സുരേന്ദ്രന്റെ വക്കാലത്ത് പിള്ളവക്കീലിനെന്താ ഏറ്റെടുത്താൽ?

ശബരിമല വിഷയത്തില്‍ ആവേശം കാണിച്ച കെ സുരേന്ദ്രന്‍ അകത്തായത് യുഡിഎഫുകാര്‍ കണ്ടതാണ്. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരോട് പിണറായി മുഖ്യന് തെല്ലും കരുണയില്ലെന്ന് അനുഭവിച്ചറിഞ്ഞിട്ടുമുള്ളതാണ്. എന്നിട്ടും നാലു ദിവസം മുമ്പ് പ്രതിപക്ഷം ഒരു പ്രഖ്യാപനം നടത്തി. ശബരിമലയിലെ നിരോധനാഞ്ജ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം. അതും നിയമസഭക്ക് മുന്നില്‍. ശബരിമലയോട് ചെയ്ത പാപത്തിന്‍റെ തിരിച്ചടിയാണോ എന്നറിയില്ല. നറുക്കു വീണതില്‍ ഒരാള്‍ മുന്‍ ദേവസ്വംമന്തി വിഎസ് ശിവകുമാറായിരുന്നു. കൂട്ടിന് മാണി കോണ്‍ഗ്രസുകാരന്‍ ജയരാജും പാറക്കല്‍ അബ്ദുള്ളയും. സമരം തുടങ്ങിയതിന്‍റെ പിറ്റേ നാള്‍ മുതല്‍ അത് ഒത്തുതീര്‍ക്കണമെന്നായി രമേശ് ചെന്നിത്തല. ചോദ്യോത്തരവേളക്കായി സഭയില്‍ മണിയടിച്ചാലുടന്‍ ചെന്നിത്തല എഴുന്നേല്‍ക്കും. എന്നിട്ട് അതാ അവര്‍ അവിടെ ആരുമില്ലാതെ കിടക്കുന്നു. രക്ഷിക്കൂ എന്ന് പറയും. എല്ലാം ഇപ്പ ശരിയാക്കിത്തരാം എന്ന് സ്പീക്കറുടെ പതിവ് പല്ലവി. വെള്ളിയാഴ്ച സഭ പിരിയും മുമ്പ് ഒത്തുതീര്‍പ്പുണ്ടാകുമെന്നാണ് രമേശിന്‍റെ പ്രതീക്ഷ. എന്താകുമോ എന്തോ. 

വാക്കിലും നാക്കിലും പിസി ജോര്‍ജിനെ വെല്ലാന്‍ തല്‍ക്കാലം നിയമസഭയിലെന്നല്ല കേരളത്തില്‍ തന്നെ മറ്റൊരാളുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് എന്ന് ബഹുമാനാര്‍ത്ഥം പറയുന്ന ഖദര്‍ദാരിയാണ് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി. ഇതേ വരിയാണ് പിസിയും പറയാറ്. പക്ഷേ പറയുന്നതിന്‍റെ ടോണ്‍ അല്‍പ്പം വേറെയാണ്. നിയമം അത് അതിന്‍റെ വഴിക്ക്പോട്ട് എന്ന ലൈന്‍. ഇടത് വലത് കൂട്ടില്‍ കേറാതെ അല്ലെങ്കില്‍ കേറ്റാതെ കഴിഞ്ഞിരുന്ന പിസി ബിജെപി പാളയത്തിന് പുറത്തെത്തിയത് അടുത്തിടെയാണ്. ശബരിമല വിഷയത്തിലെന്നല്ല ഒരു വിഷയത്തിലും സഭയില്‍ കലഹിക്കാന്‍ ശക്തിയില്ലാത്ത ഒ രാജഗോപാലിനെ നോക്കി മ്ലാനതയിലിരുന്ന ശ്രീധരന്‍ പിള്ളത്ത് പിസി ചെറുതല്ലാത്ത ആശ്വാസമാണ്. ഇതാ ബിജെപിക്കായി എന്‍ഡിഎ കേരള ഘടകത്തിനായി സ്റ്റേജിലെത്തുന്നു പൂഞ്ഞാറിന്‍റെയല്ല ഈ ലോകത്തിന്‍റ എംഎല്‍എ എന്ന പേരിനര്‍ഹനായ സാക്ഷാല്‍ പിസി ജോര്‍ജ്. പോയിന്‍റ് ബൈ പോയിന്‍റ് പറഞ്ഞാണ് കടകംപള്ളിയെ ജോര്‍ജ് വെള്ളം കുടുപ്പിക്കുന്നത്.

