'കനൽ ഒരു തരി മതി, കടക്ക് പുറത്ത്'..അച്ചട്ടായ തിരഞ്ഞെടുപ്പ് പ്രയോഗങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം ഉയര്‍ന്നതിന്‍റെ പ്രതികരണം തേടി കേരള മുഖ്യനടുത്തുപോയ മാധ്യമങ്ങള്‍ മാറ്റിനിര്‍ത്തപ്പെട്ടത് എന്തുകൊണ്ടാകും. സിംപിളായി ആലോചിച്ചാല്‍ അതിനുള്ള ഉത്തരം കിട്ടും. മുഖ്യമന്ത്രിയുടെ കൈവശമാണ് ആഭ്യന്തരവകുപ്പും ഇന്‍റലിജന്‍സ് എന്ന ഉപ പിരിവും ഉള്ളത്. ഇടതുപക്ഷം എട്ടുനിലയില്‍ പൊട്ടുമെന്ന വിവരം എക്സിറ്റ് പോളുകള്‍ക്കും മുന്നേ രഹസ്യാന്വേഷണക്കാര്‍ മുഖ്യനെ അറിയിച്ചിട്ടുണ്ടാകുമെന്നുറപ്പ്. അപ്പോള്‍ പിന്നെ മാറി നില്‍ക്ക് എന്നല്ലേ പറഞ്ഞൊള്ളുവെന്ന് ആശ്വസിക്കാം. തിരഞ്ഞെടുപ്പ് ഫലം വന്നതിന്‍റെ പിന്നാലെ പടക്കത്തിന് തീ കൊടുക്കുന്ന കുട്ടിയുടെ നെഞ്ചിടിപ്പോടെയാകും പലരും പിണറായിയെ കാണാന്‍ പോയത്. പക്ഷേ മുഖ്യന്‍ പതിവിലും സന്തോഷവാനായിരുന്നു. പൊട്ടിപ്പൊട്ടി ചിരിക്കുന്ന മുഖം കണ്ട് പലരും മൂക്കത്ത് വിരല്‍ വച്ചു. ഇതിപ്പോ നെഞ്ചിലെ വേദന ആരെയും അറിയിക്കാതിരിക്കാന്‍ ചിരി അഭിനയിക്കുവാണോയെന്നാണ് സംശയം. കനല്‍ ഒരുതരി മതി, കടക്ക് പുറത്ത് തുടങ്ങിയ പ്രയോഗങ്ങള്‍ അച്ചട്ടായെന്നുമാത്രം പറഞ്ഞുവയ്ക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിനുപിന്നാലെ ഉയര്‍ന്നത് രണ്ടു ചോദ്യങ്ങളാണ്. ഒന്ന് പ്രധാനമന്ത്രി ശൈലി മാറ്റുമോ. രണ്ട് മുഖ്യമന്ത്രി ശൈലിമാറ്റുമോ. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും മുഖ്യന്‍ പിണറായിയുടെ കാര്യത്തില്‍ ആര്‍ക്കും സംശയം ബാക്കി വേണ്ട. ശൈലിയെന്നല്ല ഒന്നും മാറ്റില്ല. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റിട്ടില്ല എന്ന ലൈനിലാണ് പിണറായി വിജയന്‍ മിണ്ടുന്നത്. തോറ്റത് ഇടതിനെതിരായി വോട്ടു ചെയ്തവരാണത്രേ.