നാഥനില്ലാ കളരി

സ്വന്തമായി പ്രസിഡന്റില്ലാത്ത ബിജെപിയെ കാണാൻ ആ പാർട്ടിയുടെ ദേശീയ പ്രസിഡന്റ് കേരളത്തിൽ എത്തിയിട്ടുണ്ട്.‌കാലം കുറച്ചായി ഇങ്ങനെ അമിത് ഷാജി കേരളത്തിൽ വരാൻ തുടങ്ങിയിട്ട്. അന്ന് ഒരു ദിവസം വന്ന് കുമ്മനംജിക്ക് ഒപ്പം കണ്ണൂരിലെ തെരുവുകളിലൂടെ ഒക്കെ നടന്നതാണ്. സംഗതി കട്ടപ്പണി ആണെന്ന് മനസിലായതോടെ ഒരൊറ്റ മുങ്ങലായിരുന്നു.പിന്നെ പൊങ്ങിയത് ഡൽഹിയിലാണ്. അതിനു ശേഷം കുമ്മനജിയും കൂട്ടരും തിരുവനന്തപുരത്ത് എത്തി നടപ്പ് പൂർത്തിയാക്കുമ്പോഴാണ് ഇടയ്ക്ക് വെച്ച് വന്ന് കയറിയത്. അന്ന് തിരിച്ചു പോകുമ്പോൾ ഈ നാട്ടിൽ പാർട്ടി കേമമായി മുന്നേറി എന്നാണ് വിചാരിച്ചത്. പറഞ്ഞിട്ടെന്താ ഒരു അധ്യക്ഷനെ കണ്ടെത്തി പറഞ്ഞ് കൊടുക്കാൻ വയ്യാത്ത ഒരു അലമ്പ് സംവിധാനമാണ് ഇവിടെയെന്ന് ഇപ്പോഴാണ് പിടികിട്ടിയത്. രണ്ടും കൽപ്പിച്ചാകും ഇത്തവണ ഷാജിയുടെ വരവ്.