പിസി ഇത്രയുമൊക്കെ പറയുമ്പോള്‍ എന്തേലും രണ്ടുപറയാന്‍ രാജേട്ടനു കൊതിവന്നാല്‍ കുറ്റം പറയാന്‍ വയ്യ. കഴിഞ്ഞ രണ്ടുവര്‍ഷമായി സഭയില്‍ സംസാരിക്കാന്‍ തനിക്കനുവദിക്കുന്ന സമയം ജോര്‍ജിന് മറിച്ചുകൊടുക്കലാരുന്നു പതിവ്. കരിഞ്ചന്ത ഇടപാടാണെന്നു കരുതിയവരെ ഞെട്ടിച്ചാണ് അഥ് കൂട്ടുകൃഷിയാണെന്ന് പിസി വെളിപ്പെടുത്തിയത്. രാജേട്ടന്‍ എന്ത് ചോദ്യെ ചോദിച്ചാലും അത് പാളിപ്പോകും. അതിപ്പോ നക്ഷത്ര ചിഹ്നമിട്ട് ചോദിച്ചാലും നക്ഷത്രമിടാതെ ചോദിച്ചാലും അത്് അങ്ങനെയാണ്. ഇന്നും ചോദിച്ചു. പതിവുപോലെ പാളി. 1999 ലെ പത്രത്തിന്‍റെ കോപ്പി കടകംപള്ളി വെട്ടിസൂക്ഷിക്കുമെന്ന് സ്വപ്നേന രാജേട്ടന്‍ ഓര്‍ത്തില്ല.

നിയമസഭയിലെന്നല്ല ഏത് സഭയിലാണെങ്കിലും എതിരാളി തനിക്ക് പോന്നവനല്ല എന്ന് തോന്നിയാല്‍ പിണറായി ഗോദയില്‍ ഇറങ്ങില്ല. സീനിയര്‍ വക്കീലിന് പകരം ജൂനിയര്‍ കേസെടുക്കില്ലേ. അതാണ് ലൈന്‍. സഭയിലെ കുട്ടിക്കളി ഡീല്‍ ചെയ്യാന്‍ മുഖ്യന്‍ തന്‍റെ ചെറുപതിപ്പായ ജൂനിയറെ ഇറക്കി. എം സ്വരാജിനെ. സ്വരാജ് എന്ന പദത്തിന്‍റെ നാനാര്‍ത്്ഥങ്ങള്‍ പരതിയാല്‍ നടത്തിപ്പ് എന്നൊരു അര്‍ത്ഥം കാണാം. അതെ. നടത്തിപ്പ്. കക്ഷിക്ക് പറ്റിയ പേരുതന്നെ കിട്ടി. പക്ഷേ ഇക്കുറി ജൂനിയറിന് സീനിയറെ രക്ഷിക്കാനായില്ല. എന്നുമാത്രമല്ല കേസുതോറ്റ് നാണക്കേടാക്കുകയും ചെയ്തു. കാരണം എതിര്‍ കക്ഷി സാക്ഷാല്‍ ചെന്നിത്തലയായിരുന്നു. ചരിത്രത്തില്‍ അതീവ പാണ്ഡ്യത്തമുള്ള രമേശ് ചെന്നിത്തല. 

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു പിടികിട്ടാപ്പുള്ളിയാണെന്ന് കഴിഞ്ഞ ദിവസമാണ് രാജേട്ടന്‍ തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്ന് കടകംപള്ളി കീഴടങ്ങിയില്ലെങ്കില്‍ നിയമസഭയിലെ ഒളിത്താവളം പൊലീസില്‍ വിളിച്ചറിയിക്കുമെന്നാണ് രാജേട്ടന്‍റെ ഭീഷണി. കൊടുംഭീകരനാണത്രേ ദേവസ്വം മന്ത്രി.

