പൂരം കഴിഞ്ഞാല്‍ തൃശൂരുകാര്‍ അഭിമാനത്തോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കലാരൂപമായ പുലിക്കളി ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നു. നാലാം ഓണനാളിലാണ് ശക്തന്‍റെ തട്ടകത്തെ ഇളക്കിമറിച്ച് നൂറുകണക്കിന് പുലികള്‍ ഇറങ്ങുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നായി പതിനായിരങ്ങളാണ് ഈ ആഘോഷക്കാഴ്ച കാണാനെത്താറുള്ളത്. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ പുലിക്കളിയെക്കുറിച്ചും, പുലിവേഷമിടുന്ന കലാകാരന്‍മാരെക്കുറിച്ചും സമൂഹമാധ്യമത്തില്‍ കുറിച്ച അഭിപ്രായമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരു കലാരൂപത്തോട് ഇഷ്ടമുള്ളവരും അനിഷ്ടമുള്ളവരും ഉണ്ടാകാം. പക്ഷെ, അനിഷ്ടം പ്രകടിപ്പിക്കുന്ന വാക്കുകള്‍ പ്രധാനമാണ്. പ്രത്യേകിച്ചും പതിറ്റാണ്ടുകളായി നാടിന്‍റെ ആഘോഷ സംസ്കാരത്തിന്‍റെ ഭാഗമായ ഒന്നിനെ വിമര്‍ശിക്കുമ്പോള്‍. പുരുഷന്മാരുടെ മാറും വയറും വളരുന്നത് വൈകൃതമാണെന്നും ആ ശരീരഘടനയെ ഉപയോഗിച്ചുള്ള കലാരൂപം ആഭാസമാണെന്നൊക്കെയാണ് ശ്രീരാമന്‍റെ നിലപാട്. സ്വാഭാവികമായും പുലിക്കളി സംഘങ്ങളെയും ആസ്വാദകരെയും ഇത് വേദനിപ്പിച്ചു. അവര്‍ പ്രതിഷേധവുമായെത്തി. കലാരൂപത്തെ വിമര്‍ശിക്കുന്നതല്ല, കലാകാരന്മാരെ ആക്ഷേപിക്കുന്നതാണ് ശ്രീരാമന്‍റെ പ്രതികരണമെന്നാണ് ആരോപണം ഉയരുന്നത്. കല ഇഷ്ടമല്ല എന്ന് പറയുന്നതും കലാകാരന്‍റെ ശരീരത്തെ വൈകൃതമെന്ന് വിളിക്കുന്നതും ഒന്നാണോ? ശ്രീരാമനെതിരെ ഒരുവശത്ത് അതിരൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍ ചില കോണുകളില്‍നിന്ന് അനുകൂലമായ അഭിപ്രായങ്ങളും വരുന്നുണ്ട്. തന്‍റെ അഭിപ്രായത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് വി.കെ. ശ്രീരാമന്‍റെ നിലപാട്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.