ഇ.പി. എന്ന ഒറ്റയാള്‍ പട്ടാളം

കേരളത്തെ കരകയറ്റാന്‍ മന്ത്രി ഇ.പി. ജയരാജന്‍ വഹിച്ച പങ്ക് ചെറുതല്ല. മുഖ്യമന്ത്രി എടുത്തുപറഞ്ഞില്ലെങ്കിലും ഒരര്‍ഥത്തില്‍ കേരളത്തിലെ മറ്റൊരു സൈന്യമായിരുന്നു ഇ.പി. ഈ ഒറ്റയാള്‍ പട്ടാളം എന്നൊക്കെ പറയുന്നതുപോലെ. പിണറായി അമേരിക്കയില്‍ പോയപ്പോള്‍ എത്ര സുന്ദരമായാണ് അദ്ദേഹം കേരളത്തെ ഹാന്‍ഡില്‍ ചെയ്തത്. എന്നിട്ടും ഇപിയെ കുറ്റം പറഞ്ഞവരായിരുന്നു ഏറെയും. മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രിയെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയായിരുന്നു പ്രധാന ആക്ഷേപം.

പക്ഷെ അത് തെറ്റാണെന്ന് തെളിയിക്കുന്ന ചെറിയൊരു സംഗതി പറയാം. തലസ്ഥാനത്തെ ചടങ്ങില്‍ മന്ത്രിയെത്തി പരിപാടി തുടങ്ങിയിട്ടും മേയര്‍ എത്തിയില്ല. ഒടുവില്‍ മേയര്‍ വന്നപ്പോള്‍ സ്വാഗത പ്രാസംഗിക പറയുകയാണ് മേയര്‍ കൃത്യസമയത്തെത്തി എന്ന്. പിണറായി ആണെങ്കില്‍ കലിപ്പ് സീനായേനെ. ഇ.പി പക്ഷെ എത്ര മനോഹരമായാണ് സീന്‍ സത്യന്‍ അന്തിക്കാട് സിനിമ പോലെ ആക്കിക്കളഞ്ഞത്.

സമയത്തിന്റെ കാര്യത്തില്‍ പിടിവാശിയില്ലാത്തവനാണ് ഇപിയെന്ന് തെറ്റിദ്ധരിക്കരുത്. സ്വന്തം സമയത്തെകുറിച്ചല്ല മറ്റുള്ളവരുടെ സമയത്തെകുറിച്ചാണ് ഇപിയുടെ വേവലാതി. ഉദാഹരണത്തിന് സ്കൂളിലൊരു ചടങ്ങ് നടക്കുന്നു. ആരെയാണ് ബാധിക്കുക, കുട്ടികളെ. അവരുടെ സമയത്തിന് വിലയില്ലേ. അപ്പോ പരിപാടി കൃത്യസമയത്ത് തുടങ്ങി കൃത്യസമയത്ത് അവസാനിക്കണം. പിന്നെ ഈ താലപ്പൊലി എന്നൊക്കെ പറഞ്ഞ് കുട്ടികളെ എഴുന്നള്ളിച്ച് മന്ത്രിയുടെ കണ്‍മുന്നില്‍ വന്നുപോകരുത്. കാരണം പഠിക്കാനാണ് കുട്ടികള്‍ സ്കൂളില്‍ വരുന്നത്. സ്വാതന്ത്ര്യവും സമത്വവും സോഷ്യലിസവുമൊക്കെ പറഞ്ഞാണ് താലപ്പൊലിയെങ്കില്‍ മനസ്സിലാക്കാം. ഇത് പക്ഷെ, അതല്ലല്ലോ.

ഇരട്ട ചങ്കുണ്ടെങ്കിലും ഇങ്ങനെ മറ്റുള്ളവരുടെ ചങ്കില്‍ കൊള്ളുന്ന് ചോദ്യം ആരോടും ചോദിക്കരുത് സഖാവെ. തീപ്പൊരു ഡയലോഗ് മാത്രമല്ല പാവം ഇപി ജയരാജന്‍ മറ്റുപലപണികളും പഠിച്ചിട്ടുണ്ട്. കാരണം പണിയുടെ വില ഈപിയെ പോലെ അറിയുന്ന മറ്റൊരാളില്ല നിങ്ങളുടെ മന്ത്രിസഭയില്‍. ഒരിക്കല്‍ പണിപോയവനാണ് ഇപി. അതേ പണിക്ക് തിരിച്ചുകയറുകയും ചെയ്തു. ഐസ് കട്ടയ്ക്ക് പെയിന്റടിക്കുന്നവനെന്ന് ആക്ഷേപിച്ചാലും പണി അറിയാത്തവനെന്ന് മാത്രം വിളിക്കരുത്.

ലോകം കണ്ടെത്തുന്നതെല്ലാം നല്ലതാ. പക്ഷെ, ആ ധനമന്ത്രിയെ കാണാതെ ചെയ്തോണം. പണിക്കാരനാണെന്നറിഞ്ഞാല്‍ സാലറി ചോദിച്ച് ആരൊക്കെ പിന്നാലെ കൂടും എന്നുപറയാന്‍ പറ്റില്ല. പ്രളയത്തില്‍ നട്ടംതിരിയുമ്പോഴാണ് കേന്ദ്രം ആയുഷ്മാന്‍ ഭാരതിന്റെ പേരില്‍ വീണ്ടുംവരുന്നത്. എന്തിനും ഏതിനും പണം വേണം. തോമസ് ഐസക്കിനെ കുറ്റം പറയാനാവില്ല. ജോലി ചെയ്താല്‍ കാശ് വാങ്ങണം. കാശ് വാങ്ങിയവരെ കണ്ടാല്‍ കാശുതരാമോ എന്ന് സര്‍ക്കാര്‍ മുഖത്ത് നോക്കി ചോദിക്കും. അതിന് കുറച്ചിലിന്റെ വിഷയം ഉദിക്കുന്നില്ല.

