മുഖ്യമന്ത്രിയെ വീണ്ടും തട്ടി ചാനൽ മൈക്ക്; പിണറായിയുടെ റിയാക്ഷൻ

മൈതാനത്തെ മൈക്കുകളോട് മടിയില്ലാത്ത മഹാരഥന്‍മാര്‍ക്ക് മാധ്യമങ്ങളുടെ മൈക്കിനോട് എന്തിനാണ് മ്ലാനത.  വാക്കുകള്‍ ദേഹത്ത് തട്ടുമ്പോള്‍ നൊമ്പരപ്പെടുന്നവര്‍ അല്‍പ്പം മാറിനില്‍ക്കണമെന്ന മുന്നറിയിപ്പോടെ  തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

പേടി എന്ന രണ്ടക്ഷരത്തെക്കുറിച്ചാണ് ഇന്ന് പേടിയോടെ പറയുന്നത്.  പൊതു ഇടങ്ങളില്‍ സംസാരിക്കുന്നതിന് ചിലര്‍ക്ക് പേടിയുണ്ടാകും. ഈ ഭയത്തിന്  ഗ്ലോസോഫോബിയ എന്നാണ് ശാസ്ത്രം നല്‍കിയിരിക്കുന്ന നാമം.  ചിരിക്കുന്നതിനുള്ള ഭയത്തെ ജലിയോഫോബിയ എന്നും    തൊടുന്നതിനുള്ള പേടിയെ ഹാഫേഫോബിയഎന്നുമൊക്കെയാണ് വിളിക്കുന്നത്. പറഞ്ഞുവന്നത് എന്താണെന്നുവച്ചാല്‍ കേരളത്തില്‍ മഴ ശക്തമായിരുന്നു. ഈ അവസരം കീടാണുക്കള്‍ മുതലെടുക്കും. ഇക്കുറി വിവിധതരം ഫോബിയകള്‍ പരത്തുന്ന കീടങ്ങള്‍ കളത്തിലുണ്ടെന്നു തോന്നുന്നു. ആലപ്പുഴയില്‍ മഴ അവലോകന യോഗം കഴിഞ്ഞപ്പോളാണ് ഈ ആശങ്ക ഉടലെടുത്തത്. ഈ പറഞ്ഞതിനലേതോ ഒരു ഭയം നമ്മുടെ പിണറായി മുഖ്യനെ അലട്ടുന്നുണ്ട്. ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെടാതിരിക്കുക എന്നതാണ് ഇപ്പോള്‍ പിണറായിയുടെ രോഗാവസ്ഥ. മൈക്ക് ഇഷ്ടമാണെങ്കിലും അത് ആരുടെയെങ്കിലും കൈയ്യിലാണെങ്കില്‍ അതിനോട് അറിയാതെ മുഖം കറുപ്പിക്കുകയും പിന്നീട് മുഖം തിരിക്കുകയും ചെയ്തുപോകും. മനപ്പൂര്‍വമല്ല രോഗത്തിന്‍റെ കളിയാണ്. കുട്ടനാ‍ട്ടിലെ  വെള്ളംകയറിയ പ്രദേശങ്ങള്‍ കാണാന്‍ മുഖ്യന്‍ പോകുമോ എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ സംശയം. ഈ സംശയത്തെയും ഒരു രാഗാവസ്ഥയായിതന്നെ കാണണം. രോഗ ശമനത്തിനായി അവര്‍ മരുന്നു തേടുകയാണ് . മറക്കരുത്. വെള്ളത്തെ ഭയക്കുന്ന അവസ്ഥക്ക് അക്വാഫോബിയ എന്നാണ് പേര്

മഴ അവലോകനയോഗം കഴിഞ്ഞപ്പോളാണ് പിണറായി തിരിച്ചറിഞ്ഞത് പുറത്ത് മൈക്കുമായി നില്‍ക്കുന്ന ചിലര്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഉദ്ദേശമുണ്ടെന്ന്. എങ്കിലും എന്തോ പറയാന്‍ മുഖ്യന്‍ വെമ്പി. പിണറായിയേടുള്ള ആരാധന മൂത്താണോ എന്നറിയില്ല പാര്‍ട്ടി ചാനലിന്‍റെ മൈക്ക് ആ ദേഹത്തോട് ഒരല്‍പ്പം ചേര്‍ന്നുനിന്നു. അങ്ങേയ്ക്കൊപ്പമുള്ള പൊലീസ് പടയുടെ തള്ളലിനെത്തുടര്‍ന്ന് ചലനനിയമം വര്‍ക്കൗട്ടായതാണെന്ന് ആ മൈക്കിന് പറയണം എന്നുണ്ടായിരുന്നു. പക്ഷേ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ആ ഇലക്ട്രോണിക് ഉപകരണത്തിന് അതിനായില്ല. ഒരു ആക്ഷന്‍ സംഭവിച്ചാല്‍ റിയാക്ഷനുണ്ടാകും എന്ന് ന്യൂട്ടന്‍ പറഞ്ഞത് ശരിയാണ്.  പിണറായി റിയാക്ട് ചെയ്തു. പറയാന്‍ വന്നത് വിഴുങ്ങി പുള്ളി കലിച്ചങ്ങ് പോയി. ഇനി എന്നെ മനസിലാകാത്തതിനാലാണോ ആ ദേഹം ഗൗനിക്കാതെ പോയതെന്നോര്‍ത്ത് ജനതയുടെ ആത്മാവിഷ്കാരം തേങ്ങി. എന്തിനോ തിളക്കുന്ന സാമ്പാര്‍ പോലെ

