അഭിനയിക്കാനറിയില്ല, ഒട്ടും

അമ്മ യോഗം ചില സിനിമാക്കാര്‍ക്ക് നാട്ടുകാരുടെ ചീത്ത കേള്‍ക്കാനുള്ള യോഗമായി മാറിയിട്ട് കുറച്ചുദിവസമായി. ഗോ പാലകൃഷ്ണന്‍ എന്ന് ദിലീപിനോട് പറഞ്ഞ സംഘടന ദി ലീസ് കഴിഞ്ഞ് തിരിച്ചുകയറാന്‍ മീശമാധവനായ മേരിയുടെ കുഞ്ഞാടിനോട് പറഞ്ഞതാണ് പ്രശ്നമായത്. യോഗത്തിന്‍റെ അജണ്ടയില്‍ ഇല്ലാതിരുന്ന ദിലീപ് വിഷയം ചര്‍ച്ചാ വിഷയമാക്കിയത് നടി ഊര്‍മിള ഉണ്ണിയാണ്. അന്നത്തെ അമ്മ യോഗം ഇടവേളയൊക്കെ കഴിഞ്ഞ ഇങ്ങനെ ക്ലൈമാക്സിലേക്ക് ശുഭപര്യവസായിയായി നീങ്ങുമ്പോളാണ്  ആ ആന്‍റി ക്ലൈമാക്സ് പിറന്നത്. ഇനി ചോദ്യങ്ങള്‍ വല്ലതും ബാക്കിയുണ്ടോ എന്ന് ഭാരവാഹികള്‍ ആരാഞ്ഞു. അപ്പോള്‍ ആ ഹാളില്‍ മൂകത തളം കെട്ടി. ഒരാളൊഴികെ എല്ലാവരും ഭയത്താല്‍ വിറവിറച്ചു. കൊടുങ്കാറ്റിലും പതറാതെ നാവുയര്‍ത്തിയ ആ ഒരാള്‍ ഊര്‍മിളാ ഉണ്ണിയായിരുന്നു. കായിക പ്രേമികള്‍ക്കായി ഇതിനെ അവരുടെ ഭാഷയിലും പറഞ്ഞുതരാം. സംഗതി വോളിബോളാണ്. ഒരാള്‍ ലിസ്റ്റ് ചെയ്യും മറ്റൊരാളി ചാടി ഫിനിഷ് ചെയ്യും

എന്തുകൊണ്ടാണ് ഊര്‍മിള ഉണ്ണി ദിലീപിന്‍റെ കാര്യത്തില്‍ ഇത്ര ആശങ്കാകുലയായതെന്ന് സ്വോഭാവികമായും ആരും ഓര്‍ത്തുപോകും. അങ്ങനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് കാര്യങ്ങള്‍ ശരിക്കുമറിയില്ല. അതറിയണമെങ്കില്‍ ഊര്‍മിളയുടെ മനസറിയണം. സ്വന്തം വീട്ടിലെ ജോലിക്കാരോടുള്ള അവരുടെ പെരുമാറ്റമറിയണം. ഒന്നുമറിയാതെ ചുമ്മാ തോളില്‍കയറാന്‍ ചെന്നേക്കരുത്

നല്ല അഭിനേത്രിയാണ് ഊര്‍മിള ഉണ്ണിയെങ്കിലും ആ പ്രതിഭ തെളിയിക്കാന‍്‍ പോന്ന ഒരു അവസരം ഇപ്പറഞ്ഞ ഒരു സിനിമാക്കാരും നല്‍കിയില്ല. അതിന്‍റെ കുറവുതീര്‍ക്കാന്‍ കൂടിയായിരുന്നു ഈ പ്രകടനം. അതുകൊണ്ട് ഭാവാഭിനയ പ്രകടനത്തിന്‍റെ പ്രത്യേക ഷോ ഒരു സെഗ്മന്‍റാക്കി കാണിക്കുകയാണ്. സിനിമാ സീരിയല്‍ സംവിധായകരും നിര്‍മാതാക്കളും വേണേല്‍ കണ്ടോണം. 

ധാരാളമെന്നല്ല ധാരാളിത്തം എന്നാണ് ഇതൊക്കെ കണ്ടുകഴിഞ്ഞാല്‍ പറയാന്‍ തോന്നുക. ഇനിയും വിഭവങ്ങള്‍ ഉണ്ടേല്‍ വിളമ്പിക്കോ. വയറ് നിറച്ചേക്കാം

