നേരേ(N) ചൊവ്വേ(C) പോകില്ല(P)

ആലിൻകായ പഴുത്തപ്പോൾ കാക്കക്ക് വായിൽപുണ്ണ് എന്നുപറഞ്ഞപോലെയാണ് കേരളത്തിലെ എൻ സി പിയിലെ കാര്യം. വല്ലപ്പോഴുമാണ് മന്ത്രിസ്ഥാനമൊക്കെ ഒത്തുവരുന്നത്, പറഞ്ഞിട്ടെന്താ.. കസേരയിലിരുന്ന് തുടങ്ങുമ്പോൾ എന്തെകിലും പുലിവാല് പിറകെവരും ഇങ്ങനെ ഇറങ്ങികൊടുക്കേണ്ടിയും വരും. ഇത്തവണ ടീമിലെ എല്ലാവരും ഔട്ടായി നിൽക്കുമ്പോളാണ് പുറത്തുനിന്ന് ആളെയിറക്കാൻ ഒരു ശ്രമം നടത്തിയത്. കാസ്റ്റിംഗ് കോള് കേട്ടതും കൊട്ടാരക്കരയിൽ നിന്ന് ഗണേശനും കോവൂരുനിന്ന് കുഞ്ഞുമോനുമൊക്കെ ചാടിയിറങ്ങി. പിന്നെ അഭിനയത്തോട് അഭിനയമായിരുന്നു. സംവിധായകൻ ശരത് പവാർ ഹിന്ദിയിൽ എന്തൊക്കെയോ പറയും അതുകേട്ട് ഇരുവരും കയ്യടിച്ചു പൊട്ടിച്ചിരിക്കും. സംഗതി ഇപ്പോഴാണ് പുറത്തുവരുന്നത് അതോടെ ഗണേഷിന്റെ ചിരി വെറുതെയായിപ്പോയി. കോവൂർ കുഞ്ഞുമോന്റെ ചാട്ടമാണ് പവാർ ജിക്ക് ഇഷ്ടമായത്, അല്ലെങ്കിലും കുഞ്ഞുമോന്റെ ചാട്ടവും ഓട്ടവും കരണംമറിച്ചിലുമൊക്കെ വളരെ ഫെയ്മസ് അല്ലെ .. സന്തോഷിച്ചാട്ടെ കുഞ്ഞുമോനെ