പിഎം ശ്രീയില്‍ യുഡിഎഫും എല്‍ഡിഎഫും  ഒരുപോലെ പ്രതികൂട്ടില്‍ നില്‍ക്കുകയാണോ? പദ്ധതിയില്‍ ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അന്നും ഇന്നും അതിന്‍റെ പേരില്‍ അവരെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് യുഡിഎഫ്. മാത്രമല്ല, ഇനി പദ്ധതിയില്‍നിന്ന് പിന്മാറാനാവില്ല എന്നതാണ് സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വാദം തള്ളുകയാണ്. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പിഎം ശ്രീ പ്രകാരമുള്ള ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കിയിരിക്കുന്നു. രാജ്യസഭയില്‍ പി.വി.അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനാണ് യു.ഡി.എഫ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന മറുപടി. പിന്‍മാറാനാകില്ലെന്ന് കള്ളം പറഞ്ഞതിന് സർക്കാർ ജനങ്ങളോട് മാപ്പുപറയണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിരിക്കുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷി പോലും അറിയാതെ പി.എം.ശ്രീയില്‍ ഒപ്പിട്ടവരാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്ന് തിരിച്ചടിച്ചിരിക്കുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പി.എം.ശ്രീയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് യുഡിഎഫ് പച്ചക്കൊടി കാണിച്ചെന്ന മുന്നണി കണ്‍വീനറുടെ വാക്കുകളില്‍ അതൃപ്തിയും അമര്‍ഷവും പ്രകടിപ്പിക്കുകയാണ് മുസ്‍ലിം ലീഗ്. പിഎം ശ്രീയിലെ നിലപാടിന്‍റെ പേരില്‍ മുന്നണികള്‍ പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ നഷ്ടപ്പെടുന്നത് രാഷ്ട്രീയ വിശ്വാസ്യതയാണോ, കേരളത്തിന്‍റെ വിദ്യാഭ്യാസ താല്പര്യമാണോ? കേന്ദ്രം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനിയെന്തായിരിക്കും സംസ്ഥാനത്തിന്‍റെ തീരുമാനം? പിഎം ശ്രീയില്‍ മുന്നോട്ടോ, പിന്നോട്ടോ?