ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കാത്തിരിപ്പാണ് ഓരോ മണ്ഡലകാലവും. പക്ഷേ ഇത്തവണ ശബരിമലയിലെ കണക്കുകൾ ചില ഗൗരവകരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. ഓൺലൈൻ ബുക്കിങ് ദിവസങ്ങൾക്കു മുമ്പേ പൂർത്തിയായി. എന്നാൽ ബുക്ക് ചെയ്തവരിൽ വലിയൊരു വിഭാഗം സന്നിധാനത്ത് എത്തുന്നുമില്ല. എവിടെയാണ് പിഴവ്? ബുക്കിങ് സംവിധാനത്തിലോ, അത് നടപ്പാക്കുന്ന രീതിയിലോ?
കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നുവെന്ന ആരോപണങ്ങൾ ശരിയാണോ? സ്പോട്ട് ബുക്കിങ്ങിലെ നിയന്ത്രണങ്ങൾ സാധാരണ ഭക്തർക്ക് തിരിച്ചടിയായോ? തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ തന്നെ തീർഥാടനത്തിന് തടസ്സമാകുന്ന സാഹചര്യമാണോ? ശബരിമലയിൽ തിരക്ക് നിയന്ത്രിക്കണം. സുരക്ഷ ഉറപ്പാക്കണം. അതേസമയം ദർശനത്തിന് എത്തുന്ന ഒരു ഭക്തനും ബുദ്ധിമുട്ട് അനുഭവിക്കാനും പാടില്ല. ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിൽ ദേവസ്വം സംവിധാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ?