കാലികവിഷയം പശ്ചാത്തലമാക്കിയ കെയര്‍ഫുള്‍ സിനിമയുടെ പ്രത്യേകപ്രദര്‍ശനം കൊച്ചിയില്‍ നടന്നു. പരീക്ഷണങ്ങളോട് മുഖംതിരിക്കുന്ന പ്രേക്ഷകസമീപനത്തില്‍ നിരാശയുണ്ടെന്ന് സംവിധായകന് വി.കെ.പ്രകാശ് പറഞ്ഞു. റോഡുകളില്‍ അശ്രദ്ധരായ മലയാളികള്‍ക്കുള്ള മുന്നറിയിപ്പാണ് സിനിമയെന്ന് സംവിധായകന് മേജര്‍ രവിയും നടി അഞ്ജലി നായരും അഭിപ്രായപ്പെട്ടു.
സൈജു കുറുപ്പിന്റെയും വിജയ് ബാബുവിന്റെയും മികച്ച പ്രകടനം. ജോമോളുടെ തിരിച്ചുവരവ്. വാര്‍ത്തകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രമേയം. വി കെ പ്രകാശ് സംവിധാനം ചെയ്ത കെയര്ഫുളിന് എടുത്തുപറയാന്‍ ഘടകങ്ങളേറെ. റോഡുകളില്‍ ചെറിയൊരു അശ്രദ്ധയുണ്ടാക്കുന്ന വലിയ ദുരന്തങ്ങളെകുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് സിനിമ. ചെറിയ ബഡ്ജറ്റില്‍ മികവോടെ ഒരുക്കിയ ചിത്രം.
സിനിമ കണ്ടിറങ്ങിയ പ്രമുഖര്‍ അഭിപ്രായം മറച്ചുവച്ചില്ല. പക്ഷെ, തിയറ്ററില്‍നിന്ന് ലഭിക്കുന്ന വാര്‍ത്തകളില്‍ നിരാശനാണ് സംവിധായകന് വി.കെ.പ്രകാശ് പറഞ്ഞു. വലിയ ബഡജറ്റ് സിനിമകളോട് മാത്രം പ്രേക്ഷകര്‍ക്ക് പ്രതിപത്തി വര്‍ദ്ധിക്കുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കും. പരീക്ഷണങ്ങളോട് അനുകൂലസമീപനങ്ങളുണ്ടായാലേ സിനിമയില്‍ മാറ്റം ഉണ്ടാവുകയുള്ളൂവെന്നും വി.കെ.പ്രകാശ് ചൂണ്ടിക്കാട്ടി. സിനിമയുടെ വിശേഷങ്ങളുമായി സൈജു കുറുപ്പാണ് ഇന്ന് പുലര്‍വേളയില്‍ അതിഥിയായി എത്തുന്നത്.