തില്ലങ്കേരിയെ നടക്കിരുത്തുന്ന ചടങ്ങ് അടുത്ത നടതുറക്കലിനുണ്ടാകുമോ? പിള്ളയുടെ കാര്യവും തുലാസിൽ

ശബരിമല ക്ഷേത്രത്തിന്‍റെ നട അടച്ചെങ്കിലും വിവാദങ്ങളുടെ നട അടക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല. ക്ഷേത്രത്തിലെ കാണിക്ക കുറഞ്ഞെങ്കിലും എല്ലാ ജില്ലയിലെയും പ്രസ്ക്ലബുകളുടെ നടവരുമാനത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ട്. മുട്ടിന് മുട്ടിനാണ് ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങള്‍ നടക്കുന്നത്. ഇക്കുറി നട തുറന്നപ്പോളും സ്തീ പ്രവേശനമായിരുന്നു വിഷയം. എന്നാല്‍ നട അടച്ചപ്പോള്‍ ടോപ്പിക്ക് പുരുഷ പ്രവേശനത്തിലേക്ക് ഒന്ന് ഷിഫ്റ്റ് ചെയ്തു. വല്‍സന്‍ തില്ലങ്കേരിയെന്ന ആര്‍എസ്എസ് ആവേശക്കാരനാണ് ആദ്യം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത്. പൊലീസിന്‍റെ മൈക്കിലൂടെ നാല് ഡയലോഗും അടിച്ചിട്ടായിരുന്നു പടികയറ്റം. കയറുമ്പോള്‍ പക്ഷേ ശരണംവിളിയല്ല ഉയര്‍ത്തിയതെന്നാണ് ആരോപണം.

തില്ലങ്കേരിയെ നടക്കിരുത്തുന്ന ചടങ്ങ് അടുത്ത നടതുറക്കലിനുണ്ടാകും എന്ന് പ്രതീക്ഷിക്കാം. ആ ചടങ്ങില്‍ പക്ഷേ ബിജെപി അധ്യക്ഷന്‍ വക്കീല്‍ ശ്രീധരന്‍ പിള്ള പങ്കെടുക്കുമോ എന്നുറപ്പില്ല. ഇപ്പോ വക്കീല്‍ കുപ്പായം പൊതിഞ്ഞുപിടിച്ചാണ് ശ്രീധരന്‍പിള്ള നടക്കുന്നതത്രേ. എപ്പോളാണ് വിവാദ പ്രസംഗത്തിന്‍റെ പേരില്‍ പൊലീസ് പൊക്കുന്നതെന്നുറപ്പില്ല. അങ്ങനെ സംഭവിച്ചാല്‍ കേസ് നടത്തിപ്പിന് വേറെ വക്കീലിനെ തപ്പാനോ കോട്ട് എടുപ്പിക്കാനോ മിനക്കെടേണ്ടല്ലോ. വൈ ദിസ് കൊലവറി എന്നുചോദിച്ച് കാക്കിക്കാര്‍ എപ്പോ എത്തുമോ എന്തോ.