സകലതും പാളി

സിപിഎമ്മിനോട് നന്ദികേട് കാട്ടിയവര്‍ ചില്ലറയല്ല. അത് നാട്ടുകാര്‍ക്ക് അറിയാവുന്നതുമാണ്. പക്ഷെ, നന്ദിയുള്ള ഒരാളെങ്കിലും ഉണ്ട് എന്ന് കേള്‍ക്കുന്നത് ഒരു സുഖമാണ്. കോട്ടയത്താണ് കക്ഷിയുടെ സ്വദേശം. ഒരുകാലത്ത് സിപിഎം അദ്ദേഹത്തെ വിളിച്ചതെറിക്ക് കയ്യും കണക്കുമില്ല. എന്നിട്ടെന്താ അദ്ദേഹം അതൊന്നും മനസ്സില്‍വയ്ക്കുന്ന ആളല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. ഭൂതകാലം മറക്കാന്‍ ആഗ്രഹിക്കുന്ന അദ്ദേഹമിപ്പോള്‍ പുതിയ പദ്ധതികളുടെ തിരക്കിലാണ്.

ഒരു ഇഷ്യൂവുമില്ല. കാര്യം നേരേ ചൊവ്വേ മലയാളത്തിലങ്ങ് പറയണം. ഇത് ചുമ്മാ അതുകൊള്ളാം ഇതുകൊള്ളാം എന്ന് പറഞ്ഞോണ്ടിരുന്നിട്ട് ആര്‍ക്കെങ്കിലും വല്ല ഗുണവുമുണ്ടോ. ഇലക്ഷനൊക്കെ വരികയാണ്. പദ്ധതിയെന്ന് പറഞ്ഞാപ്പോരാ. നടപ്പാക്കണം. വൈകിയാല്‍ സകല പദ്ധതികളും പാളും. മറക്കേണ്ട. സംശയമുണ്ടെങ്കില്‍ ജോസ്മോനോണ് ചോദിച്ചാമതി. പലവട്ടം പദ്ധതി പാളി പെട്ടുപോയ ആളാണ് കക്ഷി. 

പദ്ധതി പാളിപ്പോയ മറ്റൊരാളുകൂടിയുണ്ട്. ഫോണ്‍ വിളിച്ചതിന്റെ പേരില്‍കസേരപോയ എ.കെ.ശശീന്ദ്രന്‍. തോമസ് ചാണ്ടി കായലില്‍കുടങ്ങി വീണപ്പോ വീണ്ടും കസേര ഉറപ്പിച്ചതാണ്. കുപ്പായമൊക്കെ റെഡിയാക്കിവയ്ക്കുന്നതിനിടയിലാണ് പുതിയ ചതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരാതിക്കാരിയങ്ങ് പിന്‍വലിച്ചു. ശശീന്ദ്രന്‍ ആരായി.