തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട സിപിഎമ്മിന് അല്പമെങ്കിലും ആശ്വാസമായത് പാലക്കാടാണ്. വലിയ നഷ്ടമുണ്ടാകാത്ത ജില്ലയിലെ പാര്‍ട്ടി സെക്രട്ടറിയെ മാറ്റിയതിന്റെ കാരണം വിശദീകരിക്കാനാതെ കുഴയുകയാണ് പാര്‍ട്ടി നേതൃത്വം. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് പാര്‍ട്ടി അംഗമായ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയുടെ പേരിലാണ് പുറത്താക്കല്‍. അങ്ങനല്ലെന്ന് പറയാന്‍ ഒരു നേതാവ് പോലും തയാറാകുന്നുമില്ല. തിരുത്തലിനു തയാറായ സിപിഎമ്മില്‍ നിന്ന് വീണ്ടും നേതാക്കള്‍ക്ക് എതിരായ പെണ്‍വിലാപങ്ങള്‍ ഉയരുകയാണോ? അധികാരത്തിലിരുന്ന പാര്‍ട്ടി ഇത്തരം പരാതികള്‍ സ്വന്തം കോടതിയില്‍ ഒതുക്കിത്തീര്‍ത്ത ചരിത്രം ഒന്നിലേറെയുണ്ട്. അധികാരത്തിന്റെ പുറത്തേക്ക് പോയി ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരികെ വരാന്‍ ഇറങ്ങിതിരിച്ച പാര്‍ട്ടി ഇങ്ങനെയാണോ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്? പാലക്കാടു നിന്ന് കേട്ട ആക്ഷേപങ്ങള്‍ ഒരു വ്യക്തിയെ ചൂണ്ടിയുളളതിനപ്പുറം ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതക്ക് നേരെയുള്ള ചോദ്യങ്ങള്‍ കൂടിയല്ലേ? ആ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടിനപ്പുറത്ത് ഈ നാട്ടില്‍ ഒരു നിയമ സംവിധാനമില്ലേ? ഇരകള്‍ക്ക് നീതി കിട്ടാന്‍ അവകാശമില്ലേ? രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതി ഡിജിപിക്ക് കൈമാറി സണ്ണിജോസഫ് കാട്ടിയ മര്യാദ, സുരേഷ് ബാബുവിന്റെ കാര്യത്തില്‍ എം.വി. ഗോവിന്ദന് കാട്ടുമോ? ചോദ്യമിതാണ്, ഇ.എന്‍.സുരേഷ് ബാബുവിന് എതിരായ പരാതിയില്‍ പാര്‍ട്ടി കോടതി മതിയോ?’