ബിജെപി ഇനി കളിച്ച കളി

ബിജെപി ഇനി കളിച്ച കളിയാണ്. എന്തെങ്കിലുമൊക്കെ നടക്കും. ശ്രീധരന്‍ പിള്ള അധ്യക്ഷന്റെ കസേരയിലേക്ക് വന്നതോടെ കാര്യങ്ങള്‍ വെടിപ്പായിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ, വക്കീലുപറയുന്ന കാര്യങ്ങള്‍ അത്ര വെടിപ്പല്ല. കേരളം നാശത്തിന്റെ പാതയിലാണെന്നാണ് ആദ്യകണ്ടെത്തല്‍. എല്ലാമേഖലയിലും ദുരന്തമാണ് സര്‍ക്കാര്‍. കേരളത്തെ രക്ഷിക്കാന്‍ ബിജെപിയുണ്ടെന്ന് കേള്‍ക്കുന്നതാണ് ഏക ആശ്വാസം.

നിങ്ങളുടെ കോണ്‍ട്രിബ്യൂഷനെകുറിച്ചൊക്കെ നാട്ടുകാര്‍ക്ക് നല്ല ധാരണയുണ്ട് സാറെ. നല്ല മഴയാണ്. എടിഎമ്മിനുമുന്നില്‍ പോയി ക്യൂനില്‍ക്കാന്‍ പറ്റുന്ന സാഹചര്യവുമല്ല. പിന്നെ വെല്ലുവിളിയുടെ കാര്യം. ശ്രീധരന്‍ പിള്ളയുടെ ഏറ്റവും വലിയ വെല്ലുവിളി മുന്‍പ്രസിഡന്റ് പറഞ്ഞ പല കാര്യങ്ങളും പറയാതെ സൂക്ഷിക്കുക എന്നതാണ്. ഉദാഹരണത്തിന് രാമന്‍പിള്ള സാറെയും നമ്മുടെ പി.പി.മുകുന്ദേട്ടനെയും തിരികെകൊണ്ടുവരുന്ന കാര്യം. പൂര്‍വസൂരികളെ തൊട്ടുകളിക്കുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാ.

പാര്‍ട്ടിയിലേക്ക് ഇവരെയൊക്കെ കൊണ്ടുവരുന്ന സമയത്ത് നിലവിലുള്ളവര്‍ പോകാതെ നോക്കുകയും വേണം. കേരളത്തിലെ ബിജെപിയെകുറിച്ച് അമിത് ഷാജിക്ക് മതിപ്പുകുറവുണ്ട്. അത് നേതാക്കള്‍തന്നെ സമ്മതിക്കുന്നതുമാണ്. കേരളത്തിലെ വണ്ടി നന്നായി റിപ്പയര്‍ ചെയ്ത് ലോക്സഭയിലേക്ക് ആളെക്കയറ്റി അയക്കലാണ് പിള്ളയുടെ പ്രധാന ചുമതല. ടയറുമാറ്റിയതുകൊണ്ട് മാത്രം കാര്യമില്ല, പരിശോധന എന്‍ജിന്‍മുതല്‍ തുടങ്ങണം. ഗ്രൂപ്പുകളിക്കുന്നവരെ ഒരേ ബെഞ്ചിലിരുത്താനും കഴിയണം. സംഗതി ജോറാകും.

ശ്രീധരന്‍ പിള്ള വക്കീലായതുകൊണ്ടുതന്നെ വെറുതെ കാര്യങ്ങള്‍ പറയില്ല. തെളിവുകളും ഹാജരാക്കും. ബിജെപി കേരളത്തില്‍ മുന്നേറ്റം നടത്തുമെന്നും എന്‍ഡിഎ വിപുലീകരിക്കും എന്നുമൊക്കെ പറയുന്നത് വെറുംതള്ളായി കാണരുത്. കാരണം ബിജേപ്പിക്കൊപ്പം നിര്‍ത്തണേ, രക്ഷിക്കണേ എന്നുംപറഞ്ഞ് തലയില്‍മുണ്ടിട്ട് വരുന്നവര്‍ ചെറുതല്ല. നത്തോലി മുതല്‍ സ്രാവുവരെയുണ്ട്. 

കലക്കും. കലക്കി മീന്‍പിടിക്കുകയും ചെയ്യും. ഒരു സംശയവും വേണ്ട. എങ്കിലും സാറേ ഒരു സംശയമാണ്. ബിജേപ്പിയെ കുറ്റംപറയുന്നവരൊക്കെ പറയുന്നത് വര്‍ഗീയ പാര്‍ട്ടിയെന്നാണ്. മതേതരമുഖമില്ല എന്നും പറയുന്നു. അതിനൊക്കെ സാറ് വിചാരിച്ചാ ഒരു മാറ്റം പ്രതീക്ഷിക്കാണോ. മതേതരമുഖം വന്നാല്‍ പൊളിക്കും.