വീണ്ടും കസറി തോമസ് മാഷ്

മുണ്ടുമുറുക്കിയുടുത്ത് സാഹിത്യ ബജറ്റവതരിപ്പിച്ച് എല്ലാവരെയും ചിന്താകുലനാക്കിയ തോമസ് ഐസക് ഒടുവില്‍ പച്ച മനുഷ്യനായി ബജറ്റ് ചര്‍ച്ചക്ക് മറുപടി പറഞ്ഞു. സാറാ തോമസ് ഉള്‍പ്പെടുന്ന സാഹിത്യകാരികള്‍ തന്‍റെ രക്ഷക്കെത്തില്ലെന്ന് തിരിച്ചറിഞ്ഞതിനാലാവണം മറുപടിയില്‍ ഇവരെ ആരെയും ജുബാക്കാരന്‍ പരാമര്‍ശിച്ചില്ല. ചില ജീവിതങ്ങള്‍ കണ്ടിട്ടില്ലേ പട്ടിണിയും വിശപ്പും കടവുമെല്ലാം പെരുകുമ്പോള്‍ എല്ലാം മറക്കാന്‍ ഒരു പാട്ട് കേള്‍ക്കുന്നവര്‍, സിനിമ കാണുന്നവര്‍ അതാണ് ഇവിടെയും നടന്നത്. കണക്കുകള്‍ രണ്ടറ്റവും കൂട്ടിമുട്ടാതെ ചൂളം വിളിച്ച് നീണ്ടപ്പോള്‍ തോമസ് ഐസക്കും സാഹിത്യത്തില്‍ അല്‍പ്പം ആശ്വാസം തേടി. നാട്ടുകാര്‍ അതിനെ ബജറ്റ് എന്നു വിളിച്ചു

കോടിയേരിയുടെയും മക്കളുടെയും കഥചികയുന്ന തിരക്കിലായതിനാല്‍ ബജറ്റ് ചര്‍ച്ചക്ക് സഭയില്‍ വലിയ ശ്രദ്ധയൊന്നും പ്രതിപക്ഷം നല്‍കിയിരുന്നില്ല. അതാണ് ഐസക്കിന് ആശ്വാസമായതും.  അല്ലെങ്കില്‍ കടത്താല്‍ നില്‍ക്കക്കള്ളിയില്ലാതെ കയറും കഴുത്തിലിട്ട് നില്‍ക്കുന്ന ഐസക്കിനെ അരുതാത്തതിന് പ്രേരിപ്പിക്കേണ്ട എന്ന് പ്രതിപക്ഷവും വിചാരിച്ചുകാണും. കണക്കുകൂട്ടാന്‍ അറിയാവുന്ന രണ്ടു വീരന്മാരാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. രണ്ട് മുന്‍ ധനമന്ത്രിമാര്‍. ഒരാള്‍ ഉമ്മന്‍ ചാണ്ടിയാണ്. ചെന്നിത്തലക്കുവേണ്ടി ഐസക്കിനെ വലിച്ചുകീറാന്‍ എന്തായാലും ചാണ്ടിച്ചന്‍ മുതിര്‍ന്നില്ല. മറ്റേയാള്‍ സാക്ഷാല്‍ മാണിസാറാണ്. പുള്ളിക്ക് ഇതിലൊന്നും ഇപ്പോള്‍ തീരെ താല്‍പ്പര്യമേയില്ല. പഴയ ലഡുബജറ്റിന്‍റെ ഒര്‍മ്മകള്‍ നുണഞ്ഞ് ഇങ്ങനെ കഴിഞ്ഞുപോവുകയാണ്.  കടവും കടപ്പാടും കഷ്ടപ്പാടും നെടുവീര്‍പ്പോടെ വിശദീകരിക്കുകയാണ് ഐസക്