പഞ്ചറാകാതെ ഓടിയെത്താൻ

അപ്പോ തുടങ്ങാം. ജനരക്ഷായാത്രകൊണ്ട് രക്ഷയില്ലാതാവുകയും ജനജാഗ്രതായാത്രകൊണ്ട് ജാഗ്രതയെക്കുറിച്ച് തന്നെ സംശയത്തിലാവുകയും ചെയ്ത ഒരു ജനതയെ പടപ്പുറപ്പാടിന് തയ്യാറാക്കുക എന്ന വെല്ലുവിളി ശിരസാവഹിച്ച് രമേശ് ചെന്നിത്തല അങ്ങ് കാസര്‍കോട് നിന്ന് പുറപ്പെട്ടിട്ടുണ്ട്. സംഗതി എന്താവുമെന്ന് കണ്ടുതന്നെ അറിയണം. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്നതുകൊണ്ടും രമേശ് ചെന്നിത്തല നയിക്കുന്നതുകൊണ്ടും ആര് ആര്‍ക്കെതിരെയാണ് പടപ്പുറപ്പാട് നടത്തുന്നതെന്ന് നാട്ടുകാര്‍ക്ക് ഏകദേശ ധാരണയൊക്കെ ഇതിനകം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ആരും ഞെട്ടണ്ട. കണ്ടോണ്ടിരുന്നാ മതി. 

യാത്രനടത്തി സ്വയരക്ഷ ഉറപ്പുവരുത്താന്‍ ബിജെപി കേന്ദ്രത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരെ ആളെയിറക്കിയതാണിപ്പോഴത്തെ ട്രെന്‍ഡ്. സിപിഎം പിന്നെ അതൊരു നടക്കാത്ത മോഹമായതുകൊണ്ട് അതേക്കുറിച്ച് ചിന്തിച്ചതേയില്ല. ലോക്കല്‍ നടന്‍മാരായിരുന്നു എല്ലായിടത്തും. അവര്‍ എങ്ങനെ ഏതൊക്കെ നേരത്ത് ജാഗ്രത കാട്ടണമെന്ന് ഉദാഹരണസഹിതമാണ് നാട്ടുകാരെ പഠിപ്പിച്ചത്. ഇനിയപ്പോ കോണ്‍ഗ്രസിനാണെങ്കില്‍ ദേശീയ നടന്‍മാരുടെ കാര്യത്തില്‍ ദാരിദ്ര്യമൊന്നുമില്ലല്ലോ. മാത്രവുമല്ല അവരൊക്കെ വലിയ പണിയൊന്നും ഇല്ലാതെ കുത്തിയിരിപ്പുമാണ്. എങ്കില്‍ പിന്നെ അവര്‍ക്കും ഇരിക്കട്ടെ ഒരു പണി. 

രണ്ടുയാത്രകള്‍ അതായത് ജനരക്ഷാ യാത്രയും ജാഗ്രതായാത്രയും പേരുകൊണ്ടും നടപ്പുകൊണ്ടും വിപരീത ഫലം സൃഷ്ടിച്ച ഇടത്താണ് ചെന്നത്തല പടയൊരുക്കം എന്നൊരു പേരും ഇട്ട് ഇറങ്ങിപ്പുറപ്പെട്ടത്. ഇതിനെ യാത്ര എന്നുവിളിക്കാമോ, കാരണം പടയൊരുക്കം എന്നാല്‍ പടയ്ക്ക് അതായത് യുദ്ധത്തിനുള്ള വിഭവങ്ങള്‍ സമാഹരിക്കുന്ന ഒരു പരിപാടിയാണ്. പടത്തലവന്‍ ചെന്നിത്തലയാണെന്ന് മനസിലായി. പക്ഷേ എതിര്‍ചേരിയില്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകളെ ഒക്കെയാണ് പുറത്തു പറയുന്നതെങ്കില്‍ മനസില്‍ അത് തീര്‍ത്തും ഒരു ആഭ്യന്തര യുദ്ധമാകാനാണ് സാധ്യത. 

സ്വന്തം പേരില്‍ ഗ്രൂപ്പൊക്കെ ഉള്ള നേതാവാണെങ്കിലും സ്വന്തം നിലയ്ക്ക് ഇപ്പോ ഗ്രൂപ്പില്ലാത്ത എ.കെ.ആന്‍റണിയെക്കൊണ്ടാണ് പടയൊരുക്കത്തിന്‍റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു യാത്ര തുടങ്ങിയതുകൊണ്ട് വി.എസ്. അച്യുതാനന്ദന് വരെ ആവേശം കയറിയിട്ടുണ്ട്. അടുത്തകാലത്തൊന്നും ഇല്ലാത്ത ഒരു രസവും അദ്ദേഹത്തിനുണ്ട്.