കുറുന്തോട്ടിക്ക് വാതം

രോഗഗ്രസ്ഥമാണ് കാലം എന്നൊക്കെ ജി.സുധാകരനെപ്പോലുള്ള ദീര്‍ഘദൃഷ്ടിയുള്ള മഹാകവികള്‍ മുമ്പേ പച്ചമലയാളത്തില്‍ മൊഴിഞ്ഞതാണ്.ആരും കേട്ടില്ല. കുറുന്തോട്ടിക്കും വാതംവരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. അല്ലായിരുന്നുവെങ്കില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറെ, മതി കടക്ക് പുറത്ത് എന്നുപറഞ്ഞ് സഹഡോക്‌ടര്‍മാര്‍ തന്നെ ഓടിച്ചുവിടുമോ. ഒരിക്കലുമില്ല. കോമഡിയല്ല, ദുരന്തമാണത്. 

ആ അമ്മയുടെ കണ്ണിലും കണ്ണീരിലും ഒരു കാര്യം വ്യക്തമാണ്. അവരുടെ വേദനയുടെ ഏഴയലത്ത് വരില്ല ഈ ഡോക്ടര്‍മാര്‍ പറയുന്ന പുതിയ ബില്ലുണ്ടാക്കുന്ന പ്രശ്നങ്ങള്‍. രോഗം വന്നിട്ടല്ല ചികില്‍സിക്കേണ്ടത്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നൊക്കെ ഡോക്ടര്‍മാര്‍ തന്നെയാണ് പലപ്പോഴും തള്ളാറ്. എങ്ങാനും രോഗംവന്നാല്‍ സകലരോഗികളെയും തള്ളാനുള്ള ആര്‍ജവം കാട്ടിയത് ഭയങ്കര തൊലിക്കട്ടിയായിപ്പോയി. അതൊരു രോഗലക്ഷണംകൂടിയാണെന്ന് കാണുന്നവര്‍ക്ക് മനസ്സിലാക്കാന്‍ എംബിബിഎസ് എടുക്കേണ്ട ആവശ്യമൊന്നുമില്ല. 

രോഗികളെ മാത്രമല്ല, മുന്നില്‍വരുന്ന ആരെയും പരിഹസിക്കാന്‍ ആര്‍ക്കും നിയമം ലൈസന്‍സ് കൊടുത്തിട്ടില്ല. ദൈവദൂതന്മാരെന്നൊക്കെ നാട്ടുകാര്‍ കരുതുന്ന ഡോക്ടര്‍മാരില്‍നിന്ന് അങ്ങനെയുണ്ടായാല്‍ അത് ഗുരുതരമാണ്. അതിനുള്ള ചികില്‍സ നിലവിലുള്ള അത്യാഹിതവിഭാഗങ്ങളില്‍ ലഭ്യമല്ലെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കാത്തതാണ് കഷ്ടം. പരമകഷ്ടം.