പൊരിഞ്ഞ പോരാട്ടമായിരുന്നു

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഉദ്വേഗജനകമായ തിരഞ്ഞെടുപ്പ് ഗുജറാത്തിലേതാണ്. കാരണം ആ നാട്ടിലും ഈ രാജ്യത്തും ഒരാളാണ് ഭരിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയല്ല മറിച്ച് മുഖ്യമന്ത്രായണെന്ന് കരുതുന്നവരാണ് ഗുജറാത്തിലേറെ പേരും. ഇനി ഗുജറാത്തിന്‍റെ പ്രധാനമന്ത്രി എന്നു വേണമെങ്കിലും വിചാരിക്കും. ഗുജറാത്ത് മോഡല്‍ വികസനത്തിന്‍റെ ഒരറ്റം ഇങ്ങനെയുള്ള ചിന്തകള്‍ക്ക് ശക്തി പകര്‍ന്നു എന്നേയുള്ളു. തിരഞ്ഞെടുപ്പില്‍ ഏതായാലും ബിജെപി പിന്നേയും ജയിച്ചു. ഇതിപ്പോ ആറാം തവണയാണ് അവര്‍ ജയിക്കുന്നത്. കോണ്‍ഗ്രസ് ഇതാ തിരിച്ചുവരുന്നേ വരുന്നേ എന്നൊക്കെ കേട്ടിരുന്നതാണ്. പക്ഷേ വല്ലാതയങ്ങ് കാണാന്‍ സാധിച്ചില്ല. 

ഒരു കണക്കില്‍ കോണ്‍ഗ്രസ് ജയിച്ചു എന്നൊക്കെ പറയുന്നവരും വിശ്വസിക്കുന്നവരും ഉണ്ട്. അന്യം നിന്നു പോവുകയാണല്ലോ ഈ പാര്‍ട്ടി എന്നു തോന്നിയ ഇടത്തുനിന്ന് ഇത്രേയും സീറ്റൊക്കെ കിട്ടിയ സ്ഥിതിക്ക് അതില്‍ കുറച്ചൊരു കാര്യം ഇല്ലാതെയുമില്ല. അധികാരം കിട്ടും എന്നൊക്കെയാണ് വോട്ട് എണ്ണുന്നതിനു മുമ്പ് വരെ രാഹുലിനും ടീമിനും തോന്നിയത്.