കീഴാറ്റൂരിലേക്ക് നേതാക്കളുടെ ഒന്നൊന്നര വരവ്

കീഴാറ്റൂരും വയല്‍കിളികളും ബൈപാസ് സമരവുമൊക്കെ ഒരര്‍ഥത്തില്‍ ഒരു സന്ദര്‍ഭമാണ്. കേരളത്തിന്റെ വിസ്ത്ൃതി എത്രയാണെന്ന് പി.സി.ജോര്‍ജിനോട് ഇപ്പോ പോയി ചോദിച്ചു നോക്കൂ, നീളവും വീതിയും ഒക്കെ ഞൊടിയിടയില്‍ പറയും. ഒരു പദ്ധതി എങ്ങനെ പഠിക്കണമെന്ന് കെ.സുധാകരനോട് ചോദിച്ചാമതി. സമരഭൂമിയില്‍ ആരും കാണാത്തത് ബൈനോക്കുലര്‍ വച്ച് നോക്കി കണ്ടിട്ടാണ് സുധീരന്‍ വരുന്നത്. ബിജെപിക്കാര്‍ക്ക് മാന്തിയെടുക്കാന്‍ പോകുന്ന കളിമണ്ണിന്റെ കണക്കറിയാം. സിപിഎം അനുകൂലിക്കാതായതോടെ ആര്‍ക്കൊക്കെയാണ് കീഴാറ്റൂര്‍ സമരം ഒരുവസരമായത്. പണ്ട് ആറന്‍മുളയിലാണ് ഇങ്ങനെ കണ്ടത്. 

ശാസ്ത്ര സാഹിത്യ പരിഷത്ത്  പാടി നടന്ന പാട്ടാണ്. ഇപ്പോ അ സിപിഎം വിരുദ്ധ വരികളായി.  അപ്പോള്‍ പറഞ്ഞുവന്നത്, സുധീരന്‍ സുധാകരന്‍ സുരേഷ് ഗോപി, പിന്നെ പി.സിജോര്‍ജ്, ഗോപാലകൃഷ്ണന്‍ ഇത്യാദി എണ്ണത്തില്‍ വളരെ കുറവായി ഇനം രാഷ്ട്രീയ നേതാക്കളാണ് കേരളത്തെ കീഴാറ്റൂരിലേക്ക് എത്തിക്കാന്‍ മുന്നില്‍ നിന്നത്. വി.എം.സുധീരനാണെങ്കില്‍ ഇപ്പോ വല്യ തിരക്കില്ലാത്ത ആളാണ്. ഇടപെടുന്ന വിഷയങ്ങള്‍ വളരെ സിലക്ടീവും ആണ്. നേരത്തെ ഗെയില്‍ സമരത്തിലായിരുന്നു കണ്ടത്. പുതിയ റിലീസാണ് കീഴാറ്റൂര്‍ സമരം. ഇങ്ങനെ ഗസ്റ്റ് റോളില്‍ വന്ന് കൈയ്യടി നേടിയാണ് മടക്കം. വെറും വരവല്ല. നമ്മള്‍ കാണാത്ത പലതും ബൈനോക്കുലര്‍ വരെ വച്ച്  നോക്കി കണ്ടശേഷമാണ് ആ വരവ്.