12 ദിവസത്തെ ഇരുള്‍ നിറഞ്ഞ രാത്രി ജീവിതത്തിന് ഇപ്പുറം, ഇന്നലെ വെട്ടത്തിരുന്നപ്പോള്‍ തോന്നിയ ആശ്വാസം ആശങ്കയ്ക്ക് വഴിമാറുകയാണോ? 'മണിയല്ല നിലവില്‍ പവറാണ്' പ്രധാനമെന്ന് പറയുന്നത് വൈദ്യുതി മന്ത്രി സണ്ണി ജോസഫാണ്. 'പണം പോയി പവര്‍ വരട്ടെ' എന്ന് മന്ത്രി പറയുമ്പോള്‍, പവര്‍ വരുമ്പോള്‍ ഉണ്ടാകുന്ന പണ നഷ്ടം ആര് നികത്തുമെന്ന ചോദ്യമാണ് ഉയരുന്നത് ? 10 രൂപയ്ക്ക് വാങ്ങിയിരുന്ന വൈദ്യുതിയാണ് നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് യൂണിറ്റിന് 30 രൂപ നിരക്കില്‍ വാങ്ങാന്‍ പോകുന്നത്. ഇതിലൂടെ ഉണ്ടാകുന്നതോ, വന്‍ സാമ്പത്തിക ബാധ്യതയും. ഇതിനിടയിലാണ്, വിലകൂട്ടി വൈദ്യുതി വാങ്ങുന്നതിന്റെ  സാമ്പത്തിക ഞെരുക്കം പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നു കൂടി മന്ത്രി പറഞ്ഞു വയ്ക്കുന്നത്. അതായത്,  മൂന്നിരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധിക ചെലവ്  കറങ്ങി തിരിഞ്ഞ് എന്തായാലും നമ്മുടെ കറന്റ് ബില്ലില്‍ പ്രതിഫലിക്കുമെന്ന് മന്ത്രി തന്നെ പറയാതെ പറയുന്നു. അപ്പോള്‍ രാത്രിയില്‍ ഇരുട്ടത്ത് ഇരിക്കുന്നതിന് പകരം, പവര്‍ വരാന്‍, പണം മുടക്കാന്‍ ജനം തയാറാകണോ? തയാറാകുമോ?