ഇന്നസെന്‍റിന്‍റെ ഭാഗ്യം. ഇപ്പോളാണ് കിട്ടുണ്ണിക്ക് ശരിക്കും ലോട്ടറി അടിച്ചത്. അല്ലങ്കില്‍ ഇപ്പറയണ ചീത്തവിളിയെല്ലാം ഏറ്റുവാങ്ങേണ്ട ദേഗമായിരുന്നു അത്. ഇടത് എംപി എന്നതുമാത്രമാണ് നിലവില്‍ നാട്ടുകാര്‍ കാണുന്ന കുറവ്. അത് ഒരു കുറവല്ലെന്നുകാട്ടി സിപിഎം ഇന്നസെന്‍റിന് സ്വഭാവ സര്‍ട്ടിക്കറ്റ് നല്‍കി. പാര്‍ട്ടി വാര്‍ത്താക്കുറിപ്പിന്‍റെ രൂപത്തിലായിരുന്നു ആ താമ്രപത്രം. പക്ഷേ അമ്മയുടെ പദവി ഒഴിഞ്ഞ ഇന്നച്ചന്‍റെ മേല്‍ ചില സിനിമാക്കാര്‍ ചെണ്ടകൊട്ടി തുടങ്ങിയിട്ടുണ്ട്. പത്തുപതിനഞ്ചുകൊല്ലമായി കൊട്ടാന്‍ പറ്റാതിരുന്നതിന്‍റെ കേട് ചിലര്‍ തീര്‍ത്തു എന്നുകരുതിയാല്‍ മതി. അല്ലങ്കിലും അങ്ങനാ. ഒരു സ്ഥാനം പോയി കഴിയുമ്പോളേ അത് മനസിലാവൂ. എംപി സ്ഥാനത്തിന് ഒരു കൊല്ലംകൂടി ആയുസുള്ളത് ഭാഗ്യം. അല്ലെങ്കില്‍ പാപ്പിയുടെ അവസ്ഥ അപ്പച്ചനും വന്നേനേ

ഗണേശ്കുമാറിന് നല്ല സമയമാണ്. പണ്ട് ഗണേശന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ ആര്‍ ബാലകൃഷ്ണപിള്ള മന്ത്രിയാണ്. മകന്‍റെ പിടിഎ മീട്ടിങ്ങുകള്‍ക്കൊന്നും എത്താന്‍ പറ്റാത്തത്ത തിരക്കുള്ള മന്ത്രി. ഗണേശനാകട്ടെ അന്നും തനി വികൃതി. പഴയ ആ കുറവ് അച്ഛന്‍റെ മനസില്‍ ഒരു വിഷമമായി കിടക്കണ്ട എന്നു കരുതിയാവണം കുരുത്തക്കേട് കാട്ടുന്നതില്‍ ഗണേശന്‍ ഒരു കുറവും വരുത്താത്തത്. നാട്ടുകാര്‍ പരാതിയുമായി ഇപ്പോളും എത്തുന്നുണ്ട്. വേറെ കട്ടിപ്പണി ഒന്നുമില്ലാത്തതിനാല്‍ ഇപ്പോള്‍ പേരന്‍റ്സ് മീറ്റിങ്ങിന് കീഴൂട്ട് പിള്ളേച്ചന് സമയം ധാരാളം. മാപ്പ് മാപ്പ് എന്ന് ഇടക്കിടക്ക് മനത്രിച്ചുകൊണ്ടിരിക്കുന്ന മകനുമായി ആ പിതാവ് ഇങ്ങനെ നടക്കുകയാണ്. സിനിമയാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ഗണേശനില്ലാത്ത ആക്ഷനില്ല. അമ്മയില്‍നിന്നു രാജിവച്ച നടിമാരെ പത്തുപറഞ്ഞ് ഗണേശന്‍ പുറത്തിറക്കിയ ഓഡിയോ ആല്‍ബം വന്‍ ഹിറ്റാണ്. 

ആരുവേണേലും ശ്രീകോവില്‍ വാതില്‍ തുറന്നോളൂ. മാപ്പപേക്ഷയുമായി ഗണേശ്കുമാര്‍ റെഡിയാണ്. ഗണേശന്‍റെയും ഇന്നസെന്‍റിന്‍റെയുമെല്ലാം സഹായം കൊണ്ട് സിനിമയിലും സിപിഎമ്മിനിപ്പോ നല്ല പിടിയാണ്. മാക്ടയുമായി കൈകോര്‍ത്ത കാനത്തിനായിരുന്നു ഇതിന് മുമ്പ് സിനിമാ കമ്പം. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് സിനിമ ഇത്രയും നാള്‍ വീട്ടുകാര്യമായിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന മകന്‍ ബിനീഷ് സാമ്പത്തികമായി കുടുംബത്തിന് അഭിവൃത്തി കൊണ്ടുവന്നില്ലെങ്കിലും ചീത്തപ്പേര് ധാരാളം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അമ്മയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഇടപെടേണ്ടിവന്നപ്പോള്‍ കോടിയേരി പുച്ഛത്തോടെ പറഞ്ഞു. ചീള് കേസ്.