ശശി വിഷയത്തില്‍നിന്ന് പാര്‍ട്ടിയെ കരകയറ്റാനുള്ള ശ്രമത്തിലാണ് ബാലന്‍ സഖാവും ശ്രീമതി ടീച്ചറും.

പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ശശി വിഷയത്തില്‍നിന്ന് പാര്‍ട്ടിയെ കരകയറ്റാനുള്ള ശ്രമത്തിലാണ് ബാലന്‍ സഖാവും ശ്രീമതി ടീച്ചറും. സര്‍ക്കാരിന് പണമാണ് വേണ്ടതെങ്കില്‍ ഇവര്‍ക്ക് വേണ്ടത് മൊഴിയാണ്. അതിങ്ങനെ തുടരുകയാണ്.  ഒരുത്തനെയും വിടുന്ന പ്രശ്നമില്ലെന്നൊക്കെയാണ് ബാലന്‍ മന്ത്രി തട്ടിവിടുന്നത്. 

 കൊടുത്തതുതന്നെ. ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ചിലര്‍ ഒത്തുതീര്‍പ്പിനുശ്രമിച്ചുവെന്നും ആരോപണമുണ്ട്. ചുരുക്കത്തില്‍ ശശിയെ സംരക്ഷിക്കാന്‍ അവിടെത്തന്നെ ആളുണ്ട്. അതുകൊണ്ട് മൊഴിയെടുപ്പ് പലര്‍ക്കും അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല. സിപിഎം ജില്ലാ കമ്മിറ്റി ഒാഫീസ് മുകളിലത്തെ നിലയിലാണ്. താഴെനിന്ന് ശശിയും കൂട്ടരും നന്നായി പുകയ്ക്കുന്നുണ്ട്. ബാലനെയും ശ്രീമതി ടീച്ചറെയും പുകച്ചു പുറത്തുചാടിക്കുംവരെ ഇതുതുടരുമെന്ന് ഉറപ്പ്. നാളെ ഇനിയുമുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം. 

രാജേട്ടനെ സ്നേഹംകൊണ്ട് പൊതിയേണ്ട വേദി; തേക്കുന്ന വേദിയായി മാറി

രാജേട്ടന്, അതായത് ഒ രാജഗോപാലിന് പാലക്കാട്ട് സ്വീകരണം. പിറന്നാളാണ്. പരിപാടി തിമിര്‍ത്തു. രാജേട്ടന്റെ ഉത്തമസുഹൃത്തായ കോണ്‍ഗ്രസുകാരന്‍ ശങ്കരനാരായണനായിരുന്നു പരിപാടിയിലെ താരം. ജയിലോര്‍മ്മകളില്‍നിന്നാണ് ശങ്കരനാരായണന്റെ താണ്ഡവം ആരംഭിക്കുന്നത്. രാജേട്ടനെ സ്നേഹംകൊണ്ട് പൊതിയേണ്ട വേദി പെട്ടെന്നാണ് രാജേട്ടനെ തേക്കുന്ന വേദിയായി മാറിയത്. യഥാര്‍ഥ തേപ്പ് വരാനിരിക്കുന്നതേയുള്ളൂ.

തെരഞ്ഞെടുപ്പുതോല്‍വിയെൊക്കെ എടുത്തിട്ട് ശരിക്കും ഒ രാജഗോപാലിനെ പൂട്ടിക്കളഞ്ഞു ശങ്കരനാരായണന്‍. ഈശ്വരവിശ്വാസിയായ രാജേട്ടന്‍ ഇത് എന്റെ വിധി എന്നോര്‍ത്ത് സമാധാനിച്ചുകാണും. പക്ഷെ, ബീജേപ്പിക്ക് കാര്യം മനസ്സിലായിട്ടുണ്ടാവും, ക്ഷണിച്ചുവരുത്തിയ ദുരന്തമായിരുന്നുവെന്ന്.

ശരി. രാജേട്ടന്‍ തോല്‍വിതന്നെ. സാറോ. രാജേട്ടന്‍ പാര്‍ട്ടി പറഞ്ഞിട്ടാണ് മല്‍സരിക്കുന്നത്. സാറോ. രാജേട്ടന് ആര്‍ത്തിയില്ല. സാറിനോ. ഇപ്പോ തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കില്ലേ. ജയിക്കുമോ...? ഇതുകേള്‍ക്കുമ്പോള്‍ സത്യായിട്ടും മനസ്സിലാക്കേണ്ടത് ശങ്കരനാരായണന് ആര്‍ത്തിയില്ല. ഇനി മല്‍സരിക്കില്ല. സ്ഥാനമാനങ്ങള്‍ക്ക് കലഹിക്കില്ല എന്നൊക്കെയല്ലേ. നിര്‍ത്തിയോ സാറേ? ഇതൊക്കെ പകരം വീട്ടലാണോ എന്ന് തോന്നിയാലും തെറ്റില്ല. കാരണം മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ കസേരയില്‍ അടിച്ചുപൊളിച്ചയാളാണ് ശങ്കരനാരായണന്‍. ഇടയ്ക്ക് ഒരോട്ടമായിരുന്നു. എന്തായിരുന്നു കാരണം.? അത് രഹസ്യമല്ല. അങ്ങാടിപ്പാട്ടാണ്. ആ വിഷമം ഇപ്പോ പാവം രാജേട്ടനോട് തീര്‍ത്തു. അത്രതന്നെ.