സെക്രട്ടറിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ്

മന്ത്രി ഒരു കൗതുകത്തിന് ഫോണ്‍ വിളിച്ച വിഷയത്തില്‍ അന്വേഷണകമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ടിലേക്ക് വരുന്നതിന് മുമ്പ് അത് റിപ്പോര്‍ട്ട് ചെയ്യാന്‍പോയ റിപ്പോര്‍ട്ടര്‍മാരെകുറിച്ചാണ് ആദ്യം പറയാനുള്ളത്. സോളര്‍ റിപ്പോര്‍ട്ടിനോളം വരില്ലെങ്കിലും ശശീന്ദ്രന്‍റെ റിപ്പോര്‍ട്ടും മോശമാകില്ലെന്ന് ഉറപ്പിച്ചാണ് എല്ലാവരും രാവിലെത്തന്നെയെത്തിയത്. അപ്പോഴാണ് മുഖ്യമന്ത്രിയുടെ പുതിയ തിട്ടൂരത്തെകുറിച്ച് അറിയുന്നത്. കടക്കു പുറത്ത് എന്ന് കേട്ട് കേട്ട് ശീലമായെങ്കിലും അനുഭവിച്ചത് ഇന്നായിരുന്നു. സഖാവ് വിജയന്‍ സിന്ദാബാദ്. 

അത് തന്നെയാണ് നമ്മള്‍ക്കും മനസ്സിലാവാത്തത്. പിണറായിക്ക് എന്താണ് പ്രശ്നം. സകലപ്രശ്നവും രമ്യമായി പരിഹരിക്കാമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ഈ പ്രശ്നം മാത്രം എന്തുകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നില്ല. സെക്രട്ടറിയേറ്റില്‍ കടന്നുപോകരുതെന്ന് പറയുംമുമ്പ് അത് എകെജി സെന്ററല്ല എന്നെങ്കിലും മിനിമം ആലോചിക്കണമായിരുന്നു. ജനങ്ങള്‍ക്കൊപ്പമുണ്ട് ഈ സര്‍ക്കാര്‍ എന്ന് വെറുതെ പറഞ്ഞാല്‍പ്പോരാ. അത് നാട്ടുകാരറിയാനും അവര്‍ക്കങ്ങനെ തോന്നാനുമൊക്കെ ഈ മാധ്യമങ്ങള്‍ വേണം. സംശയമുണ്ടെങ്കില്‍ സിപിഐക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. 

അതെ, ജയപ്പൂരല്ല. കേരളമാണ്. കേരളം തന്നെയാണ്. മോഡി വാളെടുക്കുമ്പോള്‍ മാത്രം കേരളം ഭയങ്കര സംഭവമാണെന്ന് പറഞ്ഞ് ഇറങ്ങിയാല്‍പ്പോരാ. കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് പറയണമെങ്കില്‍ മാധ്യമങ്ങളെ ഓടിക്കുന്ന പരിപാടി അവസാനിപ്പിക്കണം. ‍പാര്‍ട്ടിക്കാര്‍ പൊലീസിനെ കാണുമ്പോള്‍ പറയുന്ന അതേ വാക്കാണ് മാധ്യമങ്ങളെ കാണുമ്പോള്‍ പിണറായിക്കും. പുല്ലാണെന്ന്. കേരളമായാലും കേരള ഹൗസായാലും പിണറായി പിണറായി തന്നെ. മാധ്യമങ്ങളാകട്ടെ എത്ര കിട്ടിയാലും പഠിക്കുകയുമില്ല.