മലയാള സിനിമയെ പുതിയൊരുഘട്ടത്തിലേക്ക് നയിച്ച് ടേക്ക് ഓഫ് പ്രേക്ഷകര്‍ക്ക് മുന്നില്‍. ഇന്നലെ റിലീസായ ചിത്രത്തിന് തിയറ്ററുകളില്‍ വന്വരവേല്പാണ് ലഭിച്ചത്. മലയാള സിനിമ മുമ്പ് കാണാത്ത പ്രമേയപരിസരങ്ങളിലൂടെയാണ് ടേക്ക് ഓഫ് സഞ്ചരിക്കുന്നത്. മഹേഷ് നാരായണന്റെ സംവിധായകനായുള്ള അരങ്ങേറ്റം ഉജ്വലമായി. പാര്‍വതി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ എന്നിവരുടെ അഭിനയമികവുകൊണ്ടും ശ്രദ്ധേയമാകുന്ന സിനിമ അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയ്ക്കുള്ള സമര്‍പ്പണമാണ്. ആന്റോ ജോസഫ് ഫിലം കമ്പനിയാണ് ടേക്ക് ഓഫ് നിര്‍മിച്ചത്.
തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ എഡിറ്റര്‍. മലയാള സിനിമയ്ക്ക മാറ്റംകുറിച്ച ട്രാഫികിന്റെ എഡിറ്റിങ് മികവിന് പിന്നില്‍ മഹേഷുണ്ടായിരുന്നു. പോക്കിരിരാജ പോലെ പക്കാ കമേഴ്സ്യലായ സിനിമകളുടേയും എഡിറ്റിങ് നിര്‍വഹിച്ചിട്ടുള്ള മഹേഷാണ് എന്ന് നിന്റെ മൊയ്തീന് പോലുള്ള സിനിമകളും ചെയ്തത്. കമല്‍ഹാസന്റെ വിശ്വരൂപം തെന്നിന്ത്യയിലും ശ്രദ്ധേയനാക്കി. രാജേഷ് പിള്ളയുടെ മിലി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മഹേഷായിരുന്നു. ആ ചുവടുമാറ്റത്തിന്റെ തുടര്‍ച്ചയാണ് ടേക്ക് ഓഫ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവര്‍ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. രാജേഷ് പിള്ളയുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യമാണ് സിനിമയ്ക്ക് പിന്നില്‍. നഴ്സുമാരുടെ ജീവിതം ഇത്ര ആഴത്തില്‍ സിനിമയിലേക്ക് വരുന്നതും ഇതാദ്യമാണ്.