറ്റോടെ ശക്തിപ്പെടുമെന്നാണ്  പ്രധാനമന്ത്രിയുടെ വാഗ്ദാനം. അത്രക്ക് ജനപ്രിയമാണ് കാര്യങ്ങള്‍. ശക്തിപ്പെടുത്തുകയാണോ ശരിപ്പെടുത്തുകയാണോ ചെയ്യുകയെന്ന് വരും ദിവസങ്ങളില്‍ തിരിച്ചറിയാനാകും. 

ഇന്ധനവില വാണക്കുറ്റിപോലെ കുതിക്കും. ഇന്ദിരാഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു വനിത ബജറ്റുമായെത്തുന്നത്. തനിക്ക് ആഭരണ ഭ്രമമില്ലെന്ന് തെളിയിക്കുന്നതിന്‍റെ ഭാഗമായാണെന്നു തോന്നുന്നു സ്വര്‍ണത്തിന്‍റെ വില കൂട്ടാനുള്ള സൂത്രങ്ങള്‍ നിര്‍മല സീതാരാമന്‍ ബജറ്റില്‍ ഒരുക്കിയിട്ടുണ്ട്. പെട്ടിയിലടച്ച പതിവ് ബജറ്റ് രീതിയും ഇക്കുറി ഉണ്ടായില്ല. 

ചുവപ്പു തുണിയില്‍ പൊതിഞ്ഞ ബജറ്റ് ഇടതുപക്ഷത്തിന്‍റെ മനസില്‍ കുളിരുണ്ടാക്കി. തുണിക്കെട്ടില്‍ പൊതിഞ്ഞിരിക്കുന്നത് വാഗ്ദാനങ്ങളൊന്നുമില്ലാത്ത പഴയ വീഞ്ഞാണെന്ന് കോണ്‍ഗ്രസ്. തങ്ങള്‍ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ വെറൈറ്റി ബജറ്റ് ഇറക്കുമായിരുന്നുവെന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും നാഥനില്ലാത്ത ആ വീട്ടില്‍ നിന്ന് അധികം പ്രതിഷേധ സ്വരങ്ങള്‍ ഉണ്ടായില്ല.

ഈ ബജറ്റോടെ വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇന്നു രാവിലെ വരെ പറഞ്ഞത്. അത് എണ്ണക്കമ്പനികളോടാണ് ഇത് സര്‍ക്കാര്‍ പറഞ്ഞതെന്ന് അവതരണം കഴിഞ്ഞപ്പോളാണ് മനസിലായതെന്നുമാത്രം. സിസിടിവി ക്യാമറകള്‍ക്ക് വില കൂടും. ഇതോടെ പലദൃശ്യങ്ങളും ഇനി നമുക്ക് അന്യമായിത്തുടങ്ങും. 

പത്രം അച്ചടിക്കുന്ന ന്യൂസ് പ്രിന്‍റുകള്‍ക്കും വിലകൂടും. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ വാരിവലിച്ചെഴുതാതിരിക്കട്ടെ എന്നതാകാം ലക്ഷ്യം. വലിയ ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ ബജറ്റില്‍ പ്രത്യേക ശ്രദ്ധയുണ്ട്.  കേരളത്തിന് ഒന്നുമില്ലെന്ന് പാര്‍ലമെന്‍റിലെ  കേരള വിങ് പ്രഖ്യാപിച്ചു. ഉറുദു കവിതയൊക്കെ ബജറ്റില്‍ കുത്തിക്കുറിച്ചാണ് നിര്‍മല എത്തിയത്. അതോടെ ഇതൊരു കാവ്യാത്മക ബജറ്റായി മാറി

ബജറ്റുകളുടെ തമ്പുരാന്‍ താന്‍തന്നെയാണെന്ന് സ്വയം പ്രഖ്യാപിക്കാറുള്ളയാളാണ് നമ്മുടെ തോമസ് ഐസക്. പാത്തുമ്മയുടെ ആടും മറ്റ് മലയാള സാഹിത്യ ശകലങ്ങളൊക്കെ കാച്ചിക്കുറുക്കി ബജറ്റുണ്ടാക്കാറുള്ള ഈ സാമ്പത്തിക വിദഗ്ധന്‍ നിര്‍മലയുടെ ഉറുദു വരികള്‍ക്കുമുന്നില്‍ വീണില്ല. സര്‍വ്വം തട്ടിപ്പാണെന്നാണ് ഐസക് പറയുന്നത്. 

പതിവുപോലെ ദിപ്പോ കിട്ടും ദിപ്പോ കിട്ടും എന്നുപ്രതീക്ഷിച്ച് കുറേ ഇരുന്നെങ്കിലും ബിരിയാണി കിട്ടിയില്ല. കേരളത്തിന് വാരിക്കോരി ഒന്നും നല്‍കിയില്ലെന്നാണ് പരാതി. തിരഞ്ഞെടുപ്പില്‍ എട്ടുനിലക്ക് തോല്‍പ്പിച്ചുവിട്ടതിന്‍റെ കലിപ്പ് കേന്ദ്രത്തിനും കാണാതിരിക്കുമോ

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ അകൗണ്ടില്‍ നേരിട്ട് നല്‍കുന്ന കിസാന്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്‍റെ പ്രഖ്യാപനമായതിനാല്‍ പുതിയതായി ആരും ബാങ്ക് അകൗണ്ട് എടുത്ത് മെനക്കെടാന്‍ സാധ്യതയില്ല. പല്ലും നഖവുമുപയോഗിച്ചാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബജറ്റിന് മേല്‍ ചാടി വീണത്.