ചെന്നിത്തലയിൽ ശൂന്യം

അടുത്തകാലത്തെങ്ങും യുഡിഎഫ് ഇത്ര ഒറ്റകെട്ടായി ഒരു തിരഞ്ഞെടുപ്പില്‍ പണിയെടുത്തിട്ടില്ല. ചെങ്ങന്നൂരിലെ വലത് പ്രചാരണം കാണുമ്പോള്‍ ഇതില്‍ ഐ ഏതാ എ ഏതാ എന്ന് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും വരെ തെറ്റിയിരുന്നു. അത്രക്കായിരുന്നു ഒത്തൊരുമ. വിവിധ ഗ്രൂപ്പുകാര്‍ ഒരു പായില്‍ ഉണ്ടു ഒരു പാത്രത്തില്‍ കിടന്നു. എന്നിട്ടും എതിരാളിയുടെ ഭൂരിപക്ഷം ഇരുപത്തോരായിരത്തിനടുത്ത്. അങ്ങനെയാണെങ്കില്‍ പതിവ് കോണ്‍ഗ്രസ് സ്വഭാവമായ ഇരിക്കുന്ന കസേര വലിക്കുന്ന പണി കൂടി ഇവിടെ അരങ്ങേറിയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്താല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു താല്‍ക്കാലികാശ്വാസം കിട്ടും. തിരഞ്ഞെടുപ്പ് കഴിയണ്ടാരുന്നു എന്നാണ് സ്ഥാനാര്‍ഥിയായിരുന്ന വിജയകുമാറിന്‍റെ മനസില്‍. രണ്ടുരണ്ടരമാസം വിഐപിയായി ജീവിച്ച ആളാണ്. ഇപ്പോ ഇരിക്കുന്ന ഇരുപ്പു കണ്ടാല്‍ സഹിക്കൂല്ല

എന്തൊക്കെയായിരുന്നു. നാടന്‍ സ്ഥാനാര്‍ഥി. തിരിച്ചടി ഉണ്ടാവാതിരിക്കാന്‍ തോറ്റ എംഎല്‍എ യെ അതിര്‍ത്തി കടത്തല്‍. മാണിയെകൊണ്ടുവരാന്‍ കടത്തുവള്ളം പാലം, പരവതാനി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകള്‍ കുനുകുനാ എഴുതിയ ബുക്കുകള്‍. ഇത്രയും അനുകൂലമായ സാഹചര്യമുണ്ടായിട്ട് കഴിഞ്ഞ തവണത്തേതിലും രണ്ടായിരം വോട്ട് കൂടുതല്‍ പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് 2019 ല്‍ രാജ്യത്ത് അധികാരത്തില്‍ വരാന്‍ തയ്യാറെടുക്കുന്നത് എന്നോര്‍ക്കുമ്പോളാ. ഇക്കുറി പെട്ടത് ചെന്നിത്തലയാണ്. പ്രതിപക്ഷ നേതാവ് എന്നതുമാത്രമല്ല അതിനുകാരണം. കളി നടന്നത് പുള്ളിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു. സ്വന്തം വോട്ട് ചെന്നിത്തല ആര്‍ക്കാണ് ചെയ്തത് എന്ന് ഒന്ന് ഓര്‍ത്തെടുക്കണം. കാരണം രമേശിന്‍റെ ബൂത്തിലടക്കം സജിചെറിയാന്‍ വോട്ട് തൂത്തുവാരി കൊണ്ടുപോയി. തനിക്കൊപ്പം നിന്നിട്ട് മറുകണ്ടം ചാടിയവനായിരുന്നിട്ടുകൂടി വിജയകുമാറിനായി മുണ്ടും മുറുക്കി  ഇറങ്ങിയിട്ടും നാട്ടുകാരെ അക്കാര്യം പറഞ്ഞ് മനസിലാക്കാന്‍ രമേശന് കഴിഞ്ഞില്ല. തോറ്റാന്‍ ഞാന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന് രഹസ്യമായി പരിചയക്കാരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ സ്വന്തം വാര്‍ഡിലെങ്കിലും അതിന്‍റെ ഗുണമുണ്ടായേനേ. ബ്ലഡി ഗ്രാമവാസി അയല്‍വാസീസ്

