കോട്ടിട്ട താമര

കേരളത്തിലെ ബിജെപിക്ക് അങ്ങനെ ഒരു പ്രസിഡന്‍റിനെ കിട്ടി. വെറുമൊരു പ്രസിഡന്റല്ല. പഴയ പ്രസിഡന്‍റ്. പ്രസിഡന്‍റ് എന്നു പറയുന്നതിനേക്കാളും എന്തുകൊണ്ട് ഒരു ഗുമ്മ് എക്സ് പ്രസിഡന്‍റിനുണ്ട്. അതൊക്കെകൊണ്ടാവും എക്സ് പ്രസിഡന്‍റിനെ വീണ്ടും പ്രസിഡന്‍റാക്കിയത്. ഇങ്ങനെയൊരാളെ കണ്ടെത്താനായിരുന്നെങ്കില്‍ ഇക്കണ്ട പത്തറുപതുദിവസം എന്തിന് ചെലവാക്കി എന്നാണ് മനസിലാകാത്തത്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കേരളത്തിന്‍റെ ചാര്‍ജുള്ള രാം ലാല്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും കാര്യം കാണാത്തതുകൊണ്ട് അമിത് ഷാജി വരെ നേരിട്ടെത്തിയ സ്ഥലമാണ് ഈ കൊച്ചുകേരളം. വരവും ചര്‍ച്ചയും ഒക്കെ കണ്ടപ്പോള്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയാണോ ഈ ബിജെപി എന്നുവരെ തോന്നിയിരുന്നു. ബിജെപിക്ക് ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റൊക്കെ ഉണ്ടാക്കിക്കൊടുക്കുന്ന സംസ്ഥാനം പോലുമല്ല കേരളം. എന്നുമാത്രമല്ല ഒരു  മലയാളി കേന്ദ്രമന്ത്രിയെക്കിട്ടാന്‍ രാജ്യസ്ഥാന്‍ വഴി രാജ്യസഭയിലേക്കെത്തിക്കേണ്ടിയും വന്ന അനുഭവമാണ്. ആ നേരത്താണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താന്‍ ഈ കണ്ടപാടൊക്കെ പെട്ടത്. എന്നിട്ടോ, പഴയ പ്രസിഡന്‍റിനെ വീണ്ടും പ്രസിഡന്റാക്കിയിരിക്കുന്നു.

ബിജെപിയുടെ കേരളത്തിലെ സമീപകാല ചരിത്രം വച്ചുനോക്കിയാല്‍ പുതിയൊരാളെ കെട്ടിയിറക്കലായിരുന്നു പ്രതീക്ഷിച്ചത്. ഒന്നാമത് കെ.സുരേന്ദ്രന്‍ കൃത്യമായി അളവൊക്കെ എടുത്ത് അധ്യക്ഷക്കുപ്പായം തയ്പ്പിക്കാന്‍ കൊടുത്തു എന്നറിഞ്ഞപ്പോഴാണ് കുമ്മനംജിയെ മിസോറാമിലേക്ക് കെട്ടുകെട്ടിക്കാന്‍ ഡല്‍ഹി ആസ്ഥാനമായി ചരടുവലിച്ചത്. കുമ്മനംജി പോയി. പക്ഷേ സുരേന്ദ്രന് കുപ്പായം വാങ്ങി ഇടാനും സാധിച്ചില്ല. അത്രമാത്രം സ്വരചേര്‍ച്ചയില്‍ കഴിയുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നുവച്ചാല്‍ പാര്‍ട്ടി സെറ്റപ്പ് അനുസരിച്ച് അതൊരു കേഡര്‍ പാര്‍ട്ടിയാണ്. സിപിഎമ്മിനെപ്പോലെ. എന്നുവച്ച് സ്വഭാവം അങ്ങനെയല്ല. അത് കോണ്‍ഗ്രസിനെപ്പോലെയാണ്. ഗ്രൂപ്പിനെ പകരം പക്ഷങ്ങളാണ് പാര്‍ട്ടിക്കകത്ത്. മുരളീധരന്‍ പക്ഷം കൃഷ്ണദാസ് പക്ഷം പിന്നെ രണ്ടിടത്തും ഇല്ലാത്ത പക്ഷഭേദമില്ലാത്തവര്‍ അങ്ങനെയാണ് അതിന്‍റെ ഒരു സെറ്റപ്പ്. അങ്ങനെ ഒടുക്കം ആ രണ്ടുപക്ഷങ്ങള്‍ക്കും ഒന്നും കിട്ടിയില്ല. പിള്ളവക്കീല്‍ പ്രസിഡന്റായി. ഇതാണ് പറയുന്നത് തിന്നുമില്ല തീറ്റിക്കുകയുമില്ലാന്ന്. തല്‍ക്കാലം സുരേന്ദ്രന്‌ ഉള്ളിക്കറി തിന്നാനേ നിര്‍വാഹമുള്ളു.

