മെസി വരും, വരാതിരിക്കില്ല എന്ന് കരുതി നമ്മളെയൊക്കെ ആശിപ്പിച്ചത് മറക്കാം. സ്പോണ്‍സര്‍ക്കൊപ്പം ചേര്‍ന്ന് നമ്മളെയൊക്കെ അസലായിട്ടങ്ങ് പറ്റിച്ചതും പോട്ടെന്ന് വയ്ക്കാം. പക്ഷേ നമ്മുടെ കായികതാരങ്ങള്‍ക്ക് മറക്കാന്‍ പറ്റാത്ത പലതും ചെയ്തുവച്ചിട്ടാണ് പഴയമന്ത്രി അബ്ദുറഹ്മാന്‍ കായികവകുപ്പൊഴിഞ്ഞത്.
സ്കൂള്‍തലം മുതലുള്ള കായികതാരങ്ങളോട് ചോദിച്ചാല്‍ എണ്ണിയെണ്ണി പറയും സ്കൂള്‍ മീറ്റ് മുതല്‍ കാട്ടിയ അവഗണനകളുടെ ചരിത്രം. സംസ്ഥാന സ്കൂള്‍ മീറ്റുകളുടെ പ്രഭ മങ്ങി. കത്തിനിന്നിരുന്ന പല സ്കൂളുകളും കായികം കൈവിട്ടു. സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ക്ക് ഫണ്ട് കൊടുത്തില്ല. അവരുടെ നിലവാരം കുത്തനെ താഴോട്ടുപോയി. ഒരുനിവൃത്തിയുമില്ലാത്ത കുട്ടികള്‍, സ്പോര്‍ടിസിനോടുള്ള ആഗ്രഹം കൊണ്ടുമാത്രം നില്‍ക്കുന്നയിടമാണെന്നോര്‍ക്കണം. ദേശീയ മീറ്റില്‍ അത്ലറ്റിക്സില്‍ രണ്ടും മൂന്നും സ്ഥാനത്തായിരുന്ന കേരളം തെറിച്ചു. ദേശീയ, രാജ്യാന്തര മീറ്റുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് കൊടുക്കേണ്ടിരുന്ന സമ്മാനത്തുക കൊടുത്തില്ല.
ജോലി നല്‍കിയെന്ന് പറഞ്ഞു പറ്റിച്ച കായികതാരങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരവും അവരുടെ കണ്ണീരും അബ്ദു റഹ്മാന്‍ മറന്നാലും നമ്മളാരും മറക്കില്ല. ഒരൊറ്റ മലയാളി വനിത പോലും ഒളിംപിക്സ് യോഗ്യതാ റൗണ്ട് കടന്നില്ല. ചുരുക്കത്തില്‍ നമ്മുടെ കായികമേഖല ഇത്രയും അവഗണിക്കപ്പെട്ട കാലം വേറെയില്ല. ഫുട്ബോളായിരുന്നത്രേ പുള്ളിക്ക് ഹരം. എന്നിട്ട് അതെന്തായി. ഐഎസ്എല്‍ നടക്കണമെങ്കില്‍ പൈസ തരണമെന്ന് പൊട്ടിനില്‍ക്കുന്ന ബ്ലാസ്റ്റേസിനോട് GCDA പറഞ്ഞപ്പോ മിണ്ടാതിരുന്ന ടീമാണ്. ടീം ഉടമയെ ജിസിഡിഎ സ്റ്റേഡിയത്തില്‍ നിന്ന് ഇറക്കിവിട്ടപ്പോഴും കമന്നൊരക്ഷരം മിണ്ടിയിട്ടില്ല, ഈ ഫുട്ബോള്‍ സ്നേഹിയാണ് മെസിയെ കൊണ്ടുവരാന്‍ പോയത്.
സത്യത്തില്‍ മെസ്സി വിവാദം വന്നപ്പോഴാണ് ഇങ്ങനെയൊരു മന്ത്രി ആ വകുപ്പിനുണ്ടെന്ന് നമ്മളറിഞ്ഞത്. ഇതൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാകും ഇത്തവണ തിരൂരുകാര്‍ മുന്നും പിന്നും നോക്കാതെ ചുവപ്പുകാര്‍ഡ് കാണിച്ചതും. പ്രതിഭയുണ്ടായിട്ടും പാഴായിപ്പോയ നമ്മുടെ പലകായികതാരങ്ങളുടെയും കരിയറോര്‍ക്കുമ്പോ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മോശമായിപ്പോകും.