സര്‍ക്കാരിന് മാത്രമാണ് ഈ മെഷിനറി എന്ന സംവിധാനമുള്ളത്. പ്രതിപക്ഷത്തെ മെഷിന്‍ കേടായിരുന്നത്രേ.  ഗവണ്‍മെന്‍റിനെ ഒക്കെ ഒന്ന് വിമര്‍ശിച്ച് ചെന്നിത്തല ഇങ്ങനെ പ്രതിപക്ഷ നേതാവായി ഗിയര്‍ മാറി വരുവാരുന്നു. എയ്യുന്ന അമ്പെല്ലാം പിണറായി ഡയറിയില്‍ കുറിച്ചിടുന്നുണ്ടെന്ന് ചെന്നിത്തല ഓര്‍ത്തില്ല. മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പുപോലെ ഈസിയാണ് കാര്യങ്ങവ്‍ എന്നുകരുതി ഇരുന്നപ്പോളാണ് സ്വന്തം നാട്ടില്‍ കാലിടറിയത്. എന്തായായലും ചെന്നിത്തലയെ പത്ത് പറയാന്‍ പിണറായി തിരഞ്ഞെടുത്ത് ഈ ദിവസമാണ്. ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിച്ച ദിവസം. കള്ളന് കഞ്ഞിവെച്ചവന്‍ എന്ന് വിളിക്കാതെ മര്യാദ കാണിച്ച പിണറായി പക്ഷേ കള്ളന്‍ എന്ന് വിളിക്കാതിരുന്നില്ല.

ഉമ്മനും രമേശനും ഒരേതെങ്ങിലെ ഓലകളില്‍ നിന്നുള്ള ഈര്‍ക്കില്‍ ഉപയോഗിച്ചുണ്ടാക്കിയ ചൂലുമായാണ് ഇക്കുറി തിരഞ്ഞെടുപ്പ് തൂത്തുവാരാന്‍ പോയത്. അവിടെ ചെന്നപ്പോള്‍ പക്ഷേ ആണ്‍പിള്ളേള്‍ എല്ലാം വാരികൊണ്ടു പോയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാര്യം പരിതാപകരമാണ്. യുഡിഎഫിന് കൃത്യമായ മുന്‍തൂക്കമുള്ള ഒരു മണ്ഡലത്തില്‍ സ്വന്തം ഗ്രൂപ്പുകാരനെ ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ കഴിയാത്ത ആളാണ് മഷിയിട്ട് നോക്കിയാല്‍ കോണ്‍ഗ്രസുകാരെ കാണാന്‍ കിട്ടാത്ത ആന്ധ്രയില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ പോയിരിക്കുന്നത്. പിന്നെ ഒരു കാര്യത്തില്‍ ആശ്വസിക്കാം. ചെങ്ങന്നൂരില്‍ യുഡിഎഫ് ജയിച്ചിരുന്നെങ്കില്‍ ചെന്നിത്തല പൊട്ടി പൊട്ടി ചിരിക്കുമായിരുന്നു. അങ്ങനിപ്പോ ചിരിക്കണ്ട

ഈ ഡയലോഗ് വേറെ എവിടോ കേട്ടാരുന്നല്ലോ

ഒകെ .നിങ്ങള്‍ തമ്മില്‍ സംസാരിച്ച് പരാജയ തിയറി ഉണ്ടാക്കിയതല്ലെന്ന് മനസിലായി. പുതുപ്പള്ളി ദര്‍ബാര്‍ പോലും വേണ്ട എന്നുവച്ചിട്ടാണ് ഉമ്മന്‍ ചാണ്ടി ചെങ്ങന്നൂരിലേക്ക് പൊറുതി മാറ്റിയിരുന്നത്. വാട് വാടകക്കായി ചിലവാക്കിയ തുകപോലും മുതലായില്ലല്ലോ. സാരമില്ല പരിഹാരമുണ്ട്.  ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ ചെല്ലുക. ഹൈദരാബാദിന് എപ്പോളാണ് ഇനി വണ്ടി എന്നു ചോദിക്കുക. പിന്നെ കള്ളവണ്ടിയെങ്കില്‍ കള്ളവണ്ടി.