തട്ടാനും കാലുവാരാനും കിട്ടുന്ന ഒരവസരവും കോൺഗ്രസുകാർ പാഴാക്കില്ല

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പഴയ കഥകളും ആഗ്രഹങ്ങളും പൊട്ടിവീഴുന്ന വേദിയാണ് മേഴ്സി രവി അനുസ്മരണച്ചടങ്ങ്. പങ്കെടുക്കുന്നവരൊക്കെ വല്ലാതെ ഗൃഹാതുരമാവും. പ്രതാപകലത്തെ അനുസ്മരിച്ച് അതൊക്കെ നല്ല കാലമെന്ന് പറഞ്ഞ് ഇപ്പോഴുള്ളതൊക്കെ വെറും പാഴെന്ന് പറയുന്നതാണ് ഈ പരിപാടിയുടെ ഒരു രീതി. അതുപിന്നെ കോണ്‍ഗ്രസുകാര്‍ അങ്ങനെയാണല്ലോ. പ്രായമെത്ര കഴിഞ്ഞാലും തട്ടാനും കാലുവാരാനും കിട്ടുന്ന ഒരവസരവും പാഴാക്കില്ല. അതിപ്പോ ഗവര്‍ണറൊക്കെ ആയി മടങ്ങി വന്നാലും ചൊട്ടയിലെ ശീലം മറക്കില്ല.

ശങ്കരനാരായണനേയും വയലാര്‍ രവിയേയും പാരവച്ച ആ ആള്‍ ആരായാലും അതാരെന്ന് കണ്ടെത്തി തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ കേരളത്തിലെ സിപിഎം പാര്‍ട്ടി തയ്യാറാവണം. അവരാവുമ്പോള്‍ സ്വന്തമായി അന്വേഷണവും വിധിപ്രസ്താവവുമൊക്കെ നടത്തുന്ന ടീംസാണ്. കോണ്‍ഗ്രസിനെകൊണ്ട് അതൊന്നും കഴിയില്ല. ശങ്കരനാരായണന്‍ജിയും വയലാര്‍ജിയും നേരെ എകെജി സെന്‍ററില്‍ ചെന്ന് ഒരു പരാതി കൊടുക്കൂ. ആളെ കണ്ടെത്തി തൂക്കിലേറ്റിയിരിക്കും അവര്‍.

ഇതീ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ സ്ഥിരം ആവശ്യമാണ്. അടുത്ത മേഴ്സി രവി അനുസ്മരണപരിപാടിക്കു മുമ്പെങ്കിലും പാര്‍ട്ടി ഇവരുടെ ആവശ്യത്തെ പരിഗണിച്ച് തീര്‍പ്പാക്കണം. അതൊക്കെ നല്ല വിചാരങ്ങളാണ്. പക്ഷേ അങ്ങനെ പൂത്ത് തളിര്‍ക്കാന്‍ ഈ നമ്മള്‍ തന്നെ വേണമെന്ന് വാശിപിടിക്കരുത്. ഒന്നാമതേ ശോഷിച്ച പാര്‍ട്ടിയാണ്. ഉണക്കിയില്ലാതാക്കരുത്.

എന്നാ പിന്നെ യുഡിഎഫ് സംവിധാനത്തിനൊരു ഗവര്‍ണര്‍ പോസ്റ്റുണ്ടാക്കി ഇദ്ദേഹത്തെ അതിലിരുത്താന്‍ കെപിസിസി മുന്‍കൈ എടുക്കണം. നമുക്ക് പാര്‍ട്ട് ഒന്നു നന്നായികണ്ടാമതിയല്ലോ. പ്രായം കൂടിയവരെ മാറ്റിനിര്‍ത്തി എന്നൊരു പരാതിയും ഉണ്ടാവില്ല. അല്ലെങ്കിലും പി.പി.തങ്കച്ചനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയാല്‍ അങ്ങേരുപോലും അറിയാന്‍ വഴിയില്ല. പിന്നെയല്ലേ നാട്ടുകാര്‍.