കുമ്മനടിച്ച് പി.സി

ജെഎസ്എസിന്‍റെ സംസ്ഥാന സമ്മേളനം നടക്കുന്നുണ്ട്. രാജന്‍ ബാബുവും സംഘവും ഇപ്പോ എന്‍ഡിഎയില്‍ ആയ സ്ഥിതിക്ക് കുമ്മനം രാജശേഖരനെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സ്വന്തം പാര്‍ട്ടിപരിപാടിക്ക് പുറത്തുള്ള ഒരു പരിപാടിക്ക് ഉദ്ഘാടകനായി എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു അദ്ദേഹം.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്. കുമ്മനം പറഞ്ഞതൊക്കെ കേട്ടിരിക്കാന്‍ വേറൊരാളുണ്ടായിരുന്നു അവിടെ വേദിയില്‍.സാക്ഷാല്‍ പി.സി.ജോര്‍ജ്. എന്‍ഡിഎയില്‍ ഇല്ലാത്ത ഒരു പാര്‍ട്ടിക്കാരനെക്കൂടി സമ്മേളനത്തിന് വിളിച്ചുവരുത്തിയ രാജന്‍ ബാബുവിന് നല്ല നമസ്കാരം. തന്‍റെ പാര്‍ട്ടിയുടെ പരിപാടി നാലാള്‍ അറിയാന്‍ പി.സിയെപ്പോലെ ഒരാളെ കൊണ്ടുവരുന്നതില്‍ ഒരു തെറ്റുമില്ല. കണ്ടിട്ടില്ലേ, ചില താരങ്ങളെ ഇറക്കി ചടങ്ങ് മോടികൂട്ടുന്നതുപോലെ ഒരു പരിപാടി. പക്ഷേ കിട്ടിയതെല്ലാം കുമ്മനത്തിനാണെന്നുമാത്രം.

ജെഎസ്എസിന്‍റെ എന്‍ഡിഎയിലെ ഭാവി എന്താണെന്ന്കൂടി പറയാമായിരുന്നു. അവര്‍ക്കിനി നാളെയുണ്ടോ, മറ്റെന്നാളുണ്ടോ അതോ ഇന്നലെകള്‍ മാത്രമേയുള്ളോ എന്നതില്‍ ഒരു ക്ലാരിറ്റിക്കുറവുണ്ട്. എന്തൊക്കെയായാലും പി.സി. സാഹചര്യം നോക്കിയാണ് ഇത്രയും പറഞ്ഞത്.

ഇനിയിപ്പോ പി.സിയെ പേടിച്ച് കുമ്മനംജി നേരത്തെ പോയതാണോയെന്നും അറിയില്ല.