ഓഖിയെ ഒഴിയാന്‍ അനുവദിക്കാതെ പ്രതിപക്ഷം

ഓഖി ചുഴിലിക്കാറ്റ് കേരളത്തിനുണ്ടാക്കിയ വേദന ചില്ലറയല്ല. ചുഴലിക്കാറ്റ് കേരളംവിട്ടപ്പോഴാണ് എല്ലാവരുടേയും ശ്വാസംനേരെ വീണത്. പക്ഷെ, പോവല്ലേ ഓഖീ പോവല്ലേ ഓഖീ എന്നുംപറഞ്ഞ് കുറേ നേതാക്കള്‍ നടക്കുന്നുണ്ട്. സംഗതി രാഷ്ട്രീയമാണ്. പക്കാ രാഷ്ട്രീയം. കടലില്‍ പോയവരില്‍ മടങ്ങിയെത്താന്‍ ഇനിയും കുറേപ്പേരുണ്ട്. അവരെ അന്വേഷിക്കാനല്ല, അതിനിടയില്‍ രാഷ്ട്രീയനേട്ടം വല്ലതും തടയുമോ എന്ന് അന്വേഷിക്കാനാണ് പലര്‍ക്കും താല്‍പര്യം. 

തെരച്ചിലും ആത്മഗതവും തീര്‍ന്നെങ്കില്‍ തീര്‍ച്ചയായും തുടങ്ങാം. പറയാനുള്ളത് ഓഖിയെകുറിച്ച് തന്നെയാവുമല്ലോ. സര്‍ക്കാര്‍ പരാജയമാണെന്ന് പറയാനാണെങ്കില്‍ ആ മൈക്ക് മാറ്റിവച്ചശേഷം പറയുന്നതാണ് നല്ലത്. കാരണം മൈക്കിന് പോലും ബോറടിച്ചിട്ടുണ്ടാകും. പറഞ്ഞോളൂ. 

അതെ, കാര്യക്ഷമതയുടെ കാര്യത്തില്‍ പിണറായി വിജയനും റവന്യൂമന്ത്രിയുമൊക്കെ പ്രതിപക്ഷത്തെ കണ്ടുപഠിക്കണം. പടയൊരുക്കം എന്ന ഒറ്റപ്പരിപാടി മതി ചെന്നിത്തല എന്ന ലോകനേതാവിന്റെ കാര്യക്ഷമത മനസ്സിലാക്കാന്‍. എന്തൊയിരുന്നു ഒരു ഓളം. കേരളം ഇളക്കിമറിച്ചെങ്കിലും ഓഖിയില്‍കുടുങ്ങി സമാപനം മുടങ്ങിപ്പോയി. സമാപനച്ചടങ്ങിന്റെ തിയ്യതികുറിച്ചുകഴിഞ്ഞു. രണ്ടുതാരങ്ങളുണ്ടാകും സമാപനത്തിന്. ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും. പടയൊരുക്കം ഒരിക്കലും അവസാനിക്കരുതെന്ന പ്രാര്‍‍ഥനയായിരുന്ന രമേശ്ജിക്ക്. അതുകൊണ്ടാണ് ജാഥയുടെ പേരില്‍ ഒരുക്കം എന്ന് വച്ചതുതന്നെ. ചുറ്റും ആള്‍ക്കൂട്ടം. ചുമലിലേറ്റാന്‍ പ്രവര്‍ത്തകര്‍. ഓ അതൊക്കെയൊരു കാലം. 

ഒരു ചുഴലിക്കാറ്റുമൂലം ഡല്‍ഹി മുഴുവന്‍ കേരളത്തിലെ നേതാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിഷയം ഓഖിയാണ്. എല്ലാവര്‍ക്കും ഒരേയൊരു ലക്ഷ്യം. മോദിയേയോ രാജ്നാഥ് സിങിനെയോ കണ്ട് ആ പിണറായി വിജയനെ കണ്ട് കുറ്റം പറയണം. കേന്ദ്രസര്‍ക്കാരിനെകണ്ട് സങ്കടം ബോധിപ്പിക്കുന്ന കൂട്ടത്തില്‍ സ്വയം പൊക്കിപ്പറയലാണ് മറ്റൊരുപരിപാടി. കാറ്റുനോക്കി വിത്തെറിയാന്‍ നേതാക്കളെ ആരും പഠിപ്പിക്കേണ്ട.