തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഒരു രാഷ്ട്രീയപാര്‍ട്ടി സ്വയം തിരുത്തുകയാണോ വേണ്ടത്, അതോ പാര്‍ട്ടിക്കെതിരെ വിധിയെഴുതിയെ ജനം തിരുത്തണമെന്ന് പറയുകയാണോ വേണ്ടത്? പിണറായി വിജയന്‍ പറയുന്നത് പാര്‍ട്ടിക്കല്ല, വോട്ടര്‍മാര്‍ക്കാണ് തെറ്റുപറ്റിയത് എന്നാണ്. അതിന്റെ പശ്ചാത്താപം ജനങ്ങള്‍ക്കുണ്ടെന്നും അവര്‍ തിരുത്താന്‍ തയ്യാറാവണമെന്നുമാണ് പിണറായി ലൈന്‍. ഭരണവിരുദ്ധവികാരം മുതല്‍ അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, നേതാക്കളും ജനങ്ങളും തമ്മിലുള്ള അകലം, പാര്‍ട്ടിക്ക് സര്‍ക്കാരിനുമേല്‍ നിയന്ത്രണം നഷ്ടമായത്, പ്രചാരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചത് തുടങ്ങി ഒരുപിടി കാരണങ്ങള്‍ നിരത്തിയുള്ള സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് അതൊന്നുമല്ല പ്രശ്നം ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് പ്രശ്നമെന്ന് പിണറായി പറയുന്നത്. സിപിഎമ്മിന് വോട്ടുചെയ്യുമ്പോള്‍ മാത്രം പ്രബുദ്ധരും അല്ലാത്തപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവരുമാണോ വോട്ടര്‍മാര്‍. വരാനിരിക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ സ്വന്തം അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കമാണോ നടക്കുന്നത്? അണികളെ പഴിചാരി തലയൂരാന്‍ പിണറായി ഉള്‍പ്പെടെയുള്ള സിപിഎം നേതൃത്വത്തിന് സാധിക്കുമോ? തിരുത്തേണ്ടത് ജനങ്ങളോ പാര്‍ട്ടിയോ?