ഇപ്പോ മനസിലായില്ല. ഇന്ത്യപോലൊരു രാജ്യം തന്നെയാണ് കേരളത്തിലെ ബിജെപി. നാനാത്വത്തില്‍ ഏകത്വം നടപ്പാക്കാനാണ് വക്കീല്‍ എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യാന്തര ഇന്ത്യയില്‍ നെഹ്റു ഏറ്റെടുത്ത അത്രയും വലിയ ഉത്തരവാദിത്തത്തിന്‍റെ കോട്ടാണ് ശ്രീധരന്‍ പിള്ള വക്കീല്‍ എടുത്തണിഞ്ഞിരിക്കുന്നത് എന്ന് സാരം. 

ശ്രീധരന്‍ വക്കീല്‍ ആളൊരു സര്‍വസമ്മതനാണെന്നാണ് പൊതുവെ അറിയപ്പെടുന്നത്. ബിജെപിക്കുള്ളില്‍ സര്‍വസമ്മതന്‍ എന്നതുതന്നെ വല്യൊരു അംഗീകാരമാണ്. വക്കീലിന്‍റെ കാര്യത്തില്‍ കേരളത്തിലെ എല്ലാ പാര്‍ട്ടിക്കാരും മതസാമുദായിക സംഘടനകള്‍ക്കുംവരെ സര്‍വസമ്മതനാണ്. ക്രിമിനല്‍ വക്കീലായാല്‍ അങ്ങനെയൊക്കെയുണ്ട് ഗുണങ്ങള്‍.

ബിജെപി രൂപം കൊണ്ടകാലം തൊട്ട് കേരളത്തില്‍ നിന്ന് പാര്‍ട്ടിയില്‍ ഉള്ള വിരലില്‍ എണ്ണാവുന്നവരില്‍ ഒരാളുകൂടിയാണ് നമ്മുടെ വക്കീല്‍. തീപ്പൊരി പ്രസംഗങ്ങളൊന്നും ഇല്ല. അത്യാവശ്യം വായനയും എഴുത്തും ഉള്ളതുകൊണ്ട് പമ്പര വിഡ്ഢിത്തങ്ങളും എഴുന്നള്ളിക്കാറുമില്ല. അതുകൊണ്ട് ശോഭ ചേച്ചി, ഗോപാലകൃഷ്ണേട്ടന്‍,  പത്മകുമാരേട്ടന്‍   തുടങ്ങിയവര്‍ ഈ പാവം മനുഷ്യനിട്ട് പണിയരുത്. ഒന്നാമത് അദ്ദേഹമൊരു സര്‍വസമ്മതനാണ്. എല്ലാവര്‍ക്കും വേദനിക്കും. അതിനിടവരുത്തരുത്.

