കടക്കുപുറത്തല്ല, ഇരിക്ക് അകത്ത്

മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെ ഇന്ന് മാധ്യമങ്ങളെ വിളിച്ചുവരുത്തിയിരുന്നു. എന്നുവച്ചാല്‍ സഖാവിന് ഈ നാട്ടുകാരോട് എന്തോ അറിയിക്കാനുണ്ടായിരുന്നു എന്നര്‍ഥം. പക്ഷേ ഈ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസത്തെ അനുഭവമൊക്കെ മനസില്‍വച്ചാണ് പോയത്. ഏത്, സെക്രട്ടറിയേറ്റിന്‍റെ പടികയറ്റാന്‍ സമ്മതിക്കാതെ പുറത്തുനിര്‍ത്തിയ ആ സംഭവം. പക്ഷേ ഇത് ചോദ്യമാവുമെന്നും അതിനുഉത്തരം നല്‍കേണ്ടിവരുമെന്നും അറിയാതെ വാര്‍ത്താസമ്മേളനം വിളിക്കാന്‍ തിരുമണ്ടനൊന്നും അല്ലല്ലോ പിണറായി സഖാവ്. മാത്രമല്ല വലിയ ബുദ്ധിമാനുമാണെന്നാണ് വയ്പ്പ്. അതുകൊണ്ട് കൃത്യമായ തിരക്കഥയുണ്ടാക്കിക്കൊണ്ടാണ് വന്നത്. ഈ കഥയൊക്കെ മെനയുമ്പോള്‍ ലൂപ് ഹോളുകള്‍ ശ്രദ്ധിക്കണം. ഇവിടെത്തന്നെ മുഖ്യമന്ത്രിയുടെ കഥപറച്ചിലിന്‍റെ തുക്കത്തിലേ അത് പാളി. അയ്യോടാ ഈ പഞ്ചപാവം മുഖ്യമന്ത്രിയെയാണല്ലോ ഈ മലയാളമാധ്യമലോകം ഒന്നാകെ സംശയിച്ചുപോയത്. പാടില്ലായിരുന്നു. ഏതായാലും ബാക്കികൂടി കേള്‍ക്കാം. 

ശ്രദ്ധിച്ച് കേട്ടവര്‍ക്ക് മനസിലായിക്കാണണം. അതായത് കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറുമ്പോള്‍ മാധ്യമങ്ങളെ വിളിക്കണോ എന്ന ചോദ്യത്തിന് വേണ്ടെന്ന് താന്‍ പറ​ഞ്ഞതായി അദ്ദേഹം തന്നെ അറിയിക്കുന്നു. അപ്പോ പിന്നെ മുഖ്യമന്ത്രി വരുന്നതിന് മുമ്പേ മാധ്യമങ്ങളെ അങ്ങോട്ട് കടത്തിവിടാത്തത് അവിടുത്തെ സെക്യൂരിറ്റിക്കാരുടെ ദിവ്യദൃഷ്ടിയുടെ ഗുണമാണ്. മുഖ്യമന്ത്രി മരത്തില്‍ കാണുമ്പോള്‍ ഇങ്ങനെ മാനത്ത് കാണാന്‍ കഴിയുന്ന ഇത്തരം സെക്യൂരിറ്റിക്കാരാണ് ഈ സര്‍ക്കാരിന്‍റെ ഭാഗ്യം.