ഈ മണ്ഡലകാലത്ത് കെ സുരേന്ദ്രന് ശബരിമല ദര്‍ശനം സാധ്യമാകുമോ എന്ന സംശയം പലരിലും ഉയര്‍ന്നു തുടങ്ങി. പമ്പയില്‍ ചെന്ന് ഷോ ഇറക്കിയപ്പോ പൊലീസ് പിടിച്ചുമെന്നു കരുതിയില്ല. പിടില‌ച്ചാല്‍ തന്നെ വല്ല നിലക്കലോ കൂടിവന്നാല്‍ പത്തനംതിട്ടയിലോ കൊണ്ടിറക്കിവിടുമെന്നും കരുതി. പക്ഷേ കണക്കുകൂട്ടല്‍ തെറ്റി. കെട്ടുമുറിക്കി വീട്ടീന്ന് പോന്നിട്ട് നാളേറെയായി. കേസിന്‍റെ പെരുമഴക്കാലമാണ്. വീണ്ടും പതിനാലുദിവസത്തേക്ക് റിമാന്‍ഡ്. ഇന്ധനവിലവര്‍ദ്ധനവിനെതിരെ പണ്ട് തീവണ്ടി തടഞ്ഞ കേസുവരെ പൊങ്ങിവന്നു. അന്ന് നാല്‍പ്പതുരൂപയായിരുന്ന പെട്രോളിന് ഇപ്പോ എണ്‍പതടുത്തായത് വിധിയുടെ വൈരുധ്യം. പിന്നെ ഏക ആശ്വാസം ഇന്ധനവില വര്‍ദ്ധനവില്‍ തനിക്കിപ്പോ പരാതിയില്ല എന്ന് സത്യസന്ധമായി കോടതിയോട് പറയാം എന്നതുമാത്രമാണ്. ഈ ദിവസങ്ങളില്‍ എത്ര കോടതി വരാന്തകള്‍ കയറിയിറങ്ങിയെന്ന് സുരേന്ദ്രനുപോലും നിശ്ചയമില്ല. പാര്‍ട്ടി അധ്യക്ഷന്‍ പേരെടുത്ത വക്കീലാണെന്ന് ധൈര്യത്തില്‍ പൊലീസ് വണ്ടിയില്‍ കയറിയതാണ്. ഇപ്പോളും ആ വണ്ടിയില്‍ തന്നെ.

കോടതിയില്‍ നിന്ന് ജാമ്യം നേടി നല്‍കാനായില്ലെങ്കിലും ശ്രീധരന്‍പിള്ള വക്കീലിന് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. സുരേന്ദ്രന് ഒരാശ്വാസം കിട്ടാനാണെന്നു തോന്നുന്നു പൊലീസ് ജീപ്പ് കടന്നുപോകുന്ന വഴ്കളില്‍ നിന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ അദ്ദേഹം സുരേന്ദ്രന്‍റെ പേര് പറയുന്നുണ്ട്. 

പാലക്കാടന്‍ കാറ്റേറ്റ് വളര്‍ന്ന എംഹി രാജേഷിന് ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധയാണ്. സ്വന്തം ആരോഗ്യത്തിലല്ല. നാട്ടുകാരുടെ ആരോഗ്യത്തില്‍ നാട്ടില്‍ തുറന്ന പ്രദേശത്ത് ജിംനേഷ്യം തുറന്ന അദ്ദേഹം ഇത്തരത്തിലൊരു കര്‍മത്തിലേര്‍പ്പെട്ട ആദ്യ വ്യത്കി എന്ന നേട്ടം കരസ്ഥമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പൊക്കെ അടുത്ത പശ്ചാത്തലത്തില്‍ ആരോഗ്യകാര്യങ്ങളിലൊക്കെ ഒരു ശ്രദ്ധ തോന്നുന്നത് വളരേ നല്ലതാണ്.