രണ്ടായിരത്തി മൂന്നിലാണ് മുമ്പ് ശ്രീധരന്‍പിള്ള വക്കീല്‍ ബിജെപി പ്രസിഡന്റൊക്കെ ആയത്. ആ കാലത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ആദ്യമായി കേരളത്തീന്ന് ഒരുസീറ്റൊക്കെ ഒപ്പിച്ചിട്ടുണ്ട്. പി.സി. തോമസ് വഴി. അന്ന് പാര്‍ട്ടി വല്ലാതെ വളര്‍ന്നു എന്നാണ് കണക്കുകള്‍ വച്ച് പലരും പറയുന്നത്. പത്തുപതിനഞ്ചു കൊല്ലത്തിനുശേഷം ഇനിയും ഈ പാര്‍ട്ടിയെ വലുതാക്കാന്‍ വേണ്ടിയാണ് വക്കീലിനെ തന്നെ വീണ്ടും ഇറക്കിയത്. ഇതൊക്കെ ശ്രീധരന്‍ പിള്ള തന്നെ സ്വയം മനസിലാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് വെല്ലുവിളികളെ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഫ്രിക്ഷന്‍ വേണമത്രെ ഫ്രിക്ഷന്‍. എന്നാലേ ഒരു ഗുമ്മുള്ളു പോലും. 

ഹിന്ദുത്വത്തിലൂന്നിയ എന്നാല്‍ എല്ലാവരേയും സമഭാവനയോടെ കാണുന്ന ഒരു സുന്ദര മനോഹര രാജ്യം. അതാണ് പിള്ളവക്കീലിന്‍റെയും ഉള്ളിലിരിപ്പ്. അത് പരസ്യമായും പറഞ്ഞു കഴിഞ്ഞു. ലോ പോയിന്‍റൊക്കെ കൃത്യമായി അറിയാവുന്നതുകൊണ്ട് വലിയ അപകടങ്ങളൊന്നും സംഭവിക്കില്ലായിരിക്കും. ബിജെപിയിലെ വേറെ കുറെ അഡ്വക്കറ്റുമാരില്‍ നിന്ന് ശ്രീധരന്‍ പിള്ളയെ വ്യത്യസ്തമാക്കുന്നതും അതാണ്. അതുകൊണ്ട് പാര്‍ട്ടി ഭേദമന്യേ മതജാതി വ്യത്യാസങ്ങള്‍ക്കപ്പുറത്ത് കേസും കൂട്ടവും വാദിക്കാന്‍ വക്കാലത്ത് ശ്രീധരന്‍ പിള്ളക്ക് കിട്ടാറുമുണ്ട്. അതുകൊണ്ട് വക്കീലിനെ സംബന്ധിച്ച് കേരളത്തിലെ ഒരു പാര്‍ട്ടിയും ശത്രുപാര്‍ട്ടിയല്ല. എതിരാളികള്‍ മാത്രമാണ്.

കെ.സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധരപക്ഷത്തിന്റെ ആവശ്യം. നടക്കാന്‍ പോകുന്നില്ലെന്ന കൃഷ്ണദാസ് പക്ഷത്തിന്‍റെ കടുംവെട്ട്. ഒപ്പം ആര്‍എസ്എസിന്‍റെ പിടിവാശി. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയത് രാം ലാല്‍ ഫോര്‍മുല എന്നൊക്കെയാണ് ബിജെപിക്കാര്‍ തന്നെ തട്ടിവിടുന്നത്. ഏതായാലും ആ ഫോര്‍മുല അത്രവല്യ സംഭവമൊന്നും അല്ല. ഒന്നാമത് ഈ പ്രശ്നമൊക്കെ ഉണ്ടാക്കി പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് പാര്‍ട്ടി നേതാക്കള്‍ തന്നെയാണല്ലോ. എന്നിട്ട് സമവായം കണ്ടെത്തിയിട്ട് അതിനെ ഇങ്ങനെ പൊക്കിപ്പിടിക്കേണ്ട ആവശ്യമൊന്നും ഇല്ലന്നേ.