ഉൾപ്പാർട്ടി പ്രശ്നം തീർത്തിട്ടല്ലേ അണികളെ കയ്യിലെടുക്കാൻ പറ്റൂ? വെറുതെ വന്നുപോയി അമിത് ഷാ

കേരളത്തിലെ ബിജെപിയെ വല്ലവിധേനയും കരയ്ക്കടുപ്പിക്കാനാണ് അമിത് ഷാ വന്നുപോയത്. മുന്‍പൊക്കെ വന്നപ്പോള്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റൊക്കെ നേടണം എന്നാണ് അമിത് ഷാ പറഞ്ഞുപോയത്. സാധാരണ നിലയ്ക്ക് സമയം ചെല്ലും തോറും സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയൊക്കെ കാണേണ്ടതയായിരുന്നു. പക്ഷേ 7 സീറ്റെങ്കിലും കിട്ടണമെന്ന് പറയാനേ ഇവിടുത്തെ സ്ഥിതി കണ്ടപ്പോ ഷാജിക്ക് പറയാന്‍ സാധിച്ചുള്ളു. അത്രമാത്രം ഗംഭീര കക്ഷികളാണ് ഇവിടുത്തെ ബിജെപി നേതാക്കള്‍.

ഉള്‍പ്പാര്‍ട്ടി പ്രശ്നം തീര്‍ത്തിട്ടുവേണം സാധാരണ അണികളെ കൈയ്യിലെടുക്കാന്‍. അതുകൊണ്ട് വല്യ പൊതുപരിപാടിയൊന്നും സംഘടിപ്പിക്കപ്പെട്ടതുമില്ല. ആരാകും സംസ്ഥാനത്തെ പ്രസിഡന്റ് എന്നതിനെക്കുറിച്ച് വല്ലതും പറയാനും അമിത് ഷാ മെനക്കെട്ടില്ല. മാധ്യമങ്ങളോട് പണ്ടേ വല്യതാല്‍പര്യമില്ലാത്തതുകൊണ്ട് വാര്‍ത്താസമ്മേളനങ്ങളും ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ബിജെപി സംസ്ഥാന ഘടകത്തിലെ രണ്ടുവിഭാഗക്കാരായ മുരളീധരന്‍ പക്ഷത്തേയും കൃഷ്ണദാസ് പക്ഷത്തേയും ചെവിക്ക് പിടിച്ച് നാലെണ്ണം പൊട്ടിക്കുക എന്ന ഭഗീരഥ പ്രയത്നമായിരുന്നു. ഇതൊക്കെ ഫലം കണ്ടാമതിയായിരുന്നു.