TOPICS COVERED

യുഡിഎഫിന്റെ പുതിയ ടീം കളത്തിലിറങ്ങുമ്പോ എന്തൊരാവേശമായിരുന്നു. അര്‍ജന്റീന ടീം കളിക്കാനിറങ്ങുമ്പോഴുള്ള ഒരു റിസള്‍ട്ടാണ് നമ്മളൊക്കെ പ്രതീക്ഷിച്ചത്. ആഭ്യന്തരമന്ത്രി അര്‍ജന്റീന ഫാന്‍, കായികമന്ത്രി അര്‍ജന്റീന ഫാന്‍. ഇതിലപ്പുറം ഇനിയെന്തുവേണം. മെസ്സിയെ ഇപ്പം കൊണ്ടുംവരും ഇപ്പം കൊണ്ടുവരും എന്നുപറഞ്ഞ് പറ്റിച്ചവരെയൊക്കെ മാര്‍ക്ക് ചെയ്ത് പൂട്ടും എന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചത്. കായികവകുപ്പ് റിപ്പോര്‍ട്ട് കൊടുക്കുന്നു, ആഭ്യന്തര വകുപ്പ് വമ്പന്‍ എസ്ഐടി രൂപീകരിക്കുന്നു, നേരം പരാപരാ വെളുക്കും മുന്‍പേ റെയ്ഡായി കേസായി. എന്നിട്ടോ കഴിഞ്ഞ ലോകകപ്പിലെ അര്‍ജന്റീനയുടെ സ്ഥിതിയായി. ഹൈപ്പിനൊത്ത് ഗപ്പ് കിട്ടിയില്ല. കൊട്ടിഘോഷിച്ച് അന്വേഷണം തുടങ്ങിയിട്ട് ഇപ്പോ ആളില്ലാത്തെ മൈതാനം പോലെയായി. കായികമന്ത്രി മിണ്ടുന്നില്ല, ആദ്യത്തെ ആവേശം കണ്ടപ്പോ നാലഞ്ചുഗോള്‍ ഒരുമിച്ചുവീഴുമെന്ന് കരുതിയ ഫാന്‍സിന് വീണ്ടും നിരാശ. ഫോം ഔട്ടായ അന്വേഷണം കണ്ട് ഒത്തുകളിയാണോ എന്ന് സംശയിച്ചാല്‍ എങ്ങനെ തെറ്റുപറയാനൊക്കും. എന്തായാലും  ഗോളടിക്കുമ്പോ കയ്യടിക്കാന്‍ കാത്തിരുന്നവരൊക്കെ ഈ കളിയാണെങ്കില്‍ ഗാലറി വിടും എന്നോര്‍ത്താല്‍ കൊള്ളാം. അപ്പോ പ്രിയപ്പെട്ട, യഥാര്‍ഥ അര്‍ജന്റീന ആരാധകരേ, നിങ്ങളോട് നീതികാട്ടാന്‍ ആരുമില്ലെന്നോര്‍ക്കുമ്പോ ഉള്ളില്‍ സങ്കടമുണ്ട്. അതൊക്കെ പോട്ടെ നമ്മുടെ ചോദ്യമിതാണ്. മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ അന്വേഷണം വഴിമുട്ടിയോ?.