പണ്ട് മൈക്ക് കിട്ടിയാല്‍ പിണറായി ആദ്യം ചീത്ത വിളിക്കുക അമേരിക്കന്‍ സാമ്രാജിത്വത്തെയാണ്. പിന്നെ ആ പദ സഞ്ചാരം ലോക രാജ്യങ്ങള്‍ ചുറ്റിയാണ് ഇങ്ങ് മലയാളക്കരയില്‍ എത്തുക. എന്നാല്‍ കാലം അമേരിക്കയെ നല്ലവനാക്കി. അത് പിണറായിക്കും ഇടതുപക്ഷത്തിനാകെയും മനസിലാവുകയും ചെയ്തു. അന്നു തുടങ്ങിയതാണ് ഈ മൈക്ക് വിരോധം. 

നാം മുന്നോട്ട് എന്ന പേരില്‍ ടിവിയില്‍ സര്‍ക്കാര്‍ വക ഒരു കലാപരിപാടിയുണ്ട്. പറയാനുള്ളത് മുഖ്യന്‍ ആ മൈക്കില്‍ പറഞ്ഞുകൊള്ളും. ചോദ്യങ്ങള്‍ കൂര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഇനി ഇരുപതോ മുപ്പതോ അടി ദൂരെ മാറിനില്‍ക്കാവുന്നതാണ്. ആയതിനാല്‍ ഒരു ഇടവേള

ആലപ്പുഴക്കാരനാണ് രമേശ് ചെന്നിത്തല. എന്നുവച്ച് മഴമൂലമുണ്ടായ കെടുതികളുടെ ഉത്തരവാദിത്തം പുള്ളി ഏല്‍ക്കില്ല. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ പങ്കെടുത്താല്‍ ഈ വെള്ളപ്പാച്ചിലിന്‍റെ സകല ഉത്തരവാദിത്തങ്ങളും തന്‍റെ തലയിലാകുമെന്ന് രമേശിനറിയാം. അതുകൊണ്ട് യോഗത്തിന് പോയില്ല. കുട്ടനാട്ടിലെ ദുരിതം കാണാന്‍ പിണറായി എത്താത്തതിനാലാണ് യോഗത്തിന് പോകാത്തതെന്നാണ് വിശദീകരണം. മകന്‍ മരിച്ചാലും വേണ്ടില്ല മരുമോള്‍ടെ കണ്ണീര് കാണണം 

ഒരാള്‍ നന്നാവുക എന്നത് വളരെ നല്ല കാര്യമാണ്. പ്രത്യേകിച്ച് പിസി ജോര്‍ജിനെപ്പോലെ ഒരു ഒറ്റയാന്‍. അതെ. മദം പൊട്ടിനടന്ന ഈ കൊമ്പന്‍ നന്നായി. മീശ എന്ന നോവലിനോടും അതിന്‍റെ സൃഷ്ടാവിനോടും നാം കടപ്പെട്ടിരിക്കുന്നു. വായന ഒരു മനുഷ്യനില്‍ മാറ്റത്തിന്‍റെ വിത്തുപാകുമെന്ന് ആരൊക്കെയൊ പറഞ്ഞത് എത്ര ശരിയാണ്. ആരും അസഭ്യം പറയരുത് എന്ന് പിസി ജോര്‍ജ് കോട്ടയം പ്രസ്ക്ലബിനിരുന്ന പറയുമ്പോള്‍  തിരുന്നക്കരയിലെ ഗാന്ധിപ്രതിമവരെ ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുകയാണ്. 

 വയര്‍ലെസ് വഴി ചോര്‍ന്ന വിവരങ്ങള്‍ ആര്‍ക്കെങ്കിലും കിട്ടിയുട്ടുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കേണ്ടതാണെന്ന് പറഞ്ഞുകൊണ്ട് ഇന്നത്തെ കൂടോത്രം ഇവിടെ നിര്‍ത്തകയാണ്.