ആണുങ്ങളെ പെണ്ണുങ്ങളാക്കി; ശബരിമലയിലെ ലിംഗസമത്വമാണോ സർക്കാർ ഉദ്ദേശിച്ചത്?

കേരള സര്‍ക്കാര്‍ 51 പേരുകള്‍ അടങ്ങിയ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അങ്ങ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കുന്ന നേരത്താണ് പിണറായി സര്‍ക്കാര്‍ ഇങ്ങനെയൊരു പട്ടിക തയ്യാറാക്കിയത്. ശബരിമലയില്‍ പ്രവേശിച്ച 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ലിസ്റ്റ് എന്നും പറഞ്ഞാണ് കോടതിയിലെത്തിയത്. 

പട്ടിക എടുത്തു, കോടതിക്ക് കൊടുത്തു. പട്ടിക വായിച്ച കോടതി മറുത്തൊന്നും പറഞ്ഞില്ല. വന്നവര്‍ക്ക് സുരക്ഷ കൊടുത്താല്‍ മതി. വിശദീകരിക്കാന്‍ പോയത് സംസ്ഥാന സര്‍ക്കാരാണ്. വിമാനം കയറ്റിയയക്കുമ്പോള്‍ ആരെങ്കിലും പണി തന്നതാണോന്നറിയില്ല, 50 കഴിഞ്ഞവര്‍ വരെ തങ്ങളുടെ വയസ് തെറ്റിച്ചെഴുതി എന്നും പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഒന്നാമത് ഈ ശബരിമല വിഷയത്തില്‍ വയസ് കുറവാണെങ്കില്‍ പോലും അത് കൂട്ടിപ്പറയാനും അമ്പത് കടത്തിപ്പറയാനും ഇഷ്ടപ്പെടാനേ നിലവിലെ സാഹചര്യത്തില്‍ ആരും തയ്യാറാവുകയുള്ളു.

പട്ടികയില്‍ ഭാഗ്യത്തിന് ഒറ്റ മലയാളിപോലും ഇല്ല. ഒക്കെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെയൊക്കെ തിരഞ്ഞുപിടിച്ച് ഉള്‍പ്പെടുത്തിയത് സംഭവത്തില്‍ കേരളം ഒറ്റക്കല്ല എന്നു സ്വയം ആശ്വസിക്കാന്‍ വേണ്ടിയാവണം. തമിഴ്നാടും ആന്ധ്രയുമൊക്കെ ആയതുകൊണ്ട് ഇവരെപ്പറ്റിയൊന്നും ആരും പോയി അന്വേഷിക്കില്ലാന്നും കരുതി കാണണം. ഇതൊന്നും അല്ലെങ്കില്‍ പിന്നെ ലിസ്റ്റ് തയ്യാറാക്കിയത് നാമജപ പ്രതിഷേധ സംഘത്തില്‍ പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥനാവണം. പണി അങ്ങനേം വരാമല്ലോ.

ആണുങ്ങളെ വരെ പെണ്ണുങ്ങളാക്കുന്നതുവഴി ശബരിമലയിലെ ലിംഗസമത്വം അതിന്‍റെ പരിപൂര്‍ണതയില്‍ സുപ്രീം കോടതിയെ അറിയിക്കണമെന്നാവും സര്‍ക്കാര്‍ ആഗ്രഹിച്ചത്. അല്ലെങ്കില്‍ പിന്നെ പരംജ്യോതി എന്നൊക്കെ കാണുമ്പോ ഉടനെ അതെടുത്ത് യുവതികളുടെ ലിസ്റ്റില്‍ പെടുത്തുകയില്ലല്ലോ. അല്ലെങ്കിലോ ഈ 51 എന്ന സംഖ്യയോട് സഖാക്കള്‍ക്ക് പണ്ടേ വലിയ താല്‍പര്യമാണ്. എന്തു ചെയ്യുമ്പോഴും 51ലെത്തിക്കാന്‍ സാധിച്ചാല്‍ അതൊരു ഭംഗിയായി കരുതുന്നതാണ് ആചാരം. അതിപ്പോ വടിവാളെടുത്ത് വെട്ടുമ്പോള്‍ വരെ. ആചാരത്തിനും ആചാരലംഘനത്തിനും 51 എന്തുകൊണ്ടും നല്ല സംഖ്യയാണ്.