ഇനിയങ്ങോട്ട് ഉപദേശങ്ങളുടെ പൂരമാണ്. മാധ്യമങ്ങളൊന്ന് നന്നായിക്കാണാന്‍ ഇത്രയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെ ഈ നാട്ടില്‍ ആദ്യമായാണ്. പണ്ട് നായനാരൊക്കെ മാധ്യമങ്ങളെ പരിഹസിച്ച് കൊല്ലാറായിരുന്നു പതിവ്. പൊതുവെ മാധ്യമങ്ങളെ കണ്ടുകൂടാത്തവരാണ് ഈ ആഗോള കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രക്കാര്‍. അതിപ്പോ ചൈനയായാലും ഉത്തരകൊറിയയായാലും അങ്ങനെയൊക്കെത്തന്നെയാണ്. അതറിയാത്ത സഖാക്കളാണ് ഇവിടെ കേരളത്തിലിരുന്ന് മാധ്യമസ്വാതന്ത്ര്യമെന്നൊക്കെ പറയുന്നത്. അപ്പോ ശരിക്കും തെറ്റ് മാധ്യമങ്ങളുടെ ഭാഗത്താണ്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ മനസിലാക്കാനുള്ള ബുദ്ധി ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് ഇല്ലാതെപോയി. അതാണ് പിണറായി വിജയന്‍ ഓര്‍പ്പിക്കുന്നത്.

മാധ്യമങ്ങള്‍ ഒരിടത്ത് നിന്ന് തരുന്നത് വാങ്ങിച്ചുവയ്ക്കുന്ന രീതിയാണ് നല്ലതെന്നാണ് മുഖ്യമന്‍റെ അഭിപ്രായം. ഈയിടെ അങ്ങനെയൊക്കെ കണ്ടത് ബിജെപി ഭരിക്കുന്ന ഇടങ്ങളിലാണ്. അവിടെ പലയിടത്തും പിണറായി വിജയനെ കാലുകുത്തിക്കാതെ തിരിച്ചയക്കാന്‍ സംഘപരിവാറിന് സാധിച്ചിട്ടുമുണ്ട്. പിന്നെയല്ലേ മാധ്യമങ്ങളുടെ കാര്യം. ഇനിയിപ്പോ ഈ പറയുന്ന സംസ്ഥാനങ്ങള്‍ അങ്ങ് ചൈനയിലോ ക്യൂബയിലോ മറ്റോ ആയിരിക്കുമോ? ആ...ആര്‍ക്കറിയാം.

ഇതൊക്കെ കേട്ടാല്‍ തോന്നും ഈ സോളര്‍ വിവാദകാലത്തൊക്കെ മാധ്യമങ്ങള്‍ തുണി പറിച്ച് തലയില്‍ കെട്ടി ഇവിടെ ഡപ്പാം കൂത്തും കളിച്ചു നടക്കുകയായിരുന്നെന്ന്. അന്ന് ഉമ്മന്‍ചാണ്ടി ഇങ്ങനെ ഗീതോപദേശം തരാന്‍ വന്നിരുന്നെങ്കിലുള്ള ഒരവസ്ഥ ആലോചിച്ചു നോക്കിയേ. അതിനേ സമയം കാണുമായിരുന്നുള്ളു. ഇനി ഇപ്പോ ഈ ഉപദേശിക്കുന്ന സഖാക്കള്‍ അന്ന് അങ്ങേരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചോദിക്കുന്നത് കണ്ടിട്ട് സഹിക്കാന്‍ വയ്യാതെ മാധ്യമങ്ങളെ തിരുത്താന്‍ വന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. അപ്പോള്‍ അതൊക്കെ അധികാരം കിട്ടുമ്പോള്‍ മാത്രം തികട്ടി വരുന്ന ഒരു രോഗം മാത്രമാണിത്.

അല്ലെങ്കിലും ഏകാധിപതികള്‍ക്ക് പണ്ടേ മാധ്യമങ്ങളെ ഇഷ്ടമില്ല. ഇതെന്തോ പുതിയ കാര്യംപോലെ കാണുന്നതേ തെറ്റ്. 

ചുരുക്കത്തില്‍ സെക്രട്ടറിയേറ്റില്‍ കയറാന്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയാണ് ഗംഭീരം. നൈസായിട്ട് കുറെ ഉപദേശം കിട്ടി. ൈമക്ക് കൊണ്ട് ഇടിപ്പിച്ച് മുഖ്യമന്ത്രിയുടെ മൂക്കിന്‍റെ പാലവും കവിളിലെ മസിലുകളും തകര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അല്ലെങ്കിലും ഇങ്ങനെയൊക്കെ കിട്ടണം.