മുക്കു മന്ത്രി പിണറായി

തോമസ് ചാണ്ടിയെ പുറത്താക്കണോ വേണ്ടയോ എന്നൊക്കെ ഇനി തീരുമാനിക്കുക പിണറായി വിജയനാണത്രെ. ഇടതുമുന്നണി യോഗം ചേര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. ഇതൊക്കെ കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡിന് വിട്ടു, ഹൈക്കമാന്‍ഡ് സോണിയ ഗാന്ധിക്ക് വിട്ടു, അല്ലെങ്കില്‍ മുസ്്ലിം ലീഗില്‍ അന്തിമ തീരുമാനം പാണക്കാട് തങ്ങള്‍ക്ക് വിട്ടു എന്നൊക്കെ കേട്ടാണ് നമ്മുടെ ശീലം. ഏതായാലും അതൊക്കെ ഇടതുമുന്നണിയിലും സിപിഎമ്മിലും പതിവായിതുടങ്ങുന്നതില്‍ ഒരു രസമുണ്ട്. പക്ഷേ കാനം രാജേന്ദ്രന്‍ ഈ വിഷയത്തില്‍ ഒടുക്കത്തെ ഫോം തുടരുകയാണ്. 

തോമസ് ചാണ്ടിയെ എന്തുകൊണ്ടാണ് പുറത്താക്കതെന്നാണ് മലയാളികള്‍ മൊത്തം ചോദിക്കുന്നത്. ഇരട്ടച്ചങ്കനെന്നൊക്കെ മുഖ്യമന്ത്രിയെ വിളിച്ചവരുടെ വരെ ഉള്ളില്‍ വരെ ഈ ചിന്തയാണ്. ചാണ്ടിയും പിണറായിയും വല്യകൂട്ടാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു നടക്കുന്നത്. ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വരെ വന്ന് നാട്ടുകാരൊക്കെ വായിക്കുകയും ചെയ്തു. പക്ഷേ മുഖ്യമന്ത്രിക്ക് അതിനൊന്നും ഇതുവരെ നേരം കിട്ടിയിട്ടില്ലെന്നാണ് തോന്നുന്നത്. 

മന്ത്രിസഭയിലെ ഏറ്റവും ശക്തനാരെന്നും നാട്ടുകാര്‍ക്ക് ഇതോടെ പിടികിട്ടിത്തുടങ്ങിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ഇരട്ടച്ചങ്കൊക്കെ ഓട്ടച്ചങ്കാവാനാണ് സാധ്യത.