ഇനി കുട്ട‘നാടൻ’

മലയാളിയുടെ കുറെകാലമായുള്ള വല്ലാത്തൊരു വിങ്ങലായിരുന്നു തോമസ് ചാണ്ടി. ചാണ്ടി രാജിവയ്ക്കുമോ ഇല്ലയോ എന്നുചോദിച്ചാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളീയര്‍ ഉറക്കമുണര്‍ന്നതുതന്നെ. തോമസ്ചാണ്ടി എന്ന മന്ത്രി പക്ഷേ വട്ടം കറക്കുകയായിരുന്നല്ലോ. ആദ്യം പറഞ്ഞു ഏതന്വേഷണവും വരട്ടെ എന്ന്. കലക്ടര്‍ അന്വേഷിച്ചു റിപ്പോര്‍ട്ടും കൊടുത്തു. അപ്പോള്‍ പറഞ്ഞു ആ റിപ്പോര്‍ട്ട് അംഗീകരിക്കില്ലാന്ന്. രാജി വേണമെന്ന് പലരും പറഞ്ഞപ്പോള്‍ പിന്നെ വെല്ലുവിളിയായി. വെല്ലുവിളി തനി നാടന്‍ തല്ലുകാരന്‍റെ സ്റ്റൈലിലേക്ക് മാറിയപ്പോഴെങ്കിലും കരുതി നമ്മുടെ ശക്തരില്‍ ശക്തനായ മുഖ്യമന്ത്രി രാജിവയ്പ്പിക്കുന്നത്. പക്ഷേ ഒടുവില്‍ കോടതി വല്ലതും പറയേണ്ടി വന്നു. അതോടെ സീന്‍ മൊത്തം മാറി. അതുവരെ ആത്മമിത്രങ്ങളായിരുന്നവര്‍ തല്ലുകൂടി പിരിഞ്ഞു. ചാണ്ടി പറയും, ചാണ്ടിയുടെ രാജിയുടെ രാജിക്കഥ. 

ഇരട്ടച്ചങ്ക് ഉണ്ടായതുകൊണ്ട് വിഴുപ്പായ ഏത് മന്ത്രിയെയും തൂക്കിയെടുത്ത് പുറത്തിടാനൊന്നും കഴിയില്ലാന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ടാവും. അല്ലെങ്കിലും ഈ ഇരട്ടച്ചങ്ക് എന്നൊക്കെ പറയുന്നത് ഏതവസ്ഥയിലും ഒരു വികലാംഗത്വം തന്നെയാണ്. അല്ലാതെ ചങ്കിന്‍റെ എണ്ണം കൂടിയതുകൊണ്ട് കാര്യം എളുപ്പമാവണമെന്നില്ല. ചില പേടിപ്പിക്കലൊക്കെ സാധ്യമാവും. അതും എപ്പോഴും ലക്ഷ്യത്തില്‍ പതിക്കണമെന്നുമില്ല. ഇതൊക്കെ പറയാന്‍ കാര്യം കഴിഞ്ഞ ദിവസത്തെ ഇടതുമുന്നണി യോഗത്തിലെ തീരുമാനമാണ്. ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമതീരുമാനം എടുക്കുമെന്നൊക്കെ പറഞ്ഞു. പക്ഷേ ചാണ്ടി വീണത് ഹൈക്കോടതിയുടെ പരാമര്‍ശത്തിലാണ്. അപ്പോള്‍ കോടതിയെങ്ങാനും അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. ചാണ്ടി ഭരിക്കുന്ന പ്രജകളായി നമ്മള്‍ തുടര്‍ന്നേനെ.